കുട്ടികളുടെ വാക്സിൻ കേന്ദ്രങ്ങൾക്ക്​ പിങ്ക്​ ബോർഡ്​, പ്രത്യേക ടീമിനെ തയാറാക്കും

തിരുവനന്തപുരം: കുട്ടികളുടെ വാക്സിൻ വിതരണത്തിന്​ പ്രത്യേക വാക്‌സിനേഷന്‍ ടീമിനെ തയാറാക്കാനും വിതരണ കേന്ദ്രങ്ങൾ വേഗം തിരിച്ചറിയുന്നതിന്​ പിങ്ക്​ നിറത്തിൽ ബോർഡ്​ പ്രദർശിപ്പിക്കാനും തീരുമാനം. പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പിങ്ക്​ ബോർഡുണ്ടാകും.

ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ ദിവസവും ജനറല്‍-ജില്ല-താലൂക്ക്-സി.എച്ച്‌.സി എന്നിവിടങ്ങളില്‍ കുട്ടികള്‍ക്ക്​ വാക്‌സിനുണ്ടാകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ചയൊഴികെ ഞായറാഴ്ച ഉള്‍പ്പെടെ നാലു​ ദിവസം കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കും. കോവാക്സിനാണ്​ നൽകുക.

കുട്ടികളുടെ വാക്‌സിൻ വിതരണത്തിന്​ ആരോഗ്യവകുപ്പ് ആക്​ഷൻ പ്ലാൻ​ തയാറാക്കി. വാക്‌സിൻ ലഭ്യതക്കനുസരിച്ച് കുത്തിവെപ്പ്​​ വേഗം പൂര്‍ത്തിയാക്കും.

വാക്‌സിൻ രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്​. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത കുട്ടികൾക്ക്​ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏർപ്പെടുത്തും. എന്തെങ്കിലും കാരണത്താല്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്തവർക്ക്​ വാക്‌സിൻ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം. ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്‌സിന്‍ എടുത്തവരുടെയും എടുക്കാത്തവരുടെയും എണ്ണം ജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് നല്‍കും.

മുതിര്‍ന്നവരുടെ കേന്ദ്രങ്ങൾക്ക്​ നീല​ ബോർഡ്​

മുതിര്‍ന്നവരുടെ വാക്‌സിൻ വിതരണ കേന്ദ്രം തിരിച്ചറിയാൻ നീല ബോര്‍ഡ്​ സ്ഥാപിക്കും. ഈ ബോര്‍ഡുകള്‍ കേന്ദ്രത്തിന്‍റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ ദിവസവും ജനറല്‍-ജില്ല-താലൂക്ക്-സി.എച്ച്‌.സി എന്നിവിടങ്ങളില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കായി പ്രത്യേക വാക്‌സിൻ കേന്ദ്രം പ്രവർത്തിക്കും. 

Tags:    
News Summary - Pink Board for children vaccine centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.