തിരുവനന്തപുരം: ആരോഗ്യകാരണങ്ങളാൽ വാക്സിനെടുക്കാത്ത അധ്യാപകരും ജീവനക്കാരും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സർക്കാർ നിർദേശം. രോഗങ്ങൾ, അലർജി എന്നിയാണ് ആരോഗ്യകാരണങ്ങളിൽ ഉൾപ്പെടുന്നത്. കോവിഡ് ബാധിച്ച് മൂന്ന് മാസം തികയാത്തവരാണ് വാക്സിനെടുക്കാത്തതെങ്കിൽ ഇത് തെളിയിക്കുന്ന കോവിഡ് സർട്ടിഫിക്കറ്റും നൽകണം.
ഈ രണ്ട് വിഭാഗത്തിലും ഉൾപ്പെടാത്തവർ ആഴ്ചതോറും സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ നടത്തണം. വാക്സിനെടുക്കാത്തവർ സ്കൂളുകളിലും ഓഫിസുകളിലും മറ്റ് പൊതു ഇടങ്ങളിലും ഇടപഴകുമ്പോൾ രോഗവ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇതിന് പുറമേ ഭിന്നശേഷിക്കാർക്കുള്ള സ്പെഷൽ സ്കൂളുകളും അനുബന്ധമായുള്ള ഹോസ്റ്റലുകളും നിലവിലെ പൊതുവിദ്യാലയങ്ങൾക്ക് ബാധകമായ മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കൂളിൽ പോയി പഠിക്കാനും അനുവാദം നൽകി.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 1495 അധ്യാപകർ ഉൾപ്പെടെ 1707 ജീവനക്കാർ വാക്സിൻ എടുക്കാനുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് പുറത്തുവിട്ട കണക്ക്. ജില്ല തിരിച്ച കണക്കാണ് മന്ത്രി വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടത്. എൽ.പി/ യു.പി/ ഹൈസ്കൂൾ വിഭാഗങ്ങളിലായി 1066 അധ്യാപകരും 189 അനധ്യാപകരുമായി 1255 പേരാണ് വാക്സിനെടുക്കാത്തത്. ഹയർ സെക്കൻഡറിയിൽ 200 അധ്യാപകരും 23 അനധ്യാപകരും വി.എച്ച്.എസ്.ഇയിൽ 229 അധ്യാപകരും വാക്സിനെടുത്തില്ല.
എൽ.പി./യു.പി./ ഹൈസ്കൂൾ വിഭാത്തിൽ കൂടുതൽ പേർ വാക്സിനെടുക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്; 184 അധ്യാപകരും 17 അനധ്യാപകരുമായി 201 പേർ. േകാഴിക്കോട് 136 അധ്യാപകരടക്കം 151 പേരും തൃശൂരിൽ 103 അധ്യാപകരടക്കം 124 പേരും വാക്സിൻ എടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.