കൊച്ചി: കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽപായലിൽനിന്ന് പ്രകൃതിദത്ത ഉൽപന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). സാർസ് കോവി-2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറൽ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നത്തിനുണ്ട്.
കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടിവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് കടൽമീൻ ഇമ്യൂണോ ആൽഗിൻ എക്സ്ട്രാക്ട് എന്ന് പേരുള്ള ഉൽപന്നം നിർമിച്ചിരിക്കുന്നത്. പ്രകൃതിദത്ത ചേരുവകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഉൽപന്നത്തിന് പാർശ്വഫലങ്ങളില്ലെന്നത് വിശദമായ പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സി.എം.എഫ്.ആർ.ഐയിലെ മറൈൻ ബയോടെക്നോളജി ഫിഷ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ഡിവിഷൻ മേധാവി ഡോ. കാജൽ ചക്രവർത്തി പറഞ്ഞു.
സി.എം.എഫ്.ആർ.ഐ വികസിപ്പിക്കുന്ന പത്താമത്തെ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നമാണിത്. മരുന്നായല്ല, ഭക്ഷ്യപൂരകങ്ങളായി ഉപയോഗിക്കുന്നവയാണ് ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ. നേരത്തേ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തസമ്മർദം, തൈറോയ്ഡ്, ഫാറ്റിലിവർ എന്നീ രോഗങ്ങളെ ചെറുക്കുന്നതിന് കടൽപായലിൽനിന്ന് ഉൽപന്നങ്ങൾ വികസിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.