തിരുവനന്തപുരം: വായ്ക്കുള്ളിലെ തൊലിയിലൂടെ കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ച് രോഗിക്ക് അത്യപൂർവമായ ശസ്ത്രക്രിയ നടത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി. യൂറോളജി വിഭാഗം മേധാവി ഡോ. പി.ആർ. സാജുവിന്റെ നേതൃത്വത്തിലാണ് ഈ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. മൂത്രനാളിയുടെ തകരാർ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ കാട്ടാക്കട സ്വദേശിയായ 32കാരിക്കാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. വിദേശത്തും ഇന്ത്യയിലേയും ചുരുക്കം ആശുപത്രികളിൽ മാത്രം നടന്നിട്ടുള്ള ശസ്ത്രക്രിയ സംസ്ഥാനത്തെ മെഡിക്കൽ കോളജിൽ ആദ്യമായാണ് നടത്തിയത്. മൂത്രനാളിയിലെ പ്രശ്നവുമായി 2013ൽ യുവതിക്ക് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. എന്നാൽ രോഗത്തിന് ശമനമുണ്ടായിരുന്നില്ല. 2019ൽ മൂത്രനാളിയിൽ സ്റ്റെൻറ് സ്ഥാപിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. വലത്തെ വൃക്കയുടെ പ്രവർത്തനവും കുറയുകയായിരുന്നു. തുടർന്നാണ് നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് മൂത്രനാളി കൃത്രിമമായി സൃഷ്ടിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.
താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ മൂത്രനാളിയിലെ അടഞ്ഞ ഭാഗം മുറിച്ചുനീക്കിയ ശേഷം ‘ബക്കൽ മുകോസാ’ എന്നറിയപ്പെടുന്ന വായ്ക്കുള്ളിലെ തൊലി ഉപയോഗിച്ച് നിർമിച്ച പുതിയ മൂത്രനാളി വിജയകരമായി വെച്ചുപിടിപ്പിക്കുകയായിരുന്നു. നാല് മണിക്കൂർ മാത്രമാണ് ഈ ശസ്ത്രക്രിയക്ക് ചെലവഴിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്ന രോഗിയുടെ വൃക്കയും സാധാരണനിലയിൽ പ്രവർത്തിക്കുന്നുണ്ട്.
യൂറോളജി യൂനിറ്റ് -3 മേധാവി ഡോ.പി.ആർ. സാജുവിനൊപ്പം ഡോ. എ.കെ. മനു, ഡോ. അണ്ണപ്പ കമ്മത്ത്, ഡോ. ഹിമാംശു പാണ്ഡെ, ഡോ. സുധീർ , ഡോ. നാഗരാജ്, ഡോ. പ്രിഥ്വി വസന്ത്, ഡോ. അക്വിൽ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അരുൺകുമാർ, ഡോ. കാവ്യ, ഡോ. ഹരി, ഡോ. ജയചന്ദ്രൻ, നഴ്സുമാരായ രമ്യ, ഉദയറാണി, ജീന, മായ എന്നിവരും ടെക്നിക്കൽ സ്റ്റാഫുകളായ നിജിൽ, പ്രവീൺ എന്നിവരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.