കൊറോണ വൈറസിന്‍റെ ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോൺ. വളരെ പെട്ടെന്നാണ് ഇത് പകരുന്നത്. ഇതിന്‍റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂനിവേഴ്‌സിറ്റി ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ.
കൊറോണ വൈറസിന്‍റെ ഒമിക്രോൺ വേരിയന്‍റിന് ചർമത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും നിലനിൽക്കാൻ കഴിയുമെന്ന് പഠനം പറയുന്നു. ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇതാണ് ഒമിക്രോൺ കൂടുതൽ പേരിലേക്ക് പകരാൻ കാരണമെന്ന് ഇവർ പറയുന്നു.
ചൈനയിലെ വുഹാനിൽ ആദ്യമായി കണ്ടെത്തിയ വൈറസിന്‍റെയും മറ്റു വകഭേദങ്ങളുടെയും പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങൾ ഇവർ വിശകലനം ചെയ്തു. വുഹാനിൽ കണ്ടെത്തിയ യഥാർത്ഥ വകഭേദത്തേക്കാൾ ആൽഫ, ബീറ്റ, ഡെൽറ്റ, ഒമിക്രോൺ വേരിയന്‍റുകൾ പ്ലാസ്റ്റിക്, ചർമം എന്നിവിടങ്ങളിൽ രണ്ടിരട്ടിയിലധികം അതിജീവിക്കുന്നുണ്ട്. ഇത് സമ്പർക്കത്തിലൂടെ കോവിഡ് പകരാനും സാമൂഹിക വ്യാപനത്തിനും കാരണമാകും.
നിലവിൽ കണ്ടെത്തിയ വകഭേദങ്ങളിൽ ഏറ്റവും ഉയർന്ന പാരിസ്ഥിതിക സ്ഥിരത ഒമിക്രോണിനാണ്. ഡെൽറ്റ വകഭേദത്തെ മറികടന്ന് ഒമിക്രോൺ അതിവേഗം വ്യാപിക്കാനുണ്ടായ ഘടകം ഇതായിരിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
പ്ലാസ്റ്റിക് പ്രതലങ്ങളിൽ യഥാർത്ഥ വകഭേദത്തിന്‍റെയും ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദത്തിന്‍റെയും ശരാശരി അതിജീവന സമയം യഥാക്രമം 56 മണിക്കൂർ, 191.3 മണിക്കൂർ, 156.6 മണിക്കൂർ, 59.3 മണിക്കൂർ, 114 മണിക്കൂർ എന്നിങ്ങനെയാണ്. അതേസമയം, ഒമിക്രോൺ വേരിയന്‍റിന് 193.5 മണിക്കൂർ നിലനിൽക്കാൻ കഴിയും.
ചർമ സാമ്പിളുകളിൽ യഥാർത്ഥ വകഭേദത്തിന്‍റെ ശരാശരി അതിജീവന സമയം 8.6 മണിക്കൂറാണ്. ആൽഫക്ക് 19.6 മണിക്കൂറും ബീറ്റക്ക് 19.1 മണിക്കൂറും ഗാമക്ക് 11 മണിക്കൂറും ഡെൽറ്റക്ക് 16.8 മണിക്കൂറും ഒമിക്രോണിന് 21.1 മണിക്കൂറുമാണ്.
35 ശതമാനം എഥനോൾ ഉപയോഗിച്ചപ്പോൾ 15 സെക്കൻഡ് കൊണ്ട് വൈറസ് ഇല്ലാതായതായും അതിനാൽ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നതുപോലെ കൈ കഴുകൽ ഉൾപ്പെടെ ശുചിത്വ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഗവേഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.