പനീർ കഴിച്ചാൽ ഇത്രയും ഗുണങ്ങളോ? അറിയാം ഈ കുഞ്ഞ്​ പാൽക്കട്ടിയുടെ എട്ട്​ ഗുണങ്ങൾ

സസ്യാഹാര പ്രിയരുടെ ഭക്ഷണക്രമത്തില്‍ പലപ്പോഴും ഇടം പിടിക്കുന്ന ഒന്നാണ് പനീര്‍. പാലില്‍ നിന്നുണ്ടാക്കുന്ന ഉപോത്പന്നമായ പനീറില്‍ പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. മാംസം കഴിക്കുന്നവർ സാധാരണയായി അങ്ങിനെ കഴിക്കാത്ത ഒരു ഭക്ഷണംകൂടിയാണിത്​. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പാല്​ ഉത്​പ്പന്നങ്ങിൽ പ്രധാനപ്പെട്ട ഒന്നാണ് പനീർ.


പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. രണ്ടുതരം പനീറാണുള്ളത്. സോഫ്ട് പനീറും ഹാർഡ് പനീറും. പാചകം ചെയ്യാൻ എളുപ്പമാണ് എന്നുള്ളതാണ് പനീറിന്റെ ഏറ്റവും വലിയ പ്രത്യേകത. പനീറിന്‍റെ എട്ട്​​ ഗുണങ്ങൾ ഏതൊക്കെയെന്ന്​ പരിശോധിക്കാം.

1. പ്രോട്ടീന്‍റെ സമ്പന്ന സ്രോതസ്സ്

സസ്യഭക്ഷണം കഴിക്കുന്നവര്‍ക്ക് ലഭ്യമായ പ്രോട്ടീന്‍റെ ഒന്നാന്തരം സ്രോതസ്സാണ് പനീര്‍. ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ചീസിനെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യകരമായതിനാല്‍ ഇത് നിത്യവും കഴിക്കാവുന്നതുമാണ്. വളരുന്ന കുട്ടികള്‍ക്ക് ഇവ മികച്ചൊരു പോഷകമാണ്. പനീറില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, പോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

2. ഊർജ്ജദായകം

വളരെ പെട്ടെന്ന് ഊർജം പ്രദാനം ചെയ്യുന്ന ഭക്ഷണം ആയതുകൊണ്ട് തന്നെ കഠിനവ്യായാമത്തിൽ ഏർപ്പെടുന്ന കായികതാരങ്ങൾക്ക് വ്യായാമത്തിനുശേഷം കഴിക്കുന്ന ഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്താവുന്നതാണ്. നഷ്ടപ്പെട്ട ഊർജം വളരെ പെട്ടെന്ന് വീണ്ടെടുക്കാൻ പനീർ സഹായിക്കും. പനീറിൽ ലാക്ടോസിന്റെ അളവ് കുറവായതിനാൽ കുട്ടികളുടെ പല്ലുകൾക്ക്​ കേടുണ്ടാക്കുന്നില്ല. അതു പോലെ തന്നെ വിറ്റമിൻ ഡി സമൃദ്ധമായതിനാൽ പല്ലിലുണ്ടാകുന്ന പോടിൽ നിന്നും രക്ഷനേടാം.


3. തടികുറക്കാൻ സഹായിക്കും

ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ മികച്ച ആഹാരമാണ് പനീര്‍. ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ സഹായിക്കുമെന്നതിനാല്‍ അനാരോഗ്യകരമായ സ്നാക്സ് കഴിക്കുന്ന ശീലം ഒഴിവാക്കാന്‍ പനീര്‍ സഹായിക്കും. എന്നാല്‍ കാലറി അധികമായതിനാല്‍ അമിതമായ അളവില്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.

4. പ്രതിരോധശേഷി വർദ്ധിപ്പിക്കും

കുട്ടികളുടെ ഭക്ഷണത്തിൽ പനീർ തീർച്ചയായും ഉൾപ്പെടുത്തുക. ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ആരോഗ്യഭക്ഷണമായ പനീർ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്. പ്രായമായവരുടെ തൊലിയിൽ ഉണ്ടാക്കുന്ന ചുളിവുകൾ മാറ്റുന്നതിനും തലമുടിയുടെ വളർച്ചയ്ക്കും പനീറിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി നല്ലതാണ്. 100 സെ.മീ പനീറിൽ 260 കാലറിയോളം ഊർജമുണ്ട്. 18ഗ്രാം പ്രോട്ടീനും 208 മി.ഗ്രാം കാൽസ്യവുമുണ്ട്.

5. പ്രമേഹം നിയന്ത്രിക്കും

ഇന്‍സുലിന്‍ ഉത്പാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് പനീറില്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാനും ഇത് സഹായകമാണ്.

5. എല്ലുകള്‍ക്കും പല്ലുകള്‍ക്കും മികച്ച പോഷണം

കാല്‍സ്യവും ഫോസ്ഫറസും പനീറില്‍ ധാരാളം ഉള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് ഇത് നല്ലതാണ്. എല്ലിന് തേയ്മാനം സംഭവിക്കുന്ന ഒാസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാൻ പനീർ സഹായിക്കും. മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പനീറിൽ അടങ്ങിയിട്ടുള്ള മിനറൽസ് പ്രതിരോധിക്കുന്നു.


6. പ്രതിരോധശേഷി വർധിപ്പിക്കും

പനീറില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലെ സിങ്ക് പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു. ജലദോഷം, പനി, അണുബാധ പോലെയുള്ളവയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായകമാണ്. അസുഖം വരുമ്പോൾ ശരീരത്തിന് ഊര്‍ജം നല്‍കാന്‍ പനീറിലെ പ്രോട്ടീന്‍ ഉപകരിക്കും.

7. തലച്ചോറിന്‍റെ മികവ്

തലച്ചോറിന്‍റെ നല്ല ആരോഗ്യത്തിന് അത്യാവശ്യം വേണ്ടുന്ന വൈറ്റമിന്‍ ബി12 പനീറില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. നാഡീവ്യൂഹ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വൈറ്റമിന്‍ ബി12 ധാരണ ശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങളെയും തടയുന്നു. പലപ്പോഴും വൈറ്റമിന്‍ ബി12 അഭാവം സസ്യാഹാരികളില്‍ കാണപ്പെടാറുണ്ട്. ഇത് പരിഹരിക്കാന്‍ ഭക്ഷണത്തില്‍ പനീര്‍ ഉള്‍പ്പെടുത്തുന്നത് സഹായകമാകും.

8. സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കും

പനീറിലെ ട്രിപ്റ്റോഫാന്‍ സെറോടോണിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്‍റെ ഉത്പാദനത്തെയും ഉത്തേജിപ്പിക്കുന്നു. ഇത് സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും.

പനീര്‍ ടിക്ക, പനീര്‍ ബുര്‍ജി, പനീര്‍ പറാത്ത, പനീര്‍ ബട്ടര്‍ മസാല എന്നിങ്ങനെ വിവിധ തരം രുചികരമായ വിഭവങ്ങള്‍ പനീര്‍ ഉപയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ മിതമായ തോതില്‍ കഴിക്കാനും കൊഴുപ്പ് കുറഞ്ഞ പനീര്‍ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പനീർ വീട്ടിലുണ്ടാക്കാം

വീട്ടിൽത്തന്നെ പനീർ ഉണ്ടാക്കിയാൽ കൊഴുപ്പിന്റെ അളവ്​ കുറയ്ക്കാം. ഇതിനായി രണ്ടു ലീറ്റർ പാൽ തിളപ്പിക്കുക. തിളച്ച പാലിലേക്ക് രണ്ടു ടേബിൾ സ്പൂൺ വിനാഗിരിയോ നാരങ്ങനീരോ ചേർക്കാം. പാൽ ഏതാണ്ട് തെെര് പോലെ ആയ ശേഷം വെള്ളം വാർന്നു പോകാൻ ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞു തൂക്കിയിടുക. അതിനുശേഷം കട്ടിയുള്ള ഒരു പാത്രത്തിന്റെ അടിയിൽ അമർത്തി 20 മിനിറ്റ് വയ്ക്കുക. ഏതാണ്ട് 200 ഗ്രാം പനീർ ഇതിൽ നിന്ന്​ ലഭിക്കും. സസ്യഭുക്കുകൾക്കും മാംസഭുക്കുകൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന, ഏറെ രുചികരമായ ഒരു വിഭവമാണ് പനീർ.

Tags:    
News Summary - 8 Benefits Of Consuming Paneer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.