വേദന സംഹാരിയായ മെഫ്റ്റാൽ പതിവായി ഉപയോഗിക്കുന്നവരാണോ? ഇനിയെങ്കിലും രണ്ടുവട്ടം ചിന്തിക്കണം

​തലവേദനയോ ആർത്തവ വേദനയോ അനുഭവപ്പെട്ടാൽ വേദന സംഹാരിയായ മെഫ്റ്റാലിനെ ആശ്രയിക്കുന്നവരാണോ നിങ്ങൾ​? തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇതു കഴിക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കുന്നത് നല്ലതായിരിക്കും. വേദന സംഹാരിയായ മെഫ്റ്റാലിന്റെ ദോഷഫലങ്ങളെ കുറിച്ച് അടുത്തിടെ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ മുന്നറിയിപ്പ് നൽകുകയുണ്ടായി. മരുന്നിൽ മെഫെനാമിക് ആസിഡ് ഉണ്ടെന്ന് ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ പറഞ്ഞു. ഇത് കടുത്ത അലർജി പ്രശ്നങ്ങൾക്ക് കാരണമാകും.

മെഫ്റ്റാൽ കഴിച്ചാൽ ചിലയാളുകളുടെ ശരീരത്തിൽ തിണർപ്പും പനിയും അനുഭവപ്പെടാം. കുറെ കഴിഞ്ഞാൽ ആന്തരികാവയവങ്ങൾക്ക് തന്നെ കേടുപാടുകൾ സംഭവിക്കാം. മരുന്ന് ദിവസേന കഴിച്ചാൽ ദഹന നാളത്തി​ന് പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത്തരം മരുന്നുകൾ ദീർഘകാലം ഉപയോഗിച്ചാൽ വയറ്റിൽ അൾസറുണ്ടാക്കും. ചികിത്സിച്ചില്ലെങ്കിൽ ഈ അൾസർ കാൻസറായി മാറാനും സാധ്യതയുണ്ട്. അതുപോലെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഈ മരുന്ന് നല്ലതല്ല. അതിനാൽ ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ ഈ മരുന്ന് കഴിക്കുന്നത് ഒഴിവാക്കണം. അതേസമയം രോഗലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.

ഒരു നോൺ സ്റ്റിറോയ്ഡ് ആന്റി ഇൻഫ്ലമേറ്ററി മരുന്നാണ് മെഫ്റ്റാൽ. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് രോഗികളും ആർത്തവ വേദന കുറക്കാനും ഈ മരുന്ന് പതിവായി ഉപയോഗിക്കുന്നവരുണ്ട്. മരുന്ന് സ്ഥിരമായി കഴിക്കുന്നവരിൽ ശരീര ഭാരം വർധിക്കും. ചിലർക്ക് ചർമത്തിൽ തിണർപ്പോ പാടോ പോലുള്ള അലർജി പ്രശ്നങ്ങളുണ്ടാക്കും. ചിലരിൽ രക്തം കലർന്ന മൂത്രം പോകും. മൂ​ത്രമൊഴിക്കുമ്പോൾ വേദനയനുഭവപ്പെടാം. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഈ മരുന്ന് ഒരിക്കലും കഴിക്കരുതെന്നും നിർദേശമുണ്ട്.

തലവേദന, ആര്‍ത്തവ വേദന, പേശീവേദന, സന്ധിവേദന എന്നിവയകറ്റാനായി ഇന്ത്യയിലെ ജനങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന മരുന്ന് കൂടിയാണ് മെഫെനാമിക് ആസിഡ് എന്ന മെഫ്റ്റാല്‍. കൂടാതെ കുട്ടികളിലുണ്ടാകുന്ന പനിക്കും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്.

ബ്ലൂ ക്രോസ് ലബോറട്ടറീസിന്റെ മെഫ്റ്റാൽ, മാന്‍കൈന്‍ഡ് ഫാര്‍മയുടെ മെഫ്കൈന്‍ഡ് പി, ഫൈസറിന്റെ പോണ്‍സ്റ്റാന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഫനോര്‍മം എന്നിവയാണ് ഈ മരുന്നിന്റെ വിവിധ ബ്രാന്‍ഡുകള്‍. 

Tags:    
News Summary - This painkiller can damage your health in the long run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.