തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകൾ കൂടുതലും പ്രഹരശേഷി കുറഞ്ഞ ഒമിക്രോണാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ അധികം ആശങ്കവേണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, ദേശീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജാഗ്രതയിൽ കുറവ് വരുത്തേണ്ടതില്ലെന്നാണ് ജില്ലകൾക്ക് നൽകുന്ന നിർദേശം. മാസ്ക് നിർബന്ധമാക്കിയതോടെ പൊതുയിടങ്ങളിലും വാഹനങ്ങളിലുമടക്കം മാസ്ക് ധരിച്ചെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അതേസമയം, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ വ്യക്തിഗത സുരക്ഷ മാനദണ്ഡങ്ങളിൽ പഴയ ആവേശം പൊതുവിലില്ല. ഒമിക്രോണിനൊപ്പം വൈറൽ പനിയും പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ. സർക്കാർ -സ്വകാര്യ ആശുപത്രികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ സർക്കാർ വെബ് സൈറ്റ് വഴി ലഭ്യമാക്കുന്നത് ആരോഗ്യവകുപ്പ് അവസാനിപ്പിച്ചു. ഓരോ ദിവസത്തെയും രോഗങ്ങളുടെ കണക്ക് ലഭിക്കുന്ന പൊതുജനാരോഗ്യ പട്ടികയിൽനിന്നും കോവിഡ് കണക്ക് ഒഴിവാക്കി. മുൻ മരണക്കണക്ക് പട്ടികയിൽ ചേർക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്ന കാരണം പറഞ്ഞാണ് കോവിഡ് കണക്ക് പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ജില്ല തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിച്ചിരുന്ന കോവിഡ് ബുള്ളറ്റിൻ കഴിഞ്ഞ വർഷം ഏപ്രിലിൽതന്നെ അവസാനിപ്പിച്ചിരുന്നു. പൊതുജനങ്ങൾക്കോ ആരോഗ്യ പ്രവർത്തകർക്കോ ഇനി കോവിഡ് അറിയണമെങ്കിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ തിരയണം. ഒരു ദിവസം മുമ്പുള്ള കണക്ക് മാത്രമാണ് ഇതിൽ ലഭിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.