ന്യൂഡൽഹി: കോവാക്സിൻ എടുത്തവരെ കോവിഷീൽഡു കൂടി എടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സുപ്രീംകോടതിയിൽ. ഇരട്ട വാക്സിനേഷന് അനുമതി നൽകാൻ കോടതിക്ക് എങ്ങനെ കഴിയുമെന്ന് ജഡ്ജിമാർ. കോവാക്സിൻ എടുത്ത വിദ്യാർഥികളും ബിസിനസുകാരും അടക്കമുള്ളവരുടെ വിദേശയാത്ര മുടങ്ങുന്നുവെന്നാണ് ഹരജിക്കാരനായ അഡ്വ. കാർത്തിക് സേഥ് പരാതിപ്പെട്ടത്.
ഇന്ത്യയിൽ നിർമിക്കുന്നതിൽ കോവിഷീൽഡിന് മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കോവാക്സിൻ എടുത്തവർക്ക് വിദേശ സന്ദർശനാനുമതി കിട്ടുന്നില്ല. അതുകൊണ്ട് കോവിഷീൽഡുകൂടി എടുക്കാൻ അനുവദിക്കണം. ചെലവ് സ്വയം വഹിച്ചുകൊള്ളാം.
കോടതി സർക്കാറിന് നിർദേശം നൽകിയാൽ മതി. അതെങ്ങനെ പറ്റും? കോടതി ചോദിച്ചു. രണ്ടു വാക്സിൻ എടുത്താൽ, അതിെൻറ പ്രത്യാഘാതം എന്തായിരിക്കുമെന്ന് ആർക്കും അറിയില്ല. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും കോടതിയുടെ പക്കലില്ല. മെഡിക്കൽ കാര്യങ്ങൾ ആ മേഖലയിലെ വിദഗ്ധരാണ് പഠനവും പരീക്ഷണവും നടത്തി തീരുമാനിക്കുന്നത്. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ കണ്ടിട്ടുണ്ട്.
തീരുമാനം വരുന്നതുവരെ നമുക്ക് കാത്തിരിക്കാം. ഹരജിക്കാരെൻറയും മറ്റും ഉത്കണ്ഠ മനസ്സിലാക്കുന്നു. ദീപാവലി അവധി കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. അപ്പോഴേക്ക് തീരുമാനം വരുന്നുണ്ടോ എന്നുനോക്കാം -കോടതി പറഞ്ഞു.
മതിയായ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാതെ നടക്കുന്ന വാക്സിനേഷൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു ഹരജി കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് തള്ളിയിരുന്നു. ലോകം മുഴുവൻ വാക്സിനേഷൻ നടക്കുേമ്പാൾ ഇത്തരമൊരു ഹരജി നൽകുന്നതിെൻറ സാംഗത്യം കോടതി ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.