ന്യൂഡൽഹി: ഇന്ത്യയിൽ കാൻസർ കൂടുതലും ബാധിക്കുന്നത് യുവാക്കളെയാണെന്ന് പഠനം. രാജ്യത്തെ കാൻസർ കേസുകളിൽ 20 ശതമാനവും 40 വയസ്സിന് താഴെയുള്ളവരിലാണത്രെ. ഇതിൽ 60 ശതമാനവും പുരുഷൻമാരാണ്.
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കാൻസർ മുക്ത് ഭാരത് കാമ്പയിനാണ് പഠന വിവരങ്ങൾ പുറത്തുവിട്ടത്. തലയിലും കഴുത്തിലും ബാധിക്കുന്ന കാൻസറാണ് കൂടുതൽ കണ്ടെത്തിയത്, 26 ശതമാനം. വൻകുടൽ, ആമാശയം, കരൾ, ദഹനനാളത്തിലെ കാൻസർ എന്നിവ ബാധിച്ചവർ 16 ശതമാനമാണ്. സ്തനാർബുദ രോഗികൾ 15 ശതമാനവുമാണ്.
മാർച്ച് 1നും മേയ് 15നും ഇടയിൽ രാജ്യത്തുടനീളമുള്ള 1,368 കാൻസർ രോഗികളിലാണ് പഠനം നടത്തിയത്. കേസുകളിൽ 27 ശതമാനവും കാൻസറിന്‍റെ 1, 2 ഘട്ടങ്ങളിലാണ് കണ്ടെത്തിയത്. 63 ശതമാനം കാൻസറും കണ്ടെത്തിയത് 3 അല്ലെങ്കിൽ 4 ഘട്ടങ്ങളിലാണെന്നും പഠനം വ്യക്തമാക്കുന്നു.
അനാരോഗ്യകരമായ ജീവിത ശൈലിയാണ് യുവാക്കളിൽ കാൻസർ ബാധ വർധിക്കാൻ പ്രധാന കാരണമാകുന്നതെന്ന് കാൻസർ മുക്ത് ഭാരത് കാമ്പയിനിന്‍റെ തലവൻ ആശിഷ് ഗുപ്ത പറയുന്നു. പൊണ്ണത്തടി, ഭക്ഷണ ശീലങ്ങളിലെ മാറ്റം, കൂടുതൽ പ്രോസസ് ചെയ്ത ഭക്ഷണത്തിന്‍റെ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി എന്നിവയും ഉയർന്ന കാൻസർ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.