തിരുവനന്തപുരം: കോവിഡും ചിക്കൻപോക്സുമടക്കം 30ഓളം സാംക്രമിക രോഗങ്ങൾ ചികിത്സിക്കുന്നതിൽനിന്ന് ആയുഷ് വിഭാഗത്തെ വിലക്കിയും അലോപ്പതിയിൽ മാത്രം പരിമിതപ്പെടുത്തിയും സർക്കാർ നിയമനിർമാണത്തിന്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ ഏകീകരിക്കാൻ സർക്കാർ അവതരിപ്പിച്ച 'കേരള പൊതുജനാരോഗ്യ ബില്ലി'ലാണ് ആയുഷ് വിഭാഗത്തെ അപ്രസക്തമാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്.
സാംക്രമിക രോഗങ്ങൾ കണ്ടെത്തിയാൽ അലോപ്പതി വിഭാഗത്തിന് റിപ്പോർട്ട് ചെയ്ത് കൈമാറണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഇത്തരം പകർച്ചവ്യാധികൾ ചികിത്സിച്ച് ഭേദമാക്കിയെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരവും ആയുഷ് വിഭാഗങ്ങൾക്ക് നഷ്ടപ്പെടും. ബില്ലിൽ പട്ടികയായി രേഖപ്പെടുത്തിയ അസുഖങ്ങൾക്കും കാലാകാലങ്ങളിൽ ഇനി നോട്ടിഫൈ ചെയ്യപ്പെടുന്നവക്കും അലോപ്പതി പ്രോട്ടോകോൾ അനുസരിച്ച് മാത്രമേ ചികിത്സ പാടുള്ളൂവെന്ന് വരുന്നതോടെ ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാത്രമുള്ള സംവിധാനമായി ആയുഷ് മാറും. റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പിഴയിടാമെന്നതാണ് മറ്റൊരു വ്യവസ്ഥ. ആയുർവേദവും ഹോമിയോയും യുനാനിയുമടക്കം ആറോളം ചികിത്സ വിഭാഗങ്ങളാണ് ആയുഷിൽ ഉൾപ്പെടുന്നത്. ഡിസ്പെൻസറികൾ, ആശുപത്രികൾ, മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 2500 ഓളം സർക്കാർ ആയുഷ് സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബിൽ നിയമമാകുന്നതോടെ ഈ ആരോഗ്യചികിത്സ കേന്ദ്രങ്ങൾക്കും 4500 ഓളം സർക്കാർ ആയുഷ് ഡോക്ടർമാർക്കും 20,000ത്തോളം സ്വകാര്യ മേഖലയിലെ ആയുഷ് ഡോക്ടർമാർക്കും സാംക്രമിക രോഗ ചികിത്സ വിലക്കുവരും. സംസ്ഥാനത്തെ ആയുഷ് കോളജുകളിൽനിന്ന് യോഗ്യത നേടി വർഷം പുറത്തുവരുന്നത് 2432 ഡോക്ടർമാരാണ്. പൊതുജനാരോഗ്യം ആധുനിക വൈദ്യത്തിന്‍റെ മാത്രം വിഷയമെന്ന നിലയിലാണ് ബില്ലിന്‍റെ പൊതുസമീപനമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
പൊതുജനാരോഗ്യ രംഗത്ത് ആയുഷ് ചികിത്സ ശാഖകൾ ചെയ്യുന്ന സേവനങ്ങൾ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമം ബില്ലിൽ ഇല്ല. ഈ നിയമം അനുസരിച്ചുള്ള ഭരണസംവിധാനത്തിൽ ആയുഷ് വിഭാഗങ്ങൾക്ക് പങ്കാളിത്തം ലഭിക്കില്ലെന്നും വിമർശനമുണ്ട്. നിയമം പാസായാൽ ഭാരതീയ ചികിത്സ വകുപ്പിന്‍റെയും ഹോമിയോപ്പതി വകുപ്പിന്‍റെയും കീഴിലുള്ള വിപുലമായ സംവിധാനങ്ങൾ പൊതുജനാരോഗ്യ സംവിധാനത്തിന് പുറത്താകുമെന്നും ആശങ്കയുണ്ട്.
ചികിത്സ വിലക്ക് സ്വാഭാവിക നീതിയുടെ നിഷേധം - കെ.ജി.എ.എം.ഒ.എഫ്
തിരുവനന്തപുരം: ആയുർവേദമുൾപ്പെടുന്ന ആയുഷ് ചികിത്സ സമ്പ്രദായങ്ങൾ കേരളത്തിൽ പാർശ്വവത്കരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നത് തുടർക്കഥയാണെന്നും 'കേരള പൊതുജനാരോഗ്യ ബിൽ' ഇതിന്റെ ഏറ്റവും പുതിയ തെളിവാണെന്നും കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എ.എം.ഒ.എഫ്).
ആധുനിക വൈദ്യശാസ്ത്രമായ അലോപ്പതിയും പരമ്പരാഗത വൈദ്യശാസ്ത്ര ശാഖയായ ആയുഷും ചേർന്നതാണ് രാജ്യത്തെ പൊതുജനാരോഗ്യരംഗം. അലോപ്പതി-ആയുഷ് ഡോക്ടർമാർ തുല്യരാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കൂടാതെ, കേന്ദ്ര ആരോഗ്യ നയം 2002, സംസ്ഥാന ആയുഷ് ആരോഗ്യ നയം 2016, കേന്ദ്ര ആരോഗ്യ നയം -2017 എന്നിവയിലും രാജ്യത്തെ മുഴുവൻ രജിസ്റ്റേർഡ് ആയുഷ് മെഡിക്കൽ പ്രാക്ടീഷണർമാരെ നിയന്ത്രിക്കുന്ന എൻ.എം.സി ഐ.എസ്.എം ആക്ടിലും അലോപ്പതി ഡോക്ടർമാർക്ക് തുല്യമാണ് ആയുഷ് ഡോക്ടർമാരെന്ന് പറയുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ബില്ലിലെ വിവേചനപരമായ പരാമർശങ്ങൾ. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ജനാധിപത്യപരമായി ബിൽ പരിഷ്കരിക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.ജി.എ.എം.ഒ.എഫ് ജനറൽ സെക്രട്ടറി ഡോ.എസ്. ദുർഗ പ്രസാദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.