ജനീവ: ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്‍റെ കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തിര ഉപയോഗ അനുമതി നൽകുന്നത് പരിഗണിക്കാൻ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ഒക്ടോബർ 26ന് യോഗം ചേരുമെന്ന് ഡബ്ല്യു.എച്ച്.ഒ ചീഫ് സയന്‍റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ലോകാരോഗ്യ സംഘടന ഭാരത് ബയോടെക്കിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
'ഒക്ടോബർ 26ന് സാങ്കേതിക ഉപദേശക സംഘം യോഗം ചേരും. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഭാരത് ബയോടെക്കുമായി ചേർന്ന് ലോകാരോഗ്യ സംഘടന പ്രവർത്തിക്കുന്നുണ്ട്. അടിയന്തിര ഉപയോഗത്തിനായുള്ള അംഗീകൃത വാക്സിനുകളുടെ എണ്ണം വർധിപ്പിച്ച് എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം' -ഡോ. സ്വാമിനാഥൻ ട്വീറ്റ് ചെയ്തു.
ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനക്ക് വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ മാസങ്ങൾക്ക് മുമ്പ് തന്നെ സമർപ്പിച്ചിരുന്നു. എന്നാൽ, കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതോടെ സെപ്റ്റംബർ 27ന് വീണ്ടും സമർപ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ ഈ വിവരങ്ങൾ അവലോകനം ചെയ്യുകയാണ്. ഡബ്ല്യു.എച്ച്.ഒ ഉയർത്തിയ ചോദ്യങ്ങൾക്ക് ഇവർ കൃത്യമായ മറുപടി നൽകുകയാണെങ്കിൽ ഒരാഴ്ചക്കുള്ളിൽ അനുമതി നൽകുമെന്ന് ലോകാരോഗ്യ സംഘടന ഒക്ടോബർ ആദ്യം അറിയിച്ചിരുന്നു. അതാണിപ്പോൾ ഒക്ടോബർ 26ലേക്ക് നീട്ടിയത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി) എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് കോവാക്സിൻ വികസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.