കൊച്ചി: കളമശേരിയിലെ കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിർമാണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. എറണാകുളം ജനറല്‍ ആശുപത്രി കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ ആരോഗ്യമേഖലയില്‍ സമീപകാലത്ത് വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. കൊച്ചിയിലെയും സമീപപ്രദേശത്തെ കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ആധുനിക മുഖമാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്. ആര്‍ദ്രം മിഷനിലൂടെ രോഗി സൗഹൃദ, ജനസൗഹൃദ ആശുപത്രികള്‍ ഒരുക്കുക എന്നതിനൊപ്പം തന്നെ സര്‍ക്കാര്‍ ആശുപത്രികളിലും സ്‌പെഷാലിറ്റി, സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിവരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആധുനിക ചികിത്സാരംഗത്ത് മികച്ച മുന്നേറ്റങ്ങളാണ് അനുദിനം എറണാകുളം ജനറല്‍ ആശുപത്രി കാഴ്ചവയ്ക്കുന്നത്. വൃക്ക മാറ്റിവെക്കുന്നതിന് ലൈസന്‍സ് ലഭിച്ച രാജ്യത്തെ തന്നെ ആദ്യ ജനറല്‍ ആശുപത്രി എന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചു. തുറന്ന ഹൃദയശസ്ത്രക്രിയ തുടങ്ങിയ ആധുനിക ചികിത്സാരീതികളും വിജയകരമായി ഇവിടെ സാധ്യമാകുന്നു. ഓങ്കോളജി വിഭാഗത്തില്‍ ഇരുന്നൂറ്റിയമ്പതോളം ഒ.പി രോഗികളാണ് ദിനംപ്രതി എത്തുന്നത്. 25ല്‍ അധികം അഡ്മിഷനുകള്‍ നല്‍കുന്നുണ്ട്. നാല്‍പതോളം കീമോതെറാപ്പി സേവനങ്ങളും, 15 റേഡിയോതെറാപ്പി സേവനങ്ങളും ദിനംപ്രതി നല്‍കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിലെ എല്ലാ മണ്ഡലങ്ങളിലും കാന്‍സര്‍ ഗ്രിഡ് രൂപീകരിച്ചു. ജനറല്‍ ആശുപത്രിയുടെയും കൊച്ചി കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ നടക്കുന്ന തൂവല്‍ സ്പര്‍ശം സ്തനാര്‍ബുദ നിര്‍ണയ പദ്ധതി മികച്ചതാണ്. മരുന്നുകള്‍ കഴിക്കാതെ തന്നെ ജീവിതശൈലിയിലെ മാറ്റം കൊണ്ട് ജീവിതശൈലി രോഗങ്ങളെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് അടുത്ത ഘട്ടത്തില്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.