ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 5 വയസ്സിന് താഴെയുള്ള 41 ദശലക്ഷം കുട്ടികൾ അമിതവണ്ണമുള്ളവരാണ്. ഇത് ആഗോളതലത്തിൽ വലിയ ആശങ്കകൾ ഉയർത്തുന്ന പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. ഇന്ത്യയും ഈ അപകടകരമായ പ്രവണതയിൽനിന്ന് ഒഴിവായിട്ടില്ല. കുട്ടികളിൽ അമിതവണ്ണം ഗണ്യമായി വർധിച്ചുവരുകയാണ്.
ഭക്ഷണരീതിയിൽ വന്ന മാറ്റം: കൊഴുപ്പും ഉപ്പും മധുരവും ഉയര്‍ന്ന അളവില്‍ അടങ്ങിയ പ്രൊസസ്ഡ് ഫുഡുകള്‍ ദിനേന നമ്മുടെ ഭക്ഷണരീതിയുടെ ഭാഗമായി മാറിക്കഴിഞ്ഞു. ധാന്യവും പഴവർഗങ്ങളും പച്ചക്കറികളും ധാരാളമായി അടങ്ങിയിരുന്ന പരമ്പരാഗത ഭക്ഷണരീതികള്‍ കുറഞ്ഞു. ഫാസ്റ്റ് ഫുഡ് രുചികളിലേക്ക് ആളുകൾ വഴിമാറി.
വ്യായാമമില്ലാത്ത ജീവിതരീതി: ശാരീരികാധ്വാനം ഒട്ടും ആവശ്യമില്ലാത്ത പ്രവൃത്തികളിലാണ് കുട്ടികൾക്ക് താൽപര്യം. ഓടിയും ചാടിയും ശരീരം അനങ്ങിയുമുള്ള കളികളും പ്രവൃത്തികളും തീരെ ഇല്ലാതാവുന്നത് പൊണ്ണത്തടിയിലേക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.
ബോധവത്കരണക്കുറവ്: മിക്ക രക്ഷിതാക്കള്‍ക്കും ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെയും ശാരീരികാധ്വാനത്തിന്റെയും അനിവാര്യതയെക്കുറിച്ച് പരിമിതമായ അറിവുമാത്രമേയുള്ളൂ. പോഷകസമ്പന്നമായ ഭക്ഷണരീതി തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവർ ബോധവാന്മാരാവുന്നില്ല. പൊണ്ണത്തടി കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ.
അവധിക്കാലം അടുത്തെത്തി. കുട്ടികളുടെ ആരോഗ്യകാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ ഏറ്റവും കൂടുതല്‍ ആലോചിക്കേണ്ട സമയമാണിത്.
ശാരീരികാധ്വാനം പ്രോത്സാഹിപ്പിക്കുക: കുടുംബത്തിലെ എല്ലാവര്ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള രസകരമായ ഔട്ട് ഡോര്‍ ആക്ടിവിറ്റികള്‍ പ്ലാന്‍ചെയ്യുക. അതോടൊപ്പം പ്രകൃതിയെ കൂടുതല്‍ മനസ്സിലാക്കാനും കായിക മത്സരങ്ങളിലോ ശാരീരിക ക്ഷമത വളര്‍ത്തുന്ന മറ്റ് കൂട്ടായ പ്രവൃത്തികളിലോ പങ്കാളിയാകാന്‍ അവധിക്കാലം വിനിയോഗിക്കാം.
ആരോഗ്യകരമായ ഭക്ഷണം: പഴങ്ങള്‍, പച്ചക്കറികള്‍, മൊത്തധാന്യങ്ങള്, പാലുൽപന്നങ്ങള്, ലീന്‍ പ്രോട്ടീന്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഭക്ഷണം കുട്ടികള്‍ക്ക് നൽകാന് ശ്രദ്ധിക്കുക. അമിതമായി പഞ്ചസാര അടങ്ങിയ സ്നാക്കുകള്‍, ഫ്രൈഡ് ഫുഡ്സ്, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങിയവയുടെ ഉപഭോഗം പരമാവധി കുറക്കണം. ഭക്ഷണം ഉണ്ടാക്കുമ്പോള്‍ കുട്ടികളെയും അതില്‍ പങ്കാളികളാക്കുകയും ആരോഗ്യകരമായ ഭക്ഷണരീതികള്‍ എല്ലാവര്‍ക്കുമായി തിരഞ്ഞെടുക്കുകയുമാകാം.
പോര്‍ഷന്‍ കണ്ട്രോള്: കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെക്കുറിച്ച് എപ്പോഴും ബോധ്യമുണ്ടാകണം. പ്രത്യേകിച്ച് വിരുന്നുകളിലും മറ്റ് ആഘോഷവേളകളിലും ഭക്ഷണം കഴിക്കുമ്പോള്‍ ഉയര്‍ന്ന കാലറിയുള്ള ഭക്ഷണപദാർഥങ്ങളും ഡെസേര്‍ട്ടുകളും ഒഴിവാക്കാം. ശരീരത്തിന്റെ വിശപ്പും, വിശപ്പടങ്ങലും കൃത്യമായി മനസ്സിലാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാം.
ധാരാളം വെള്ളം കുടിക്കുക: ധാരാളം വെള്ളം കുടിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. പ്രത്യേകിച്ച് ശാരീരികാധ്വാനത്തിലോ ഔട്ട്ഡോര്‍ ആക്ടിവിറ്റികളിലോ ഏര്‍പ്പെടുന്ന സമയങ്ങളില്‍. മധുരം ചേര്‍ത്തുള്ള പാനീയങ്ങൾ നിയന്ത്രിക്കണം.
സാവധാനമുള്ള ഭക്ഷണരീതി: കുട്ടികളെ എല്ലായ്പോഴും പതിയെ ഭക്ഷണം കഴിക്കാനാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഓരോ ഉരുളയുടെയും സ്വാദ് അറിഞ്ഞുകൊണ്ട്, വിശപ്പടങ്ങുന്നത് അനുഭവിച്ചറിഞ്ഞുവേണം കുട്ടി ഭക്ഷണം കഴിക്കാന്‍. ടി.വി കണ്ടുകൊണ്ടോ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചുകൊണ്ടിക്കുമ്പോഴോ ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുത്.
ട്രീറ്റുകള്‍ നിയന്ത്രിക്കാം: ട്രീറ്റുകള്‍ നല്‍കുന്നത് നല്ലതുതന്നെയാണ്. പക്ഷേ അതിന്റെ ഇടവേളകളില്‍ കൃത്യമായ ദൈര്‍ഘ്യം സൂക്ഷിക്കാം ഒപ്പം മിതത്വവും. മധുരവും ശരീരത്തിന് ഹാനികരമായ സ്നാക്കുകളും കൊണ്ട് വയറുനിറക്കുന്നതിനേക്കാള് പ്രിയപ്പെട്ടവരോടൊത്തുള്ള സമയം അർഥപൂര്‍ണമായി ചെലവഴിക്കുന്നതിനായിരിക്കണം ഓരോ ട്രീറ്റ് വേളകളും വിനിയോഗിക്കേണ്ടത്.
മതിയായ ഉറക്കം: ഉറക്കം കുറയുന്നതും ഉറക്കമില്ലായ്മയും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. മതിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ താളംതെറ്റുന്നതിനും ജങ്ക് ഫുഡുകളോട് അമിതമായ താൽപര്യം ജനിപ്പിക്കുന്നതിനും കാരണമാകുന്നു. മതിയായ വിശ്രമവും ഉറക്കവും ലഭിക്കുന്ന രീതിയില്‍ ചിട്ടയോടെ കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും കുട്ടികളെ ശീലിപ്പിക്കാം.
സ്ക്രീന്‍ ടൈമിന് പരിധി നിശ്ചയിക്കാം: ഓരോ ദിവസവും ചെലവഴിക്കാവുന്ന സ്ക്രീന്‍ ടൈമില്‍ പരിധി നിശ്ചയിക്കണം. അതുവഴി കുട്ടികളുടെ സര്‍ഗാത്മകതയും ചിന്താശേഷിയും സാമൂഹിക സമ്പര്‍ക്കങ്ങളും വളര്‍ത്തുന്ന പ്രവൃത്തികള്‍ക്കായി കൂടുതല്‍ സമയം മാറ്റിവെക്കാം.
ലളിതമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ഓരോ രക്ഷിതാവിനും അവരുടെ കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലിയും ശീലങ്ങളും വളർത്തിയെടുക്കാം. കുട്ടിക്കാലത്തുണ്ടാകുന്ന അമിതവണ്ണത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കാനും ആരോഗ്യകരമായ കുട്ടിക്കാലവും തുടർജീവിതവും ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.