കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികൾ ശക്തമാക്കുന്നു. കോവിഡ് ബൂസ്റ്റർ ഡോസ് വിതരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍. ഒമിക്രോണ്‍ വകഭേദത്തില്‍ ഉള്‍പ്പെട്ട എക്സ്.ബി.ബി-1.5 എന്ന ഉപവകഭേദം ബുധനാഴ്ച രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, ഇതിൽ ആശങ്കപ്പെടാനില്ലെന്നും രാജ്യത്തെ ആരോഗ്യരംഗം സുസ്ഥിരമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതി പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബൂസ്റ്റർ ഡോസിന്റെ വിതരണം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.
പ്രായമായവർ, വിട്ടുമാറാത്ത രോഗികൾ തുടങ്ങിയ ഉയർന്ന അപകടസാധ്യത വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകുക. അതോടൊപ്പം ആരോഗ്യ പ്രവർത്തകർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കും വാക്സിൻ വിതരണം ചെയ്യും. കാലം കഴിയുന്തോറും വൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിക്കുന്നതിനാൽ പേടിക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എന്നാൽ, പനി, ഗുരുതര ശ്വാസപ്രശ്നങ്ങള്‍ എന്നിവയുള്ള രോഗികള്‍ ശ്രദ്ധിക്കണം.
സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നിവയില്‍ ശ്രദ്ധചെലുത്തുന്നത് നല്ലതാണ്. പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പകര്‍ച്ചപ്പനിക്കെതിരായ സീസണല്‍ ഡോസും കോവിഡ് ബൂസ്റ്റര്‍ ഡോസും എടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.