തിരുവനന്തപുരം: കുട്ടികളുടെ വാക്സിൻ എടുക്കാൻ എത്തുമ്പോൾ മറ്റ് അസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണമെന്ന് നിർദേശം. കോവിഡ് വന്ന കുട്ടികള്‍ മൂന്നുമാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതിയാകും. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ അലര്‍ജിയോ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാക്‌സിനേഷൻ സ്ഥലത്തേക്ക് വിടുക. ഒരിക്കല്‍ക്കൂടി വാക്‌സിനേറ്റര്‍ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച ശേഷം വാക്‌സിന്‍ നല്‍കും.
അര മണിക്കൂര്‍ നിരീക്ഷിച്ച് മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ തിരികെ പോകാം. ഭക്ഷണം കഴിച്ചതിനു ശേഷമാണ് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ കുടിക്കാനുള്ള വെള്ളം അവരവര്‍ കരുതുന്നതാണ് നല്ലത്.
കഴിവതും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം വാക്‌സിനേഷൻ കേന്ദ്രത്തില്‍ എത്തണം. ഓരോരുത്തരും രജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുക. പിന്നീടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ തെറ്റുകൂടാതെ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആദ്യ ഡോസ് വാക്‌സിൻ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
രജിസ്റ്റര്‍ ചെയ്തപ്പോൾ ലഭിച്ച മൊബൈല്‍ മെസേജോ പ്രിന്‍റൗട്ടോ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നൽകാം. ആധാര്‍ കാര്‍ഡോ അതില്ലെങ്കില്‍ സ്‌കൂള്‍ ഐഡി കാര്‍ഡോ മറക്കാതെ കൈവശം കരുതണം. രജിസ്‌ട്രേഷന്‍ ചെയ്ത സമയത്തെ ഫോണ്‍ നമ്പറുമുണ്ടാകണം. രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ കുട്ടിയുടെ മറ്റു വിവരങ്ങള്‍ ലഭ്യമാകും. ഒമിക്രോണ്‍ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. കുട്ടികളായതിനാല്‍ സമയമെടുത്തായിരിക്കും വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സൂപ്പര്‍വൈസറും വാക്‌സിനേറ്ററുമുണ്ടാകും.
എല്ലാ കുട്ടികളെയും വാക്സിനെടുപ്പിക്കാൻ അധ്യാപകരും പി.ടി.എയും മുൻകൈയെടുക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ക്ലാസുകളിൽ ഇതിനു ബോധവത്കരണ പ്രവർത്തനം നടത്തണം. രക്ഷാകർത്താക്കളുമായും അധ്യാപകർ ആശയവിനിമയം നടത്തണം. സി.ബി.എസ്.ഇ അടക്കം മറ്റു സ്ട്രീമുകളുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
ജനറൽ-ജില്ല-താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വാക്സിൻ വിതരണം നടക്കും. ജനുവരി 10 വരെയാണ് ഈ ക്രമീകരണം. പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ചൊവ്വ, വെള്ളി, ശനി ഞായർ ദിവസങ്ങളിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.