അമ്പലപ്പുഴ: മരുന്ന് കുറിപ്പടിയിൽ രോഗികൾക്ക് വായിക്കാവുന്നവിധം കൂട്ടക്ഷരമല്ലാതെ ജനറിക് പേര് എഴുതാൻ ഡോക്ടർമാർക്ക് വ്യക്തമായ മാർഗനിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഡോക്ടർമാർക്ക് പ്രത്യേക ഉത്തരവിലൂടെ ഈ നിർദേശം നൽകിയിട്ടുണ്ടെന്നും സാമൂഹിക പ്രവർത്തകൻ കാക്കാഴം സ്വദേശി താഴ്ചയിൽ നസീർ നൽകിയ പരാതിക്കുള്ള മറുപടിയിൽ അറിയിച്ചു. മനസ്സിലാകുംവിധം മരുന്ന് കുറിക്കുക, സർക്കാർ സംവിധാനത്തിന് പുറത്തുള്ള ഫാർമസികളിലേക്ക് പരമാവധി കുറിപ്പടി നൽകാതിരിക്കുക എന്നീ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മറുപടിയിൽ വ്യക്തമാക്കി.
വിവിധ കമ്പനികളുടെ പല പേരുകളിലുള്ള മരുന്നുകളാണ് പലപ്പോഴും കുറിക്കുന്നത്. മെഡിക്കൽ സ്റ്റോറുകളിലെ ഫാർമസിസ്റ്റുകൾക്കുപോലും ഇത് വായിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ഒരേ മരുന്ന് പല കമ്പനികൾ പല പേരുകളിൽ ഇറക്കാറുണ്ട്. ഇതിൽ ഡോക്ടർക്ക് താൽപര്യമുള്ള കമ്പനിയുടെ മരുന്നായിരിക്കും കുറിക്കുക. ഇത് അന്വേഷിച്ച് രോഗികൾ നെട്ടോട്ടമോടേണ്ടിവരാറുണ്ട്. ഇത്തരം ബുദ്ധിമുട്ടും കച്ചവട താൽപര്യവും തടയാനാണ് മരുന്നുകളുടെ ജനറിക് പേരുമാത്രം രേഖപ്പെടുത്താൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നത്. ഇതുപ്രകാരം കുറിപ്പടിയിൽ മരുന്ന് എന്താണെന്നും അത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഗുണവും ദോഷവും രേഖപ്പെടുത്തണമെന്നും നിഷ്കർഷിച്ചിട്ടുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.