വാഷിങ്ടൺ: എച്ച്.പി.എം.വി വൈറസ് രോഗബാധ ആശങ്കയുണ്ടാക്കുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരിച്ച് ലോകാരോഗ്യ സംഘടന. ബുധനാഴ്ചയാണ് ചൈനയിലെ വൈറസ് ബാധയെ കുറിച്ച് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. അസാധാരണമായ രോഗവ്യാപനം ചൈനയിൽ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.
വൈറസിന്റെ വ്യാപനം മൂലം ചൈനയിൽ ആരോഗ്യസംവിധാനങ്ങൾ തകർന്നു പോയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയിൽ എച്ച്.എം.പി.വി വൈറസിന്റെ ആറ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
ആരോഗ്യസംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത രീതിയിലുള്ള രോഗബാധ ഉണ്ടായിട്ടില്ലെന്ന് ചൈനീസ് അധികൃതർ അറിയിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ കുറച്ച് ആളുകൾ മാത്രമേ ആശുപത്രിയിൽ ഉള്ളു. ഇപ്പോൾ എച്ച്.എം.പി.വി വൈറസിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.
നിലവിൽ യാത്ര, വ്യാപാര നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എച്ച്.എം.പി.വി പുതിയ വൈറസല്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ഡോക്ടറായ മാർഗരറ്റ് ഹാരിസ് പറഞ്ഞു. അതിന്റെ പേര് അസാധാരണമാണ്. എന്നാൽ പുതിയ വൈറസല്ല. 2001ലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ദീർഘകാലമായി മനുഷ്യരോടൊപ്പം വൈറസുണ്ട്. ശൈത്യകാലത്തും ശരത് കാലത്തുമാണ് വൈറസ് സാധാരണയായി പടരുക. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ തന്നെയാവും എച്ച്.എം.പി.വിക്കും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശ്വാസകോശ രോഗികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെന്നാണ് ചൈനയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.