തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി ആരോഗ്യവകുപ്പ്. നവംബർ 24 വരെയാണ് വാരാചരണം നടക്കുക. ഈവർഷത്തോടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ.
മെഡിക്കല്‍ സ്റ്റോറുകളില്‍ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ ലഭിക്കില്ലെന്ന് പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കണമെന്നതാണ് പ്രധാന നിർദേശം. വാരാചരണത്തിന്റെ ഭാഗമായി ജില്ല, ബ്ലോക്ക്, തദ്ദേശസ്ഥാപന തലങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗം മൂലം ഇവയെ ഫലശൂന്യമാക്കുംവിധമുള്ള ബാക്ടീരിയകളുടെ ആർജിത പ്രതിരോധ ശേഷിയെയാണ് ‘ആന്റിബയോട്ടിക് പ്രതിരോധം’ എന്ന് വിശേഷിപ്പിക്കുന്നത്. രാജ്യത്ത് ആദ്യമായി ആന്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനമാണ് കേരളം.
പ്രതിരോധശേഷി നേടുന്ന ബാക്ടീരിയകളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ രോഗകാരികളായ വിവിധ ബാക്ടീരിയകൾ ഏതൊക്കെ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുമെന്നും ഏതിനോടെല്ലാം കീഴ്പ്പെടുമെന്നതടക്കം വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള വിവരശേഖരമാണ് ആന്റിബായോഗ്രാം. ഈ അടിസ്ഥാനവിവരങ്ങൾ ചികിത്സയെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും കൃത്യമായ മരുന്ന് നിഷ്കർഷിക്കാൻ ഡോക്ടർമാരെ സഹായിക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.