കൊച്ചി: ഹൃദയം മാറ്റിവെക്കുക എന്ന് ശ്രുതി ആദ്യമായി കേൾക്കുകയായിരുന്നു. ശസ്ത്രക്രിയ എന്ന് കേട്ടപ്പോൾ ആ പെൺകുട്ടിയുടെ മനസ്സിൽ വല്ലാത്ത ഭീതി നിറഞ്ഞു. ഇന്നിപ്പോൾ കേരളത്തിൽ മാറ്റിവെച്ച ഹൃദയവുമായി ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്നയാളായി മാറിയ ശ്രുതി, തന്നിൽ മിടിക്കുന്ന ലാലിച്ചെൻറ ഹൃദയം തൊട്ട് പ്രാർഥിക്കുകയാണ്. മുറിഞ്ഞു പോകുമായിരുന്ന ഒരു ജീവെൻറ ശ്രുതിയും താളവുമാണിപ്പോൾ കടംകൊണ്ട ആ ഹൃദയം.
ചെറിയ വേദനകൾക്ക് മുന്നിൽ തളർന്നുവീഴുന്നവർ കണ്ണുതുറന്ന് കൈയടിക്കേണ്ടതാണ് ഏഴ് വർഷം മുമ്പ് ഹൃദയം മാറ്റിവെച്ച പിറവം ആരക്കുന്നം കടപ്പുറത്ത് വീട്ടിൽ ശശി-ശാന്ത ദമ്പതികളുടെ മകൾ ശ്രുതി എന്ന 32കാരിയുടെ പുഞ്ചിരിക്കുന്ന ജീവിതം. രണ്ടാം ഹൃദയവുമായി സാധാരണ ജീവിതം നയിക്കുന്ന ശ്രുതി ആരിലും ആത്മവിശ്വാസം നിറക്കുന്നു. പ്ലസ്ടുവിന് പഠിക്കുേമ്പാഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
ചുമയും ശ്വാസംമുട്ടലും. വർഷങ്ങൾ നീണ്ട ചികിത്സ. പല മരുന്നുകളും പരീക്ഷിച്ചു. ഹൃദയത്തിൽനിന്ന് രക്തം പമ്പ് ചെയ്യാൻ തടസ്സമുള്ളതായും രക്തധമനികൾ ചുരുങ്ങുന്നതായും വിശദ പരിശോധനയിൽ കണ്ടെത്തി. ഒരു വൃക്കക്ക് ജന്മനാ വലുപ്പക്കുറവുണ്ട്. ഒടുവിൽ ഡോക്ടർമാർ വിധിയെഴുതി; ഹൃദയം മാറ്റിവെക്കൽ മാത്രമാണ് പോംവഴി. മകളുടെ ജീവനുവേണ്ടി കൂലിപ്പണിക്കാരനായ ശശിയും ഭാര്യയും നെഞ്ചുരുകി പ്രാർഥിച്ചു.
അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ചങ്ങനാശ്ശേരി പാറേൽ തൈപ്പറമ്പിൽ ലാലിച്ചൻ എന്ന 43കാരെൻറ ഹൃദയം ദാനം ചെയ്യാൻ കുടുംബം തയാറായി. 2013 ആഗസ്റ്റ് 13ന് എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപുറത്തിെൻറ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിലൂടെ ലാലിച്ചെൻറ ഹൃദയം ശ്രുതിയിൽ മിടിച്ചുതുടങ്ങി.
ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ശ്രുതി പറയുന്നു. എല്ലാ കാര്യങ്ങളും മറ്റുള്ളവരെ പോലെ ചെയ്യാം. വീടിന് സമീപത്തെ സ്റ്റുഡിയോയിലാണ് ഇപ്പോൾ ജോലി. ഹൃദയത്തെ ശരീരം തിരസ്കരിക്കാതിരിക്കാൻ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണം. അതിന് പ്രതിമാസം പതിനായിരം രൂപ വേണം. ഇതുവരെ ചികിത്സക്ക് പത്ത് ലക്ഷം രൂപയോളമായി.
കുടുംബത്തിെൻറയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് തെൻറ ശക്തി. ലാലിച്ചെൻറ സഹോദരിയും ആശുപത്രിയിൽനിന്ന് ഡോക്ടർമാരും ഇടക്ക് വിശേഷം അന്വേഷിച്ച് വിളിക്കാറുണ്ട്. തന്നെയും തെൻറ പ്രശ്നങ്ങളും നന്നായി മനസ്സിലാക്കുന്ന ഒരാളെ ജീവിതപങ്കാളിയായി കണ്ടെത്താനാകുമെന്ന പ്രതീക്ഷകൂടി ശ്രുതി പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.