കത്തിപ്പിടിച്ച് ജ്വലിക്കും മുമ്പ് പൊടുന്നനെയണഞ്ഞ മത്താപ്പൂ പോലെയായിരുന്നു ഭരണഘടന ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രകടനം. ഹിന്ദുത്വവാദികളുടെ പരമോന്നത നേതാവ് സവർക്കറെ ഉദ്ധരിച്ച് ആർ.എസ്.എസിന്റെ ആശയഗതി തുറന്നുകാട്ടി ബി.ജെ.പിയുടെയും നരേന്ദ്ര മോദി സർക്കാറിന്റെയും നിലപാടുതറ പൊളിച്ചടുക്കിയായിരുന്നു ആ പ്രസംഗം തുടങ്ങിയത്. ‘‘ഈ ഭരണഘടനയുടെ ഏറ്റവും മോശമായ കാര്യം അതിൽ ഭാരതീയമായി ഒന്നുമില്ല എന്നതാണ്. വേദങ്ങൾക്കു ശേഷം...
കത്തിപ്പിടിച്ച് ജ്വലിക്കും മുമ്പ് പൊടുന്നനെയണഞ്ഞ മത്താപ്പൂ പോലെയായിരുന്നു ഭരണഘടന ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രകടനം. ഹിന്ദുത്വവാദികളുടെ പരമോന്നത നേതാവ് സവർക്കറെ ഉദ്ധരിച്ച് ആർ.എസ്.എസിന്റെ ആശയഗതി തുറന്നുകാട്ടി ബി.ജെ.പിയുടെയും നരേന്ദ്ര മോദി സർക്കാറിന്റെയും നിലപാടുതറ പൊളിച്ചടുക്കിയായിരുന്നു ആ പ്രസംഗം തുടങ്ങിയത്.
‘‘ഈ ഭരണഘടനയുടെ ഏറ്റവും മോശമായ കാര്യം അതിൽ ഭാരതീയമായി ഒന്നുമില്ല എന്നതാണ്. വേദങ്ങൾക്കു ശേഷം മനുസ്മൃതിയാണ് നമ്മുടെ ഹിന്ദു രാജ്യത്തിന് ഏറ്റവും ആരാധ്യമായത്. നമ്മുടെ സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനം മനുസ്മൃതിയായിരുന്നു. നൂറ്റാണ്ടുകളോളം നമ്മെ നിർവചിച്ച ഈ മനുസ്മൃതിയാണ് നമ്മുടെ നിയമം’’ -ഇന്ത്യ എങ്ങനെയായിരിക്കണമെന്ന സവർക്കറിന്റെ ഈ വിചാരം ആദ്യം ഇംഗ്ലീഷിലും പിന്നീട് ഹിന്ദിയിലും രാഹുൽ കേൾപ്പിച്ചു.
വലതുകൈയിൽ ഭരണഘടനയും ഇടതുകൈയിൽ മനുസ്മൃതിയും പിടിച്ച്, ഇപ്പോൾ നടക്കുന്ന പോരാട്ടം ഇവ തമ്മിലാണെന്ന് പറഞ്ഞ രാഹുൽ ഭരണഘടനയെ പ്രതിരോധിക്കുമെന്ന് പറയുന്ന നിങ്ങൾ നിങ്ങളുടെ നേതാവിന്റെ വാക്കുകൾ അംഗീകരിക്കുന്നുണ്ടോ എന്ന് ചോദിച്ചതോടെ ബഹളംവെക്കാൻ ഒരുങ്ങിവന്ന ബി.ജെ.പി എം.പിമാരുടെ നാവിറങ്ങിപ്പോയി.
ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകേണ്ടത് ഭരണഘടന കൊണ്ടല്ലെന്നും മനുസ്മൃതികൊണ്ടാണെന്നും സവർക്കർ പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ പാർലമെന്റിൽ വന്ന് ഭരണഘടനയെ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നതിലൂടെ സവർക്കറെ അവഹേളിക്കുകയും പരിഹസിക്കുകയുമാണ് നിങ്ങൾ ചെയ്യുന്നതെന്നുകൂടി പറഞ്ഞതോടെ ഭരണപക്ഷ ബെഞ്ചുകൾക്ക് ഒന്നും പറയാനില്ലാത്ത സ്ഥിതിയായി.
ആർ.എസ്.എസിനെയും സവർക്കറെയും മനുസ്മൃതിയെയും പ്രതിപക്ഷം പരാമർശിച്ചാൽ സഭാരേഖകളിൽനിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെടാറുള്ള ബി.ജെ.പി നേതാക്കളെല്ലാം മൗനത്തിലമർന്നു. മുൻ നിയമ മന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായ ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് ക്രമപ്രശ്നത്തിനായി ഒന്ന് പൊങ്ങിനോക്കിയതാണ്. എന്നാൽ, ചട്ടപ്രകാരം ഖണ്ഡിക്കാൻ മതിയായ ആത്മവിശ്വാസമില്ലാതെ തിരികെ ഇരുന്നു.
രാഹുലിന്റെ പ്രസംഗത്തിന്റെ ഗതിമാറുന്നതാണ് പിന്നീട് കണ്ടത്. അതിന്റെ തുടക്കമാകട്ടെ, ചെറിയൊരു നാക്കുപിഴയും. ആറേഴു വയസ്സുള്ള കുട്ടിയെന്ന് പറയുന്നതിന് പകരം ആറേഴു വയസ്സുള്ള യുവാവെന്ന് പറഞ്ഞ നിസ്സാരമായ നാക്കുപിഴ തിരുത്തിയെങ്കിലും ബി.ജെ.പി എം.പിമാരുടെ പരിഹാസത്തിലും ബഹളത്തിലും പ്രസംഗത്തിന്റെ ഒഴുക്ക് മുറിഞ്ഞു.
ഏകലവ്യന്റെ കഥ പറഞ്ഞ് മുഴുമിച്ച് അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോഴേക്കും അത് താനിന്നലെ പറഞ്ഞതാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞതു കേട്ട് രാഹുൽ പതറി. അത് താങ്കളിൽനിന്നെടുത്തതാണെന്ന് മറുപടി നൽകിയെങ്കിലും പ്രസംഗം പിടിവിട്ടു ജാതി സെൻസസും സംവരണവും നടപ്പാക്കുമെന്ന പഴയ വാക്കുകൾ വീണ്ടും ആവർത്തിച്ച് പാതിവഴിയിലെന്നപോലെ രാഹുൽ പ്രസംഗം നിർത്തി.
നിസ്സാരമായ രണ്ട് പ്രതികരണങ്ങളിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട രാഹുലിന് മുഖത്തുനിന്ന് അത് മറച്ചുപിടിക്കാൻ കഴിഞ്ഞില്ല. പ്രസംഗം അപ്രതീക്ഷിതമായി അവസാനിച്ചതിന്റെ അമ്പരപ്പിലും അസ്വസ്ഥതയിലുമായിരുന്നു കോൺഗ്രസ് എം.പിമാർ. അവരാരും പതിവുപോലെ രാഹുലിനെ അഭിനന്ദിച്ചതുമില്ല. പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുമ്പോഴും പ്രസംഗം കൈവിട്ട നിരാശയിൽനിന്ന് രാഹുൽ മുക്തനായില്ലെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു.
വയനാടിനെ പ്രതിനിധാനം ചെയ്ത് സഭയിലെത്തിയ സഹോദരി പ്രിയങ്ക ഗാന്ധിയുടെ തലേന്നാളത്തെ കന്നിപ്രസംഗം ഇതിന് നേർ വിപരീതമായിരുന്നു. പാർലമെന്റ് ആക്രമണത്തിൽ രക്തസാക്ഷികളായവരെ സ്മരിച്ച് ഭരണഘടന ചർച്ചക്ക് പ്രതിപക്ഷത്തുനിന്ന് തുടക്കമിട്ട പ്രിയങ്ക ആയിരക്കണക്കിന് വർഷങ്ങളായുള്ള രാജ്യത്തിന്റെ പാരമ്പര്യം പറഞ്ഞുതുടങ്ങിയപ്പോഴേക്കും വാക്കുകൾ കിട്ടാതെ പതറി.
അതുകണ്ട് അമിത് ഷായും രാജ്നാഥും അടക്കമുള്ള ഭരണപക്ഷ ബെഞ്ച് പ്രിയങ്കക്ക് മാർക്കിട്ട് അടക്കം പറയുകയും ചെയ്തു. പ്രിയങ്കയും ഇത് കണ്ടു. അതോടെ വാക്കുകൾ തടഞ്ഞ് വിട്ടുപോയ ആ ഭാഗം എഴുതിക്കൊണ്ടുവന്ന പ്രസംഗം നോക്കി ഒരുവിധം പൂരിപ്പിച്ച പ്രിയങ്ക രാജ്യത്തിന്റെയും ഭരണഘടനയുടെയും ചരിത്രത്തിലേക്ക് പിന്നീട് അധികം കടന്നില്ല.
വർത്തമാന കാലത്തെ ഇന്ത്യയുടെ വർത്തമാനമാണ് തനിക്ക് പഥ്യമെന്നു കണ്ട് ഹാഥറസിലെയും സംഭലിലെയും വയനാട്ടിലെയും ആവർത്തിക്കപ്പെടുന്ന അന്യായങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിച്ച് അവർ സഭയെ നിശ്ശബ്ദമാക്കി; പരിഹസിച്ചു ചിരിച്ച കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ മുഖത്തു നോക്കി, വേദന പറയുമ്പോൾ താങ്കളെന്തിനാണ് ചിരിക്കുന്നതെന്ന് ചോദിച്ച് വായടപ്പിച്ചിരുത്തി.
വർത്തമാന ഭരണകൂടത്തിന്റെ ഓരോ അന്യായത്തിന്റെയും കഥ പറഞ്ഞ് അത് ഭരണഘടനവിരുദ്ധമാണെന്ന് പറയാൻ സഹോദരൻ രാഹുലിനെപ്പോലെ പരന്ന വായന ആവശ്യമില്ലെന്ന് പ്രിയങ്കയുടെ പ്രായോഗിക ബുദ്ധിക്കറിയാമായിരുന്നു. പതറിപ്പോയ തന്റെ വാക്കുകളെ ആ പ്രായോഗിക ബുദ്ധിയിലൂടെ തിരിച്ചുപിടിച്ചാണ് ഒരു ഭരണഘടന ചർച്ചയുടെ ഗൗരവം തൊട്ടുതീണ്ടാത്ത പ്രസംഗംകൊണ്ട് ഭരണപക്ഷത്തെ പ്രിയങ്ക നിശ്ശബ്ദയാക്കിയത്. സഭയെ ഇങ്ങനെ കൈയിലെടുത്തതുകൊണ്ടാണ് തന്റെ കന്നിപ്രസംഗത്തേക്കാൾ മികച്ചതാണ് പെങ്ങളുടെ പ്രസംഗമെന്ന് പറഞ്ഞ് സഭയെ സാക്ഷിയാക്കി രാഹുൽ അവരുടെ നെറുകയിൽ ചുംബിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.