ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ചുമ മരുന്നിന് ബന്ധമില്ലെന്ന് റിപ്പോർട്ട്: ​പ്രവർത്തിക്കാൻ അനുമതി തേടി കമ്പനി

ന്യൂഡൽഹി: വീണ്ടും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി തേടി മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് സർക്കാറിനെ സമീപിച്ചു. ഗാംബിയയിലെ 66 ഓളം കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ലോകാരോഗ്യ സംഘടന സംശയമുന്നയിച്ച കുട്ടികളുടെ കഫ്സിറപ്പുകൾ നിർമിക്കുന്ന കമ്പനിയാണ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ. എന്നാൽ സർക്കാർ ലബോറട്ടറിയിൽ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ ​പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ഇതേ തുടർന്നാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി തേടി മെയ്ഡർ ഫാർമസ്യൂട്ടിക്കൽ രംഗത്തെത്തിയത്.

'എനിക്ക് ഇന്ത്യൻ റെഗുലേറ്ററി- നിയമ വ്യവസ്ഥകളിൽ പൂർണ വിശ്വാസമുണ്ട്. ഞാൻ തെറ്റായൊന്നും ചെയ്തിട്ടില്ല' -മെയ്ഡൻ മാ​നേജിങ് ഡയറക്ടർ നരേഷ് കുമാർ ഗോയൽ റോയിട്ടേഴ്സിനോട് പറഞ്ഞു.

'ഞങ്ങൾ ഇപ്പോൾ ഫാക്ടറി വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷ നൽകിയിരിക്കുകയാണ്. എപ്പോൾ നടക്കും എന്നറിയില്ല. കാത്തിരിക്കുകയാണെന്നും' നരേഷ് കൂട്ടിച്ചേർത്തു.

കമ്പനി ഇറക്കുന്ന നാല് ചുമ മുരുന്നുകൾ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെ തുടർന്ന് ആരോഗ്യ വകുപ്പ് പഞ്ചാബ് സോനെപതിലുള്ള ഫാക്ടറി അടച്ചുപൂട്ടിച്ചിരുന്നു.

സിറപ്പുകളിൽ ഡൈഎഥിലീൻ ഗ്ലൈകോൾ, എഥിലീൻ ഗ്ലൈകോൾ എന്നിവ അമിതമായ അളവിൽ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ ഇത്തരം പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ഡ്രഗ് കൺ​ട്രോളർ ജനറൽ ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. അതിന് മറുപടി ലഭിച്ചിട്ടില്ല. 

Tags:    
News Summary - WHO Wrong In Linking Gambia Kids Deaths To Syrups From India, Say Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.