തേഞ്ഞിപ്പലം: ആന്റിബയോട്ടിക് അമിത ഉപയോഗം അപസ്മാരസാധ്യത ഉണ്ടാക്കാനും അവയുടെ തീവ്രത വര്‍ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് പഠനം. കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര പഠനവകുപ്പിലെ അസി. പ്രഫസര്‍ ഡോ. ബിനു രാമചന്ദ്രനുകീഴില് ഗവേഷണം നടത്തുന്ന ധനുഷ ശിവരാജന്റെ പഠനത്തിലാണ് കണ്ടെത്തല്‍. ഗവേഷണ പഠനം എക്സ്പിരിമെന്റല്‍ ബ്രെയിന്‍ റിസര്‍ച് എന്ന പ്രമുഖ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.
ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതവും അമിതവുമായ ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. സര്വകലാശാാല പഠനവകുപ്പിലെ സീബ്ര മത്സ്യങ്ങളിലായിരുന്നു പഠനം. പെന്സിലിന് ജി, സിപ്രഫ്ലോക്സാസിന് തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ മത്സ്യങ്ങളില്‍ പ്രയോഗിച്ചായിരുന്നു പരീക്ഷണം.
മനുഷ്യനുമായി 80 ശതമാനം വരെ ജനിതക സാമ്യമുള്ളവയാണ് സീബ്ര മത്സ്യങ്ങള്‍. അണുബാധക്കെതിരെ ഉപയോഗിക്കുന്ന പലതരം ആന്റിബയോട്ടിക്കുകളും കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നവയാണ്. മരുന്ന് നല്കിയ മത്സ്യങ്ങളുടെയും അല്ലാത്തവയുടെയും ചലനങ്ങള്‍ സോഫ്റ്റ്വെയര് സഹായത്തോടെ രേഖപ്പെടുത്തിയാണ് താരതമ്യം ചെയ്തത്.
കാലാവസ്ഥമാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന അസുഖങ്ങള്‍ക്ക് സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങിക്കുന്ന മരുന്നുകള്‍ കൃത്യമായ കാലാവധിയോ അളവോ നോക്കാതെ ഉപയോഗിക്കുന്ന പ്രവണത കാരണം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന തരം രോഗാണുക്കളെ സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.