മനാമ: ‘ആരോഗ്യത്തോടെ ജീവിക്കുക’ തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്റൈൻ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ഫെയർ 2.0 ബഹ്റൈൻ പ്രവാസി സംഘടന ചരിത്രത്തിൽ പുതിയൊരു അധ്യായമായി. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ അദാരി പാർക്കിൽ പ്രത്യേകം സജ്ജമാക്കിയ കിയോസ്കുകളിൽ നടന്ന ഫെയറിന്റെ ഉദ്ഘാടനം ഐ.എം.എ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റും ഐ.സി.ആർ.എഫ് ചെയർമാനുമായ ഡോ. ബാബു രാമചന്ദ്രൻ നിർവഹിച്ചു.
യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി.കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ സ്വാഗതവും അജ്മൽ ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി അബ്ബാസ് എം, മുഹമ്മദ് ജൈസൽ, യൂനുസ് സലീം, സിറാജ് കിഴുപ്പിള്ളിക്കര, സാജിർ ഇരിക്കൂർ, മജീദ് തണൽ തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.
സൗജന്യമായി മെഡിക്കൽ ഫെയറിൽ ഒരുക്കിയ വിവിധ സേവനങ്ങൾ സമൂഹത്തിന്റെ നാനാതുറയിലുള്ളവരും പ്രയോജനപ്പെടുത്തി. രാവിലെ മുതൽ വിവിധ ലേബർ ക്യാമ്പിൽ നിന്നെത്തിയ സാധാരണക്കാരായ തൊഴിലാളികളുടെ വലിയ പങ്കാളിത്തമാണുണ്ടായത്. റൈഫ് യു.എസ്.എ, കിംസ്, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, അൽ അമൽ, മിഡിൽ ഈസ്റ്റ്, ശിഫ അൽ ജസീറ, അൽ റബീഹ്, ദാറുൽ ശിഫ, ആസ്റ്റർ, ബഹ്റൈൻ സ്പെഷലിസ്റ്റ്, അൽ ഹോക്കയിൽ മെഡിക്കൽ ഗ്രൂപ് തുടങ്ങിയ ആശുപത്രികളിലെയും മെഡിക്കൽ സെന്ററുകളിലെയും വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.
കാർഡിയോളജി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, ഡെന്റൽ, ഒഫ്താൽമോളജി, പീഡിയാട്രിക്, ഓർത്തോ, ഇ.എൻ.ടി തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ആവശ്യക്കാർക്ക് ഇ.സി.ജി എടുക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഫെയറിൽ എത്തിയവർക്ക് വിവിധ മെഡിക്കൽ സ്ഥാപനങ്ങളുടെ സൗജന്യ പരിശോധന-ലാബ് കൂപ്പണുകളും നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു. ഫെയറിന്റെ ഭാഗമായി ഒരുക്കിയ ട്രാഫിക് വിഭാഗം, സിവിൽ ഡിഫൻസ് തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെ ഉൾപ്പെടെ 30ൽപരം സ്റ്റാളുകൾ ഏറെ ജനശ്രദ്ധ ആകർഷിച്ചു.
ലൈഫ് പൾസ് നടത്തിയ സി.പി.ആർ-ഫസ്റ്റ് എയ്ഡ് പരിശീലനത്തിലും നിരവധി പേർ പങ്കെടുക്കുകയും താൽക്കാലിക സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു.വിവിധ ആരോഗ്യ വിഷയങ്ങളിൽ ഡോ. അമൽ എബ്രഹാം (മാനസികാരോഗ്യം), ഡോ. ജിഷ പീറ്റർ (സ്പീച്ച് തെറപ്പി ബോധവത്കരണം), ഡോ. ലക്ഷ്മി (സ്ത്രീജന്യ രോഗങ്ങൾ), ഡോ. സാന്ദ്ര (തണുപ്പുകാല രോഗങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും), ഡോ. സന്ധ്യ അശോക് (കുട്ടികളിലെ രോഗപ്രതിരോധ ശേഷി), ഡോ. അതുല്യ (തണുപ്പുകാലം, ആയുർവേദ പ്രതിവിധികൾ), ഡോ. കൃഷ്ണ (ബ്രെസ്റ്റ് കാൻസർ) എന്നിവർ ബോധവത്കരണ ക്ലാസുകൾ നടത്തി. മെഡിക്കൽ ഫെയറിൽ ഭാഗമായി ഒരുക്കിയ കൗൺസലിങ് കൗമാരക്കാരും കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ഉപയോഗപ്പെടുത്തി. മരുന്നുവിതരണവും ബദൽ മെഡിക്കൽ സംവിധാനങ്ങളുടെ പ്രദർശനവും സേവനവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.