രഹസ്യമായി സ്വന്തം ബീജം വന്ധ്യത ചികിത്സക്ക് ഉപയോഗിച്ചു; 34 വർഷം മുമ്പ് ചികിത്സിച്ച ഡോക്ടർക്കെതിരെ കേസ് നൽകി യു.എസ് യുവതി

വാഷിങ്ടൺ: വന്ധ്യത ചികിത്സക്കിടെ ഡോക്ടർ രഹസ്യമായി ബീജം തന്റെ ഗർഭപാത്രത്തിൽ കുത്തിവെച്ചുവെന്ന് പരാതിപ്പെട്ട് യു.എസ് യുവതി. 34 വർഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോൾ 67 വയസുള്ള ഷാരോൺ ഹയസ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സ്​പൊകാനെ കൗണ്ടി സുപ്പീരിയർ കോടതിയിലാണ് ഷാരോൺ പരാതി നൽകിയത്.

വാഷിങ്ടണനിലെ സ്​പോകനിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ. ഡേവിഡ് ആർ. ​ക്ലെപൂളിന്റെ അടുത്താണ് ഇവർ ചികിത്സ തേടിയിരുന്നത്. കുട്ടികളുണ്ടാവാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് ഷാരോണും ഭർത്താവും ചികിത്സക്കെത്തിയത്. അജ്ഞാതനായ ഒരാളായിരുന്ന ബീജം നൽകിയത്. ദാതാവിന്റെ കാര്യത്തിൽ മുടി, കണ്ണിന്റെ നിറം എന്നിവ അടിസ്ഥാനമാക്കി ചില നിർബന്ധങ്ങളും ഷാരോൺ മുന്നോട്ട് വെച്ചിരുന്നു. ജനിതക പരിശോധനക്ക് വിധേയമാക്കി മാത്രമേ ​ദാതാവിനെ തെരഞ്ഞെടുക്കുകയുള്ളൂ എന്ന് ഡോക്ടർ ഉറപ്പുനൽകിയെന്നും ഷാരോൺ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഓരോ ചികിത്സക്കും ഡോക്ടർ 100 ഡോളർ വെച്ചാണ് ഫീസ് വാങ്ങിയത്. ഈ പൈസ ബീജം ദാനം ചെയ്യുന്ന മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് നൽകാനാണെന്നാണ് ഡോക്ടർ പറഞ്ഞത്. 33 വർഷം വരെ ഡോക്ടർ തന്നെയാണ് ബീജദാതാവെന്ന കാര്യം ആരും അറിഞ്ഞില്ല.

വന്ധ്യത ചികിത്സ വഴി ജനിച്ച ഷാരോണിന്റെ മകൾ ​ബ്രിയന്ന ഹായസ്(33) ബയോളജിക്കൽ പിതാവിനെ കണ്ടെത്താൻ ഡി.എൻ.എ പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഒരു വെബ്സൈറ്റിലാണ് ഡി.എൻ.എ ടെസ്റ്റിനായുള്ള വിവരങ്ങൾ നൽകിയത്. തുടർന്ന് ഡോക്ടർ ഡേവിഡ് ആർ. ​ക്ലെപൂൾ ആണ് പിതാവെന്ന് ബ്രിയന്ന മനസിലാക്കി. മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടി ബ്രിയന്ന കണ്ടെത്തി. തനിക്ക് ചുരുങ്ങിയത് 16 അർധസഹോദരങ്ങൾ കൂടിയുണ്ടെന്നാണ് ബ്രിയന്ന മനസിലാക്കിയത്.

ചികിത്സ തേടിയ മറ്റേതെങ്കിലും സ്ത്രീകൾ ഡോക്ടർക്കെതിരെ പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. തീർച്ചയായും ഇത് ഒരു ഐഡന്റിറ്റി ക്രൈസിസ് ആണ്. എന്റെ ജീവിത കാലംമുഴുവൻ ഇക്കാര്യം എന്നിൽ നിന്ന് മറച്ചുവെക്കപ്പെട്ടു. എ​ന്റെ അമ്മയെ ഓർത്ത് എനിക്ക് വലിയ ആഘാതം വന്നു. ഞാൻ അയാളുടെ ചെയ്തികളുടെ അനന്തരഫലമാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടമായി.-എന്നാണ് ബ്രിയന്ന പ്രതികരിച്ചത്.

Tags:    
News Summary - US Woman Sues Doctor Who Secretly Inseminated Her With His Sperm 34 Years Ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.