പാലക്കാട്: ജില്ല ആശുപത്രിലെത്തിക്കഴിഞ്ഞാൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പിടിപ്പതുപണിയാണ്. ഒന്നിനുപുറകെ ഒന്നൊന്നായി എത്തുന്ന അധികൃതരുടെ ആവശ്യങ്ങൾക്കായി നെട്ടോട്ടമോടുകയാണ് ഇവർ. പ്രതിദിനമെത്തുന്ന ആയിരത്തോളം രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അവസ്ഥയാണിത്. ആശുപത്രിയിൽ മൾട്ടി സ്പെഷാലിറ്റി ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മറ്റ് സാങ്കേതിക സൗകര്യങ്ങൾ അകലെയാണ്. കോടികൾ മുടക്കിവാങ്ങിയ ഉപകരണങ്ങൾ അധികൃതരുടെ അനാസ്ഥകാരണം ഉപയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്. വിവിധ വാർഡുകളിലായി 450ഓളം ബെഡുകളാണ് ഇവിടെയുള്ളത്. എന്നാൽ, ഒരു ബെഡിൽ രണ്ട് രോഗികളെ വരെ കിടത്താറുണ്ട്. രോഗികളുടെ എണ്ണം വർധിച്ചാൽ തറയിൽ കിടക്കണം.
ജില്ല ആശുപത്രിയിൽ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ ഒപ്പമെത്തുന്നവർ ചുമന്നുകൊണ്ട് പോകേണ്ട അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിൽ ആവശ്യമായ വീൽചെയറുകളും സ്ട്രെച്ചറും ഇല്ലാതെ രോഗികൾ വലയുകയാണ്. ദിവസങ്ങൾക്കുമുമ്പ് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി എത്തിയവർക്കാണ് ദുരനുഭവമുണ്ടായത്.
അടച്ചുറപ്പുള്ള ശുചിമുറി സൗകര്യംപോലുമില്ലാതെ ബുദ്ധിമുട്ടുകയാണ് സ്ത്രീകളുടെ വാർഡിലെ രോഗികളും കൂട്ടിരിപ്പുകാരും. 11 ശുചിമുറികൾ വാർഡിലുണ്ടെങ്കിലും ഒന്നിനും പൂട്ടില്ല. ഒരു ശുചിമുറിക്ക് കതകുപോലുമില്ല. സ്ത്രീകളുടെ വാർഡാണെങ്കിലും രോഗികൾക്ക് കൂട്ടിരിപ്പുകാരായി പുരുഷൻമാരും പകൽ വാർഡിലുണ്ട്. ഇവരും ഉപയോഗിക്കുന്നത് ഇതേ ശുചിമുറിതന്നെ. ശുചിമുറികളുടെ പൂട്ട് ഇളകിയതിനാൽ വാതിലുകളിലെല്ലാം വലിയ ദ്വാരം വന്നിട്ടുണ്ട്.
ജില്ല ആശുപത്രിയിലെ റേഡിയോളജിസ്റ്റ് തസ്തിക കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽപേർ സ്കാനിങ്ങിനെത്തുന്ന ഇടമാണ് ജില്ല ആശുപത്രി. ദിവസം 60-80 പേർ ഇവിടെ സ്കാനിങ്ങിനെത്തുന്നു. എന്നിട്ടും റേഡിയോളജിസ്റ്റ് തസ്തികയിൽ സ്ഥിരം നിയമനമില്ല. നിലവിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. ഇവരുടെ സേവനം നിശ്ചിത മണിക്കൂറുകൾ മാത്രമാണ്.
ജില്ല ആശുപത്രിയിൽ എല്ലാഭാഗത്തും സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും കൗൺസിലർ സുലൈമാൻ പറഞ്ഞു. ആശുപത്രിയിൽ സാമൂഹികവിരുദ്ധ ശല്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ കാന്റീൻ ഇല്ലാത്തതുമൂലം രോഗികളും കൂട്ടിരിപ്പുകാരും വലയുകയാണ്. മുമ്പുണ്ടായിരുന്ന കാന്റീൻ ആശുപത്രിയുടെ നിർമാണപ്രവർത്തനത്തിന്റെ പേരിൽ പൊളിച്ചുനീക്കുകയായിരുന്നു. പിന്നീട്ട് തുറന്നിട്ടില്ല. കാന്റീൻ എത്രയും പെട്ടെന്ന് തുറക്കണമെന്നാണ് രോഗികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.