തിരുവനന്തപുരം: പരിശോധനയില്ലാതെ വ്യാജന്മാരും ഗുണനിലവാരമില്ലാത്ത ചാത്തൻ മരുന്നുകളും ഒഴുകിയെത്തുമ്പോഴും തടയാനോ നിയന്ത്രിക്കാനോ സംവിധാനമില്ലാതെ കേരളത്തിലെ മരുന്നുവിപണി. പഴയ നികുതി സംവിധാനം മാറി ജി.എസ്.ടി വന്നതോടെ ചെറുകിടക്കാർക്കും നേരിട്ട് കമ്പനികളിൽനിന്ന് മരുന്ന് വാങ്ങാമെന്ന സ്ഥിതിയാണ്. ഇതിന്‍റെ കണക്കുകളാകട്ടെ സർക്കാറിന്‍റെയോ ബന്ധപ്പെട്ട ഏജൻസികളുടെയോ കൈകളിലെത്തില്ല. ഈ സാധ്യത കൂടി മുതലാക്കിയാണ് വ്യാജമരുന്നുകളടക്കം വിപണിയിലേക്കൊഴുകുന്നത്.
സംസ്ഥാനത്തെ മരുന്നുവിൽപനയുടെ 88 ശതമാനവും കൈയാളുന്നത് സ്വകാര്യ കമ്പനികളാണെന്നാണ് സർക്കാർ കണക്കുകൾ. 2020-2021 സാമ്പത്തികവർഷം 3726 കോടിയുടെ മരുന്ന് വിൽപനയാണ് സ്വകാര്യ കമ്പനികൾ കേരളത്തിൽ നടത്തിയത്. അതേസമയം സർക്കാർ സ്ഥാപനങ്ങളുടെ മരുന്നുവിപണനം 502 കോടിയുടേത് മാത്രമാണ് (12 ശതമാനം). ഇത് ഔദ്യോഗിക കണക്കാണെങ്കിലും ഇരട്ടി വിൽപനയുണ്ടെന്നാണ് മരുന്നുവിപണന മേഖലയിലെ ഏജൻസികൾ നൽകുന്ന വിവരം. വിവിധ ബ്രാൻഡുകളുടെ മൂന്ന് ലക്ഷത്തോളം ബാച്ച് മരുന്നുകൾ പരിശോധിക്കാൻ സംസ്ഥാനത്ത് ആകെയുള്ളത് 47 ഡ്രഗ് ഇൻസ്പെക്ടർമാരാണ്. പ്രതിമാസം നടക്കുന്ന പരിശോധനകളാകട്ടെ ആയിരത്തിൽ താഴെയും.
ഉപയോഗിക്കുന്നയാളെ സംബന്ധിച്ച് തെരഞ്ഞെടുപ്പുകൾക്കോ സ്വയം തീരുമാനങ്ങൾക്കോ സാധ്യതയില്ലാത്ത മേഖലയാണ് മരുന്നുവാങ്ങൽ. ആന്‍റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായി ഉപയോഗമൂലം രോഗാണുക്കള്‍ മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി നേടുന്ന സാഹചര്യമുണ്ടാകുന്നതായി (ആന്‍റിമൈക്രോബിയൽ റെസിസ്റ്റൻസ്) ആരോഗ്യവകുപ്പ് തന്നെ സമ്മതിക്കുന്നു. പ്രതിരോധശേഷിയാര്‍ജിച്ച രോഗാണുക്കൾ ചികിത്സരംഗത്ത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
മരുന്നുകളേല്‍ക്കാത്ത രോഗാണുക്കൾ ചികിത്സയുടെ കാലയളവ് കൂട്ടാനും കൂടുതല്‍നാള്‍ ആശുപത്രിയില്‍ കഴിയാനും ഇടയാക്കുമെന്നതാണ് വെല്ലുവിളി.
ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട് പ്രകാരം അവശ്യഘട്ടങ്ങളിൽ രോഗിക്ക് ഡോക്ടർ നേരിട്ട് മരുന്ന് നൽകാമെന്ന നിയമപരിരക്ഷയുണ്ട്. ഈ പഴുതുപയോഗിച്ച് ഡ്രഗ് ലൈസൻസില്ലാതെ മരുന്നുകച്ചവടം നടത്തുന്ന പ്രവണതയും വ്യാപകമാണ്. ശക്തിയേറിയ ആന്‍റിബയോട്ടിക്കുകള്‍, ആസക്തിയുണ്ടാകുന്ന തരത്തിലുള്ള മരുന്നുകള്‍ എന്നിവ കുറിപ്പടിയില്ലാതെ വില്‍ക്കാന്‍ പാടില്ലെങ്കിലും ഇതും സ്വതന്ത്രമായി നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.