ഈ വർഷം 6000 പേർക്ക് കുരങ്ങ് വസൂരി ബാധിച്ചു; മൂന്ന് മരണം; വിദേശത്തു നിന്ന് വരുന്നവരെ നിരീക്ഷിക്കാൻ ഇന്ത്യ


ന്യൂഡൽഹി: രാജ്യത്ത് കുരങ്ങ് വസൂരി ബാധിച്ച രണ്ടാമത്തെ കേസും റിപ്പോർട്ട് ചെയ്തതോടെ വിദേശത്തു നിന്നു വരുന്നവരെ നിരീക്ഷിക്കുന്നതിനായി സംവിധാനമൊരുക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം. 31 കാരനായ കണ്ണൂർ സ്വദേശിക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നത്. കഴിഞ്ഞ ആഴ്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം കേരളം സന്ദർശിച്ചിരുന്നു.

ഈ വർഷം തുടക്കം മുതൽ ലോകത്തെ 60 രാജ്യങ്ങളിലായി 6000 ഓളം കുരങ്ങ് വസൂരി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ മൂന്നു മരണവും സംഭവിച്ചു.

അസുഖത്തെ ഭയപ്പെടാനില്ലെന്നും എന്നാൽ കോവിഡിനെ അപേക്ഷിച്ച് ഇത് കുട്ടികളിൽ മാരകമാകുമെന്നും ​എയിംസ് മെഡിസിൻ ഡിപ്പാർട്ട്മെന്റ് അഡീഷണൽ പ്രഫസർ ​പീയുഷ് രഞ്ജൻ പറഞ്ഞു.

കുരങ്ങ് വസൂരിയുടെ വ്യാപന സാധ്യത വളരെ കുറവാണ്. എന്നാൽ കുട്ടികളിൽ കോവിഡിനെ അപേക്ഷിച്ച് മാരകമാകും. രോഗിയുമായി കൂടുതൽ നേരം അടുത്തിടപഴകിയാൽ മാത്രമാണ് രോഗം പകരുക. അതിനാൽ വ്യാപന സാധ്യത കുറവാണ്.

കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങൾ സ്മോൾ പോക്സും ചിക്കൻപോക്സുമായി സാമ്യമുള്ളതാണ്. രോഗിയുമായി ബന്ധപ്പെടേണ്ടി വന്നവരെല്ലാം രോഗ്യ സാധ്യത മുന്നിൽ കാണണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അത്തരക്കാർ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെ​ടാതെ ക്വാറന്റീനിൽ തുടരണം. ഡോക്ടർമാർ പരിശോധിച്ച് രോഗസാധ്യത ഇല്ലെന്ന് ഉറപ്പു വരുത്തുന്നതുവരെ നിരീക്ഷണത്തിൽ തന്നെ കഴിയണമെന്നും അധികൃതർ നിർദേശിക്കുന്നു.

പ്രത്യേക ചികിത്സകളൊന്നും കുരങ്ങ് വസൂരിക്കല്ല. ലക്ഷണങ്ങൾക്കനുസൃതമായ ചികിത്സയാണ് നൽകുന്നത്. ആന്റി ​വൈറൽ മരുന്നുകളും നൽകുന്നു.

രാജ്യത്തെ 15 വൈറസ് റിസർച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടറികൾക്ക് കുരങ്ങ് വസൂരി കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകൾ നടത്താൻ പുനെ ഐ.സി.എം.ആർ -എൻ.ഐ.വി പരിശീലനം നൽകിയിട്ടുണ്ട്.

കാനഡ, യു.കെ, യു.എസ് എന്നിവിടങ്ങളിൽ കുരങ്ങ് വസൂരിക്കെതിരായി റിങ് വാക്സിൻ ഉപയോഗിക്കുന്നുണ്ട്. 

Tags:    
News Summary - This year 6,000 people contracted monkeypox; Three deaths; India to monitor arrivals from abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.