മക്കരപറമ്പ്: രക്തക്കുഴലുകളുടെ ആരോഗ്യം വിലയിരുത്താനുള്ള ’ആർട്ട്സെൻസ്’ ഉപകരണം വികസിപ്പിച്ചെടുത്ത ചെന്നൈ ഐ.ഐ.ടി ശാസ്ത്രജ്ഞരുടെ സംഘത്തിൽ വടക്കാങ്ങരയിലെ ഡോ. നബീൽ പിലാപറമ്പിലും. രക്തക്കുഴലുകളുടെ ആരോഗ്യവും പ്രായവും വിലയിരുത്താനും അതുവഴി ഹൃദയസംബന്ധ അസുഖങ്ങൾക്കുള്ള ആദ്യ പരിശോധന നടത്താനുമായാണ് ചെന്നൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കഴിഞ്ഞദിവസം നോൺ-ഇൻവേസിവ് ഉപകരണം വികസിപ്പിച്ചെടുത്തത്. വിദഗ്ധരല്ലാത്തവർക്ക് പോലും സാധാരണ പരിശോധനയിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് ഉപകരണം രൂപകൽപന ചെയ്തിരിക്കുന്നത്.
ഐ.ഐ.ടിയിലെ ഹെൽത്ത്കെയർ ടെക്നോളജി ഇന്നവേഷൻ സെന്ററാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. സാങ്കേതികവിദ്യക്ക് യു.എസ്, യൂറോപ്യൻ യൂനിയൻ, ഇന്ത്യ എന്നിവിടങ്ങളിൽ അഞ്ച് യൂട്ടിലിറ്റി പേറ്റന്റുകളും 10 ഡിസൈൻ പേറ്റന്റുകളും ലഭിച്ചു. പ്രതിവർഷം ഒരു ദശലക്ഷത്തിലധികം വാസ്കുലർ സ്ക്രീനിങ് നടത്താൻ ഐ.ഐ.ടി മദ്രാസ് ടീം ഇതിലൂടെ ഉദ്ദേശിക്കുന്നു.
ഇത് സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ പ്രബന്ധങ്ങൾ പിയർ-റിവ്യൂഡ് ജേണൽ ഓഫ് ഹൈപർടെൻഷനിലും അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജി-ഹാർട്ട് ആൻഡ് സർക്കുലേറ്ററി ഫിസിയോളജിയിലും പ്രസിദ്ധീകരിച്ചു.
എച്ച്.ടി.ഐ.സി-ഐ.ഐ.ടി മദ്രാസിലെ ലീഡ് റിസർച്ച് സയന്റിസ്റ്റായ ഡോ. നബീൽ, ഐ.ഐ.ടി മദ്രാസിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് പി.എച്ച്.ഡി സ്കോളർ വി. രാജ് കിരൺ, അസിസ്റ്റന്റ് പ്രഫസർ ഡോ. ജയരാജ് ജോസഫ് എന്നിവർ ചേർന്നാണ് ഉപകരണം വികസിപ്പിച്ചത്. പരേതനായ വടക്കാങ്ങര പിലാപറമ്പിൽ മസ്ഹൂദ് മാസ്റ്ററുടെ മകനാണ് ഡോ. നബീൽ. ചെന്നൈ ഗ്ലോബൽ ഹെൽത്ത് സിറ്റിയിലെ ഡോ. തസ് നീമയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.