ഫരീദാബാദ് (ഹരിയാന): 2400 കിടക്കകളുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ആഗസ്റ്റ് 24ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിൽ ഫരീദാബാദിൽ നിർമിച്ച അമൃത ആശുപത്രിയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മാതാ അമൃതാനന്ദമയി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി ആഗസ്റ്റ് 19ന് 80 വനിതാ സന്യാസിനിമാരും 28 പുരുഷ സന്യാസികളും നേതൃത്വം നൽകുന്ന 108 ഹോമങ്ങൾ ആശുപത്രി പരിസരത്ത് നടക്കും. ആതുരശുശ്രൂഷ രംഗത്തെ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയ ആശുപത്രി നാലായിരത്തോളം പേർക്ക് തൊഴിലും നൽകുമെന്ന് അധികൃതർ പറഞ്ഞു. പൂർണമായും പ്രവർത്തന സജ്ജമായാൽ ഹോസ്പിറ്റലിൽ 800 ഡോക്ടർമാരും 10,000 സ്റ്റാഫും ഉണ്ടാകും.
ഓങ്കോളജി, കാർഡിയാക് സയൻസസ്, ന്യൂറോ സയൻസസ്, ഗ്യാസ്ട്രോ-സയൻസസ്, ബോൺ ഡിസീസ് തുടങ്ങിയ 81 സ്‍പെഷ്യാലിറ്റി വിഭാഗങ്ങൾ ആശുപത്രിയിലുണ്ടാകും.
ഹരിയാനയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമാണ് ഫരീദാബാദ്. ഇവിടെ ഒരുകോടി ചതുരശ്ര അടിയിലാണ് ആശുപത്രി സജ്ജമാകുന്നത്. 14 നിലയിൽ വമ്പൻ കെട്ടിടമാണ് ആശുപത്രിക്കായി ഒരുക്കിയിട്ടുള്ളത്. 1200 കിടക്കകളുള്ള കൊച്ചിയിലെ അമൃത ആശുപത്രിക്കുശേഷം രാജ്യത്തെ രണ്ടാമത്തെ അമൃത ആശുപത്രിയാണ് ഫരീദാബാദിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.