ഉറപ്പാക്കാം, സാന്ത്വന പരിചരണം എന്ന അവകാശം

ഗുരുതര രോഗങ്ങളോ അപകടങ്ങളോ മൂലം കിടപ്പിലാകുന്ന രോഗികൾക്ക് ചികിത്സയും പ്രത്യേക പരിചരണവും നൽകി അവരുടെയും കുടുംബത്തിന്റെയും അവസ്ഥയിൽ ഗുണകരമായ മാറ്റംവരുത്തുകയാണ് പാലിയേറ്റിവ് പരിചരണംകൊണ്ട് ലക്ഷ്യമിടുന്നത്. മറ്റ് ചികിത്സകളിൽ പ്രതീക്ഷയർപ്പിക്കാനാവാത്ത രോഗികൾക്കുള്ള പരിചരണമായാണ് ആദ്യകാലത്ത് ഇതിനെ കണക്കാക്കിയിരുന്നതെങ്കിൽ ഇപ്പോൾ ഹ്രസ്വകാല രോഗങ്ങൾക്കും രോഗചികിത്സയോടൊപ്പം സാന്ത്വന പരിചരണം നൽകിവരുന്നു. കോവിഡ് മഹാമാരിയുടെ നീരാളിപ്പിടിത്തത്തിൽനിന്ന് മോചിതരായ നിരവധിയാളുകൾക്ക് ഇപ്പോഴും പരിചരണം ആവശ്യമായി വരുന്നുണ്ട്. മരുന്നിനപ്പുറം രോഗികളുടെ മാനസികവും കുടുംബപരവും സാമൂഹികവുമായ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും പരിഹാരം കാണുന്നതിനും കേരളത്തിലെ പാലിയേറ്റിവ് പ്രവർത്തകർ ശ്രമിച്ചുപോരുന്നു. സാന്ത്വന പരിചരണ ലഭ്യതയെന്നത് ആരോഗ്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ്. കഠിനമായ അസുഖംമൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രായത്തിലുമുള്ള വ്യക്തികളുടെ സമഗ്ര പരിചരണമാണ് പാലിയേറ്റിവ് കെയർ. രോഗികളുടെയും കുടുംബങ്ങളുടെയും അവരെ പരിചരിക്കുന്നവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഇത് ലക്ഷ്യമിടുന്നു. പാലിയേറ്റിവ് കെയർ, രോഗസമയത്തും, മരണ ശേഷമുള്ള സമയത്തും രോഗിയുടെ കുടുംബത്തിനും പരിചരണം നൽകുന്നവർക്കും പിന്തുണ നൽകുന്നു. പാലിയേറ്റിവ് പരിചരണമെന്നത് കുടുംബാംഗങ്ങളും ആരോഗ്യ പ്രവർത്തകരും രോഗിക്ക് നൽകുന്ന ഔദാര്യമല്ല, മറിച്ച് രോഗിയുടെ അവകാശമാണ്.

വേൾഡ് ഹോസ്പീസ് ആൻഡ് പാലിയേറ്റിവ് കെയർ അലയൻസ് എന്ന ലണ്ടൻ ആസ്ഥാനമായ സംഘടനയുടെ ആഭിമുഖ്യത്തിലാണ് എല്ലാ വർഷവും ഒക്ടോബർ മാസത്തെ രണ്ടാം ശനിയാഴ്ച ലോക പാലിയേറ്റിവ് കെയർ ദിനം ആചരിക്കുന്നത്. ഹൃദയങ്ങളെ സുഖപ്പെടുത്തുന്നു, സമൂഹത്തെയും (Healing Hearts and Communities) എന്നതാണ് ഈ വർഷത്തെ സന്ദേശം.

ലോകത്ത് പാലിയേറ്റിവ് കെയർ ആവശ്യമായ 60 മില്യൺ ജനങ്ങളുണ്ട്, പക്ഷേ 12 ശതമാനത്തിന് മാത്രമേ അതു ലഭിക്കുന്നുള്ളൂ. 18 മില്യൺ ജനങ്ങൾ വേണ്ടത്ര പരിചരണം ലഭിക്കാതെ വേദനതിന്ന് മരണത്തിന് കീഴ്പ്പെടുന്നു. ഓരോ വർഷവും ശരാശരി 60 ദശലക്ഷത്തിലധികം ആളുകൾ ഈ ഭൂമിയിൽനിന്ന് യാത്രയാകുന്നുണ്ട്. ഒരു മരണംമൂലം ആ വ്യക്തിയുടെ കുടുംബവും അവരുമായി ബന്ധപ്പെട്ട ആളുകളും നേരിടുന്ന മാനസിക, സാമൂഹിക, സാമ്പത്തിക വെല്ലുവിളികൾ ഏറെയാണ്. കോവിഡ് മഹാമാരിമൂലം ലോകമെമ്പാടും ആറ് ദശലക്ഷത്തിലധികം മരണങ്ങൾ ഉണ്ടായപ്പോൾ, ദശലക്ഷക്കണക്കിനാളുകൾക്ക് അവസാനമായി ഒരുനോക്കുകാണാൻപോലും കഴിയാതെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യാത്രയാക്കേണ്ടിവന്നിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഇത് വലിയൊരു സാമൂഹിക പ്രശ്നമായി അനുഭവപ്പെടുന്നില്ലെങ്കിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ലോകത്തെ ദരിദ്ര രാജ്യങ്ങളിലും സ്ഥിതി ആശ്വാസകരമല്ല. സമൂഹത്തിന്റെ കൈത്താങ്ങ് ഇത്തരം പ്രയാസങ്ങളനുഭവിക്കുന്നവർക്ക് അനിവാര്യമാണ്. ഈ മേഖലയിൽക്കൂടി പാലിയേറ്റിവ് പരിചരണം നൽകുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹായങ്ങൾ ലഭ്യമാക്കുകയെന്നത് ഈ വർഷത്തെ ദിനാചരണം പ്രധാനമായും ലക്ഷ്യമിടുന്നു.

കേരളം എന്നും ജനപങ്കാളിത്തത്തോടെ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്ന സംസ്ഥാനമാണ്. സമ്പൂർണ സാക്ഷരത യജ്ഞം, ജനകീയാസൂത്രണം തുടങ്ങിയ പദ്ധതികൾ പോലെ സാന്ത്വന പരിചരണവും സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി ലോകത്തിനുമുന്നിൽ നടന്നു നമ്മൾ. ഈ സേവനത്തിന്റെ ഗുണനിലവാരം വർധിപ്പിക്കലും കൂടുതൽ മേഖലകളിലേക്കുള്ള വ്യാപനവുമാണ് ഇനി നടക്കേണ്ടത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും അംഗീകാരം നൽകുന്ന പ്രക്രിയ സർക്കാർ തലത്തിൽ നടന്നുവരുകയാണ്. ഇത്തരത്തിൽ അംഗീകാരം നൽകപ്പെടുന്ന കൂട്ടായ്മകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുള്ള പദ്ധതികളുമുണ്ടാകണം. കേരളത്തിലെങ്കിലും, പരിചരണം ആവശ്യമായ മുഴുവൻ പേർക്കും അതുറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ നമുക്ക് ഒരുമിച്ച് മുന്നേറാം.

(തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി ജനറൽ സെക്രട്ടറിയും എറണാകുളം ജില്ല പാലിയേറ്റിവ് കൺസോർട്യം സെക്രട്ടറിയുമാണ് ലേഖകൻ)

Tags:    
News Summary - world hospice and palliative care day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.