ദോഹ: കാലാവസ്ഥ മാറി തണുപ്പിനെ വരവേൽക്കാൻ ഒരുങ്ങവെ, ആരോഗ്യകാര്യത്തിൽ ജാഗ്രതപാലിക്കണമെന്ന ഓർമപ്പെടുത്തലുമായി അധികൃതർ. പകർച്ചപ്പനിയുടെ സാധ്യത മുൻനിർത്തി പൊതുജനങ്ങൾ പനിക്കെതിരായ കുത്തിവെപ്പ് സ്വീകരിക്കാൻ മടിക്കരുതെന്ന് എച്ച്.എം.സി കമ്യൂണിക്കബിൾ ഡിസീസ് സെന്റർ (സി.ഡി.സി) മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.ഇൻഫ്ലുവൻസ വൈറസ് ബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കഴിഞ്ഞ വർഷം വൈറസ് ബാധയെ തുടർന്ന് പനി ബാധിച്ച 760ലധികം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അറിയിച്ചു.
പനി എന്നത് കേവലം ജലദോഷപ്പനി മാത്രമല്ല, ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. മൂക്ക്, തൊണ്ട ചിലപ്പോൾ ശ്വാസകോശങ്ങളെ വരെ ബാധിക്കുന്ന ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണിത്. ഗുരുതരമായ രോഗങ്ങൾക്കും ചിലപ്പോൾ മരണത്തിനുവരെ ഇത് കാരണമായേക്കാം. ഈ വർഷത്തെ ഇൻഫ്ലുവൻസ സീസണ് മുന്നോടിയായി ജനങ്ങളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഫ്ലൂ വാക്സിൻ സൗജന്യമായി വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
വാക്സിൻ സ്വീകരിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം. പനിക്ക് കാരണമാവുന്ന വൈറസുകൾക്ക് എല്ലാ വർഷവും വകഭേദം സംഭവിക്കും. അക്കാരണത്താലാണ് വർഷം തോറം ഫ്ലൂ വാക്സിൻ നൽകുന്നത്. ആറ് മാസവും അതിന് മുകളിലുള്ളവരും വാക്സിൻ എടുക്കണം. ഗർഭിണികൾ, 50 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, കൊച്ചുകുട്ടികൾ തുടങ്ങിയവർ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും ഉയർന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകളിലാണ് ഇവരുൾപ്പെടുന്നതെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.