തിരുവനന്തപുരത്ത് 12 പേർക്ക് സിക വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഫ്ലാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ലാവിവൈറസ് ജനുസിലെ അംഗമാണ് സിക വൈറസ്. പകൽ പറക്കുന്ന ഈഡിസ് ജനുസിലെ ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് ഇവ പകരാൻ ഇടായാക്കുന്നത്. മനുഷ്യരിൽ സിക്ക പനി എന്ന പേരിലെ പനി വരാൻ ഇവ ഇടയാക്കുന്നു.
1947 ൽ ഉഗാണ്ടയിൽ സിക കാടുകളിൽ നിന്നാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. കുരങ്ങുകളിൽ കൊതുക് പരത്തുന്ന രോഗമായിരുന്നു ഇത്. 1950കൾ മുതൽ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരു ചെറിയ മധ്യരേഖാപ്രദേശത്തുമാത്രം ഈ പനി മനുഷ്യരിൽ പ്രത്യക്ഷപ്പെട്ടു. 2014ന് ശേഷം മെക്സികോ, മധ്യ അമേരിക്ക, കരീബിയൻ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തു. 2016ൽ ലോകമെമ്പാടും സിക പടർന്നുപിടിച്ചു. കൊതുക് കടിക്കുന്നതിന് പുറമെ, രക്തദാനത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും രോഗം പകരാം. ഇന്ത്യയിൽ ഗുജറാത്തിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്.
ലക്ഷണങ്ങൾ
പനി, ചുവന്ന പാടുകള്‍, പേശിവേദന, സന്ധിവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രണ്ടു മുതല്‍ ഏഴ് ദിവസംവരെ ലക്ഷണങ്ങള്‍ നീളും. മൂന്നുമുതല്‍ 14 ദിവസമാണ് സിക വൈറസിെൻറ ഇന്‍കുബേഷന്‍ കാലയളവ്. അണുബാധയുള്ള മിക്കവരിലും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണം അപൂര്‍വമാണ്.
മറ്റ് വൈറസ് രോഗങ്ങൾക്കെന്നപോലെ സിക വൈറസിനും പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്ന് ലഭ്യമല്ല. ഡെങ്കിപ്പനി ബാധിതർക്ക് നിഷ്കർഷിക്കുന്ന ചികിത്സാരീതി തന്നെയാണ് ഇതിനും. ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടണം.
കൊതുകുകടിയില്‍നിന്ന് രക്ഷനേടുകയാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. ഈഡിസ് കൊതുകുകള്‍ പകലാണ് കടിക്കുന്നത്. ഗര്‍ഭിണികള്‍, ഗര്‍ഭധാരണത്തിനായി തയാറെടുക്കുന്നവർ, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ കൊതുക് വലക്ക് കീഴില്‍ ഉറങ്ങണം. കൊതുകിെൻറ ഉറവിടനശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കണം. ഇന്‍ഡോര്‍ പ്ലാൻറുകള്‍, ഫ്രിഡ്ജിെൻറ ട്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം.
സിക വൈറസാണെന്ന് പ്രാഥമിക സ്ഥിരീകരണമുണ്ടായപ്പോൾതന്നെ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടി സ്വീകരിച്ചെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ജില്ല സര്‍വൈലന്‍സ് ടീം, ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റ്, സംസ്ഥാന എൻറമോളജി ടീം എന്നിവ പാറശ്ശാലയിലെ രോഗബാധിത പ്രദേശം സന്ദര്‍ശിക്കുകയും നിയന്ത്രണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിതപ്രദേശത്തുനിന്നും സമീപപ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിെൻറ സാമ്പിളുകള്‍ ആർ.ടി.പി.സി.ആര് പരിശോധനക്കായി അയക്കാൻ നടപടി സ്വീകരിച്ചു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.