കുറ്റ്യാടി: കള്ളാട് മരിച്ച നിപ രോഗിയുമായും ചികിത്സയിലുള്ളവരുമായും തൊണ്ണൂറ് പേർക്ക് സമ്പർക്കമുണ്ടായതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സർവ കക്ഷികൾ, ജനപ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് ഇത് അറിയിച്ചത്. ഇതിൽ 20 പേർ ഹൈ റിസ്ക് പട്ടികയിലുള്ളവരാണ്. ബാക്കിയുള്ളവർ ലോ റിസ്കിലും. മൃതദേഹം കുളിപ്പിച്ചവർ, മരണവീട്ടിൽ താമസിച്ച ബന്ധുക്കൾ, ഖബറടക്കിയവർ തുടങ്ങിയവരാണ് ഹൈ റിസ്കിലുള്ളവർ.
കൂടാതെ ഇയാളെ പരിശോധിച്ച വിവിധ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവരും ക്വാറന്റീലാണെന്നും അറിയിച്ചു. ഇദ്ദേഹത്തിന്റെ മക്കൾ പഠിക്കുന്ന മദ്റസ ഉൾപ്പെടെ സ്ഥാപനങ്ങളിലെ കുട്ടികൾ, ക്ലാസ് അധ്യാപികമാർ തുടങ്ങിയവരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. മൂത്ത കുട്ടി കഴിഞ്ഞ 25 വരെ സ്കൂളിലും 29 വരെ മദ്റസയിലും പോയതായി ബന്ധപ്പട്ടവർ പറഞ്ഞു.
സ്കൂളിലെ ഓണാഘോഷത്തിലും പങ്കെടുത്തിരുന്നു. രണ്ടാഴ്ചയാണ് ക്വാറന്റീൻ കാലാവധി. ലക്ഷണമില്ലെങ്കിലും വീട്ടിൽതന്നെ ഇരിക്കണം. കഴിഞ്ഞ കാലത്ത് നിപയുടെ ലക്ഷണം പനി, തലവേദന, ഛർദി തുടങ്ങിയവയായിരുന്നെങ്കിൽ നിലവിൽ ചുമ, ശ്വാസ തടസ്സം ഓക്സിജന്റെ അളവ് കുറവ് എന്നിവയും ഉണ്ടായതായി ഡോക്ടർമാർ പറഞ്ഞു. 21 ദിവസത്തിനകം മറ്റാർക്കും രോഗം ബാധിച്ചിട്ടില്ലെങ്കിൽ പ്രദേശം രോമുക്തമായി എന്ന് ആശ്വസിക്കാമെന്നും അറിയിച്ചു.
ക്വാറന്റീനിൽ കഴിയുന്നവർക്ക് ഭക്ഷണ സാധനങ്ങൾ, മരുന്ന് എന്നിവ കിട്ടാൻ വിഷമമുണ്ടെങ്കിൽ ആർ.ആർ.ടി വളന്റിയർമാർ മുഖേന എത്തിച്ചു കൊടുക്കണം. ഒരു വാർഡിൽ രണ്ട് വളന്റിയർമാരെ വീതം നിയമിക്കണം. കണ്ടെയ്ൻമെന്റ് സോണിൽ മാത്രം സ്കൂളുകൾക്ക് അവധി നൽകിയാൽ മതി. നടത്താൻ കഴിയാത്തവർ ഓൺലൈൻ ക്ലാസ് നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകളിൽ പ്രോട്ടോകോൾ പാലിക്കണം.
മരുതോങ്കര സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷത വഹിച്ചു. മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർമാരായ ഡോ. അഭിലാഷ്, ഡോ. അഖില, ഹെൽത്ത് ഇൻസ്പപെക്ടർ വിനോദ്, വാർഡ് മെംബർമാരായ സമീറ ബഷീർ, ടി.പി. ആലി, സി.പി. ബാബുരാജ്, തോമസ്, വനജ, ഡെന്നിസ് തോമസ്, കെ.ഒ. ദിനേശൻ, സെക്രട്ടറി സുജിത്ത്, കെ.ടി. മനോജൻ, കുഞ്ഞബ്ദുല്ല, എം.സി. സുരേന്ദ്രൻ, റോബിറ്റ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.