കോഴിക്കോട്: സ്മാർട്ട് ഫോണുകളുടെ കാലത്ത് കേൾവിയാണ് ഈ തലമുറ നേരിടാൻ പോകുന്ന വലിയ പ്രശ്നമെന്ന് ലോകാരോഗ്യ സംഘടന. 2050 ആകുമ്പോഴേക്കും 9000 ദശലക്ഷം ആളുകൾക്ക് സ്മാർട്ട്ഫോണുകൾ വഴിയുള്ള കേൾവിക്കുറവ് അനുഭവപ്പെടുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. വിനോദ പരിപാടികളുടെ ആസ്വാദനത്തിലൂടെ മാത്രം ലക്ഷംകോടി യുവാക്കൾ കേൾവി പ്രശ്നത്തിന്റെ ഭീഷണിയിലാണ്. 12-35 പ്രായക്കാരിൽ 50 ശതമാനവും ഫോണിൽ അമിത ശബ്ദം കേൾക്കുന്നവരാണ്. 40 ശതമാനം പേർ ക്ലബുകളിലെയും മറ്റ് വിനോദ പരിപാടികളിലുടെയും ഉച്ചത്തിലുള്ള ശബ്ദത്തിനിരയാകുന്നു. ഇതു ഭാവിയിൽ അവരുടെ കേൾവിയെ രൂക്ഷമായി ബാധിക്കും.
ഹെഡ്ഫോൺ വഴി ഉച്ചത്തിൽ പാട്ടുകേൾക്കുന്നത് പുതുതലമുറക്ക് ആവേശമാണ്. ഗാനമേളകൾ, രൂക്ഷമായ പശ്ചാത്തല സംഗീതത്തോടു കൂടിയ പാട്ടുകൾ, ഡിസ്കോകൾ, ഉയർന്ന ശബ്ദത്തിലുള്ള വിഡിയോ ഗെയിമുകൾ തുടങ്ങി കേൾക്കുന്നതെല്ലാം ഉയർന്ന ശബ്ദമാണ്. 2050 ആകുമ്പോഴേക്കും കേൾവിക്കുറവ് വലിയ പ്രശ്നമാകും. അതിനെ മറികടക്കാൻ സുരക്ഷിതമായ കേൾവി എന്ന ആശയമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്നത്. ചെവിക്ക് സുരക്ഷിതമായ ശബ്ദം മാത്രം കേൾക്കുക, ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നതിന്റെ ദൈർഘ്യം കുറക്കുക എന്നിവ നിർദേശങ്ങളിൽപെടും
അപകടമില്ലാതെ എങ്ങനെ കേൾക്കാം
60 ഡെസിബെൽ ശബ്ദം വരെ ഉപാധികളില്ലാതെ കേൾക്കാം. അതിൽ കൂടുന്നതിനനുസരിച്ച് കേൾക്കുന്നതിന്റെ ദൈർഘ്യം കുറക്കേണ്ടി വരും. 80 ഡി.ബി ആണെങ്കിൽ ആഴ്ചയിൽ 40 മണിക്കൂറും 90 ഡി.ബി ആണെങ്കിൽ ആഴ്ചയിൽ നാലു മണിക്കൂറും കേൾക്കാം. 100 ഡി.ബി ആണെങ്കിൽ ആഴ്ചയിൽ 20 മിനുട്ട് മാത്രമേ കേൾക്കാവൂ എന്നാണ്ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. കുറേസമയം ഒറ്റയിരിപ്പിൽ ഉയർന്ന ശബ്ദം കേൾക്കാതെ ഇടക്കിടെ ഇടവേളയെടുക്കാം. പുറത്തുനിന്നുള്ള ശബ്ദങ്ങൾ ഒഴിവാക്കുന്ന തരത്തിലുള്ള ഹെഡ്ഫോണുകൾ ഉപയോഗിക്കാം. കൂടുതൽ ശബ്ദമുള്ള ഇടങ്ങളിൽനിന്ന് മാറി നിൽക്കുക തുടങ്ങിയ മുൻകരുതലെടുക്കാം.
ഉയർന്ന ശബ്ദം മൂലം ചെവിയിലെ കോക്ലിയക്ക് തകരാർ സംഭവിക്കുന്നതാണ് കേൾവിക്കുറവിനിടയാക്കുന്നത്. അതിനാൽ നാം എത്ര ശബ്ദം കേൾക്കുന്നെന്ന് കണക്കാക്കി സുരക്ഷിതമായി ജീവിക്കേണ്ടത് ആവശ്യമാണ്. എത്ര ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നെന്ന് കണക്കാക്കാനായി ഹിയർ ഏയ്ഞ്ചൽ, ഡി.ബി ട്രാക്ക് തുടങ്ങിയ ആപുകൾ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ചെവിയിൽ മൂളക്കം അനുഭവപ്പെടുക, ശബ്ദമുള്ള അന്തരീക്ഷത്തിൽ കേൾക്കാൻ ബുദ്ധിമുട്ടുക, ഫോൺ സംഭാഷണങ്ങൾ കേൾക്കാൻബുദ്ധിമുട്ടനുഭവപ്പെടുക തുടങ്ങിയവ കേൾവിക്കുറവിന്റെ ലക്ഷണങ്ങളാണ്. hearWHO എന്ന ആപുവഴി കേൾവി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.