കോവിഡ് ഒമിക്രോൺ വകഭേദം ബാധിച്ചവരിൽ 56%-ൽ അധികം ആളുകളും തങ്ങൾക്കുണ്ടായ രോഗബാധയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് പഠനം. ആഗസ്റ്റ് 17 ന് ജാമാ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠന നിഗമനമാണിത്. കോവിഡ് വാക്സിനേഷൻ എടുത്ത ആളുകളിൽ ഒമിക്രോൺ താരതമ്യേന നേരിയ ലക്ഷണങ്ങളോ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ ഇല്ലാതെയോ ആണ് ബാധിക്കുന്നത്. ഇത് നല്ല വാർത്തയാണെങ്കിലും അവിചാരിതമായി വൈറസ് പടരാൻ സാധ്യതയുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
സെഡാർസ്-സിനായ് സ്മിഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഓൺ ഹെൽത്തി ഏജിംഗ് ഡയറക്ടർ ഡോ. സൂസൻ ചെംഗും കാലിഫോർണിയ, ലോസ് ഏഞ്ചൽസ്, അബോട്ട് ലബോറട്ടറീസ് എന്നിവിടങ്ങളിലെ സഹപ്രവർത്തകരും ചേർന്ന് സെഡാർസ്-സിനായ് സ്മിഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ 210 ജീവനക്കാരെയും രോഗികളെയും കുറിച്ച് നടത്തിയ പഠനത്തിലാണ് നിഗമനത്തിൽ എത്തിയത്.
ഒമിക്രോണിന് മുമ്പും ശേഷവുമുള്ള ഇവരുടെ രക്ത സാമ്പിളുകൾ ആന്റിബോഡി പരിശോധനക്കായി ശേഖരിച്ചു. ഈ രക്തസാമ്പിളുകളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികളുടെ അളവ് പരിശോധിച്ച് വിശകലനം ചെയ്താണ് ഗവേഷകർ നിഗമനത്തിലെത്തിയത്.
പഠനത്തിലെ ഭൂരിഭാഗം ആളുകളും വാക്സിനേഷൻ എടുത്തവരാണ്. ഗവേഷകർ രണ്ട് തരം ആന്റിബോഡികളാണ് പരിശോധിച്ചത്. വാക്സിനുകൾ വഴിയുണ്ടായ ആന്റിബോഡികൾ, വൈറസ് ബാധിച്ചതിന് ശേഷം ഉണ്ടായ ആന്റിബോഡികൾ.
പഠനത്തിന്റെ തുടക്കത്തിൽ, എല്ലാ സന്നദ്ധപ്രവർത്തകർക്കും രോഗബാധമൂലമുള്ള ആന്റിബോഡികൾ ഒരു നിശ്ചിത പരിധിയിൽ താഴെയായിരുന്നു. ഇത് അടുത്തിടെ വൈറസ് ബാധിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. പിന്നീട് ആൻറിബോഡിയുടെ അളവ് വർദ്ധിച്ചത് രോഗബാധമൂലമാണെന്ന് വ്യക്തമാകുന്നു. പങ്കെടുക്കുന്നവർ രോഗ ലക്ഷണങ്ങളെ വിവരിക്കുന്ന ആരോഗ്യ സർവേകളും പഠന കാലയളവിൽ അവർക്ക് കോവിഡ് ബാധയുണ്ടോ എന്ന് നിർണ്ണയിക്കാൻ PCR പരിശോധനയും നടത്തി.
PCR പരിശോധനയിൽ പോസിറ്റീവ് ആയ 56% ആളുകൾക്കും തങ്ങൾ രോഗബാധിതരാണെന്ന് അറിയില്ല. COVID-19 ന്റെ ലക്ഷണങ്ങളൊന്നും ഇല്ലാത്ത അവസ്ഥ, അല്ലെങ്കിൽ ജലദോഷമോ അലർജിയോ പോലെ നേരിയ ലക്ഷണങ്ങൾ മാത്രമോ ആണ് അനുഭവപ്പെട്ടത്. ഈ പഠനം, SARS-CoV-2 അണുബാധയിൽ 25 മുതൽ 40 ശതമാനം വരെ ലക്ഷണങ്ങളില്ലാത്തവയായിരിക്കുമെന്ന ആദ്യ കാല പഠനത്തെ പിന്തുണക്കുന്നതാണ്. അതേസമയം, രോഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളെ ബുദ്ധിമുട്ടേറിയതാക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.