ആലപ്പുഴ: മഞ്ഞും തണുപ്പും ചൂടും കലശലായതോടെ ജില്ലയിൽ വൈറൽപനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചു. കോവിഡിനെതിരെ മാത്രമല്ല ഇൻഫ്ലുവൻസക്കെതിരെയും ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
കോവിഡ് കേസുകൾ കുറഞ്ഞ് വരുകയാണെങ്കിലും ഇൻഫ്ലുവൻസ ബാധിതർ കൂടുന്നുണ്ട്. കോവിഡിന്റെയും ഇൻഫ്ലുവൻസയുടെയും രോഗലക്ഷണങ്ങൾ ഏതാണ്ട് സമാനമായതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് രണ്ട് രോഗങ്ങളിലും പ്രധാന ലക്ഷണങ്ങൾ.
ലക്ഷണങ്ങൾ സമാനമായതിനാൽ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കോവിഡ് ആണെന്ന് സംശയം തോന്നുന്നവർക്കാണ് പരിശോധന നടത്തുന്നത്. പനി വ്യാപകമായതോടെ പലരും സ്വയം ചികിത്സക്ക് മുതിരുന്നത് സ്ഥിതി വഷളാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
നിലവിലെ വൈറൽ പനി ബാധിതർക്ക് ചുമയാണ് പ്രധാന വില്ലൻ. തണുപ്പ് കൂടുന്ന രാത്രികളിൽ ചുമ കലശലാകും. ഇത് ശക്തമായ തൊണ്ടവേദനക്കും കാരണമാകും. കുട്ടികളും മുതിർന്നവരും ഒരുപോലെ പനിക്കിടക്കയിലാകുന്നു. തൊണ്ടവേദന, തലവേദന, മൂക്കടപ്പ്, ക്ഷീണം എന്നീ ലക്ഷണങ്ങളോടെയാണ് വൈറൽ പനി.
കോവിഡിനെ മാത്രമല്ല, വൈറൽ പനിയെയും തുരത്താൻ മാസ്ക് സഹായിക്കും. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുകയാണ്. മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവർ പോലും ആൾക്കൂട്ടത്തിൽനിന്ന് പനി ബാധിച്ച് മടങ്ങുന്ന അവസ്ഥയുണ്ട്. പനി ബാധിതർ കൊതുക് കടിയേൽക്കാതിരിക്കാനും തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കണം. മഞ്ഞ് തുടങ്ങിയത് മുതൽ പനിബാധിതരുടെ എണ്ണം കൂടുന്നുണ്ട്. സ്വയം ചികിത്സക്ക് മുതിരരുത്. കൃത്യമായ ചികിത്സയും വിശ്രമവുമാണ് ആവശ്യം. മാസ്ക് ഉപേക്ഷിക്കാതിരിക്കുന്നത് ഏതൊരു രോഗത്തിനും നല്ലതാണ്. വ്യത്യസ്ത പനികൾ പടരാതിരിക്കാനും അലർജി ഒഴിവാക്കാനും മാസ്ക് ഉപയോഗിക്കണം.
മറ്റ് രോഗലക്ഷണങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.