വാഷിങ്ടൺ: മങ്കിപോക്സിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ലോകാരോഗ്യസംഘടന. വിവിധ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജൂണിൽ മങ്കിപോക്സിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന ചർച്ച നടത്തിയിരുന്നു. എന്നാൽ, രോഗതീവ്രത വർധിക്കാത്ത സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്.
എന്നാൽ, വൈറസ് വ്യാപനം തുടരുന്നതിനിടെയാണ് വിദഗ്ധ സമിതി ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വീണ്ടും പരിഗണിച്ചത്. ലോകരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അദാനോം ഗീബർസിയുസ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വീണ്ടും പരിഗണിക്കാൻ വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലൈ 18ന് വിദഗ്ധസമിതി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.
പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന അസാധാരണ സാഹചര്യങ്ങളുണ്ടാവുമ്പോഴാണ് ലോകാരോഗ്യ സംഘടന സാധാരണയായി ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാറ്. പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇത്തരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാറുണ്ട്. മങ്കിപോക്സ് ഇപ്പോഴും ആശങ്കയായി തുടരുന്നുവെന്നാണ് ലോകാരോഗ്യ സംഘടന ഡറക്ടറുടെ വിലയിരുത്തൽ. ഏതാണ്ട് 58 രാജ്യങ്ങളിലായി 6,000ത്തോളം മങ്കിപോക്സ് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.