അൽഖോബാർ: കുഞ്ഞുങ്ങളെ അമിതമായി കുലുക്കുന്നതു മൂലം സംഭവിക്കുന്ന മസ്തിഷ്ക ക്ഷതമായ ‘ഷേക്കൺ ബേബി സിൻഡ്രോം’ (എസ്.ബി.എസ്) ബാധിച്ച കുട്ടികളിൽ നാലിലൊന്നുപേർക്കും അകാലമരണം സംഭവിക്കുന്നതായി റിപ്പോർട്ട്. രോഗം അതിജീവിച്ചവർക്ക് സിൻഡ്രോം ബാധിച്ചതിന്റെ ഫലമായി മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്നതായും സൗദിയിൽ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നു.
അഞ്ച് സെക്കൻഡ് നീളുന്ന കുലുക്കത്തിൽനിന്ന് ‘ഷേക്കൺ ബേബി സിൻഡ്രോം’ ഉണ്ടാകാം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് സാധാരണയായി സിൻഡ്രോം സംഭവിക്കുന്നത്. എന്നാൽ, അഞ്ച് വയസ്സുവരെയുള്ള കുട്ടികളിൽ ഇത് കാണപ്പെടുന്നു.
കുഞ്ഞുങ്ങൾ കരച്ചിൽ നിർത്താതെ വരുമ്പോൾ രക്ഷിതാവോ പരിചാരകരോ ദേഷ്യമോ നിരാശയോ മൂലം അവരെ അമിതമായി കുലുക്കുമ്പോഴാണ് സിൻഡ്രോം സാധാരണയായി സംഭവിക്കുന്നത്. അക്രമാസക്തമായി കുലുക്കുമ്പോൾ കുഞ്ഞുങ്ങളുടെ തലച്ചോർ തലയോട്ടിക്ക് നേരെ അങ്ങോട്ടുമിങ്ങോട്ടും ചലിക്കും.
ഇത് ചതവ്, നീർവീക്കം, മോട്ടോർ വൈകല്യം, അപസ്മാരം, അന്ധത, വാരിയെല്ല് ഒടിവ്, തലയോട്ടിയിലും ഉള്ളിലും രക്തസ്രാവം എന്നീ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചില കേസുകളിൽ മരണവും സംഭവിക്കും. കുഞ്ഞുങ്ങൾക്ക് നേരെയുള്ള ഗുരുതരമായ പീഡനമായാണ് ഇത് കണക്കാക്കുന്നത്.
കാരണങ്ങളില്ലാതെ കുട്ടിയുടെ നിരന്തരമായ കരച്ചിൽ, പരിഭ്രാന്തി മൂലം കരയുന്ന കുട്ടിയെ രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ കഴിയാത്തത്, കുഞ്ഞിനെ ആവർത്തിച്ച് കുലുക്കുന്നതിന്റെ അപകടത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ അജ്ഞത, മാതാപിതാക്കളുടെ മാനസിക സമ്മർദം എന്നിവയാണ് പ്രധാനമായും സിൻഡ്രോമിന് കാരണമായി പറയപ്പെടുന്നത്.
കുഞ്ഞുങ്ങളിൽ ആവർത്തിച്ചുള്ള ഛർദി, കരച്ചിൽ, ബലഹീനത, കാഴ്ചക്കുറവ്, ഹൃദയാഘാതം, ബോധക്ഷയം, ഓക്കാനം, മുലയൂട്ടൽ നിരസിക്കൽ, വിശപ്പില്ലായ്മ എന്നിവ എസ്.ബി.എസ് ലക്ഷണങ്ങളാണ്. സിൻഡ്രോം തടയുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ചൈൽഡ് സപ്പോർട്ട് ലൈൻ 116111ൽ ബന്ധപ്പെടാൻ ദേശീയ കുടുംബസുരക്ഷ പരിപാടി അമ്മമാരോടും കുടുംബങ്ങളോടും ആവശ്യപ്പെട്ടു.
അമേരിക്കയിൽ ഓരോ വർഷവും 1,000 മുതൽ 3,000 വരെ കുട്ടികൾ എസ്.ബി.എസ് അനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. അമേരിക്കയിൽ എസ്.ബി.എസ് ഇരകളുടെ ആശുപത്രിയിലെയും തുടർപരിചരണത്തിന്റെയും ചെലവ് ഓരോ വർഷവും 1.2 മുതൽ 1600 കോടി ഡോളർ വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.