തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പേവിഷ ബാധക്കെതിരായ വാക്സിന് കടുത്ത ക്ഷാമം. പ്രതിവർഷം 65,000ത്തോളം വയൽ വാക്സിൻ ചെലവായിരുന്ന സ്ഥാനത്ത് ആവശ്യകത മൂന്നിരട്ടിയോളം വർധിച്ച് 1.75 ലക്ഷമായി. ക്ഷാമത്തെ തുടർന്ന് കഴിഞ്ഞമാസം തമിഴ്നാട്ടിൽ നിന്നെത്തിച്ച 5000 വയൽ വാക്സിൻ ഒരാഴ്ചകൊണ്ടാണ് തീർന്നത്. ഒരുവർഷം രണ്ട് ലക്ഷത്തിലധികം വാക്സിൻ കേരളത്തിൽ ചെലവാകുന്നു.
ക്ഷാമം കണക്കിലെടുത്ത് കേന്ദ്ര മരുന്ന് പരിശോധന ലബോറട്ടറിയുടെ (സി.ഡി.എൽ) അന്തിമ റിപ്പോർട്ടില്ലാതെ കേരളത്തിലെത്തിച്ച ഇക്വിൻ ആന്റി റാബീസ് ഇമ്യൂണോ ഗ്ലോബുലിൻ വാക്സിന്റെ ആദ്യപകുതി വിതരണം തുടങ്ങി. 25,000 വയൽ വാക്സിനാണ് ഇപ്പോൾ എത്തിയത്. 50,500 വയലിനാണ് ഓർഡർ നൽകിയത്. ഫലപ്രാപ്തി പൂർണമായും പരിശോധിച്ച് ബോധ്യപ്പെടാത്ത വാക്സിൻ വിതരണം ദോഷഫലങ്ങൾ സൃഷ്ടിച്ചേക്കുമെന്ന സംശയങ്ങൾക്കിടയിലും ടെൻഡർ വ്യവസ്ഥകളിൽപോലും ഇളവ് നൽകിയാണ് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) വാക്സിൻ എത്തിച്ചത്.
നായ് കടിച്ചെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അടിയന്തരമായി വാക്സിൻ എത്തിച്ചതെന്ന് മെഡിക്കൽ സർവിസസ് കോർപറേഷൻ ജനറൽ മാനേജർ ഡോ. ജോയ് പറഞ്ഞു. സി.ഡി.എൽ പരിശോധനയുടെ ആവശ്യമില്ല. ടെൻഡർ വ്യവസ്ഥകളിൽ അത്തരം നിബന്ധനകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് മാത്രമേയുള്ളൂ.
പൂർണമായും ഗുണമേന്മയുള്ള വാക്സിനാണ് വാങ്ങുന്നത്. സി.ഡി.എൽ പരിശോധന കൂടി പൂർത്തിയാകണമെങ്കിൽ 90 ദിവസംകൂടി കാത്തിരിക്കണം. സ്വകാര്യമേഖലകളിലടക്കം സി.ഡി.എൽ റിപ്പോർട്ടിനായി കാത്തിരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് കമ്പനിയിൽനിന്നാണ് വാക്സിൻ വാങ്ങിയത്. രണ്ട് ലക്ഷത്തോളം വാക്സിനായി ചെലവാക്കുന്നത് കോടികളാണ്. പേവിഷ ബാധക്കെതിരെ വാക്സിനെടുത്തിട്ടും രോഗബാധയും മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗുണനിലവാരം സംബന്ധിച്ച് വിവാദമുയർന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നാല് പേരാണ് പേ പിടിച്ച് മരിച്ചത്. ഈ വിവാദം അടങ്ങുംമുമ്പാണ് കെ.എം.എസ്.സി.എൽ വാക്സിൻ എത്തിച്ചത്. വാക്സിന്റെ ഗുണനിലവാരത്തിൽ സംശയമില്ലെന്നാണ് ആരോഗ്യവകുപ്പും വിശദീകരിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് തെരുവുനായ് ശല്യം വർധിക്കുകയും പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിന്റെ നിരീക്ഷണ കമ്മിറ്റികൾ രൂപവത്കരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് അലംഭാവം.
കമ്മിറ്റി രൂപവത്കരിക്കാത്ത നിരവധി പഞ്ചായത്തുകളും നഗരസഭകളും ഇപ്പോഴുമുണ്ട്. കഴിഞ്ഞ മാസം വരെയുള്ള കണക്ക് അനുസരിച്ച് 34 ഗ്രാമപഞ്ചായത്തുകളിലും 36 നഗരസഭകളിലും മോണിറ്ററിങ് കമ്മിറ്റികൾ രൂപവത്കരിച്ചിട്ടില്ല. പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളാണ് ഇതിൽ കൂടുതൽ.
ഗ്രാമപഞ്ചായത്തുകൾ പ്ലാൻ ഫണ്ടിൽനിന്നോ തനത് ഫണ്ടിൽനിന്നോ നിശ്ചിത തുക വകയിരുത്തിയാണ് അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി ആവിഷ്കരിക്കുന്നത്. വകയിരുത്തിയ തുക ഉപയോഗിച്ച് സംയുക്ത പ്രോജക്ടായി ജില്ല പഞ്ചായത്തിന്റെയും മറ്റും നേതൃത്വത്തിലാണ് ഗ്രാമപഞ്ചായത്തുകൾ പദ്ധതി നടപ്പാക്കുന്നത്. നഗരസഭ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ടാണ് എ.ബി.സി പദ്ധതിയുടെ നിർവഹണം നടത്തിവരുന്നത്.
ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹണ ഏജൻസിയായ കുടുംബശ്രീക്ക് ഫണ്ട് കൈമാറുകയും മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ എ.ബി.സി പദ്ധതി നടപ്പാക്കി വരുകയും ചെയ്തിരുന്നു. എന്നാൽ, വിഷയത്തിൽ ഹൈകോടതിയുടെ ഇടപെടൽ ഉണ്ടായതോടെ ഇത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
കുടുംബശ്രീയുടെ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയിലെ രജിസ്ട്രേഷൻ, മേഖലയിലെ തൊഴിൽ വൈദഗ്ധ്യം എന്നീ മാനദണ്ഡങ്ങളെക്കുറിച്ച് അന്വേഷണം നടത്തി പരിശോധിച്ച് വ്യക്തത വരുത്തുന്നത് വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എ.ബി.സി പദ്ധതിക്ക് വേണ്ടി കുടുംബശ്രീക്ക് തുക കൈമാറുന്നത് നിർത്തിവെക്കാനായിരുന്നു ഹൈകോടതിയുടെ നിർദേശം.
അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ ഷെൽട്ടർ ഹോമുകളിൽ പാർപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, ഷെൽട്ടർ നിർമാണത്തിന് വേണ്ട ധനസഹായം അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയിൽനിന്നോ മൃഗസംരക്ഷണ വകുപ്പിൽനിന്നോ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നില്ലെന്നത് തിരിച്ചടിയായിട്ടാണ് അധികൃതർ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.