റമദാനിലെ നോമ്പും ശരീരഭാര നിയന്ത്രണവും

ഇസ്‌ലാമിക് കലണ്ടറിലെ ഏറ്റവും വിശുദ്ധമായ മാസമാണ് റമദാൻ. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ റമദാനിൽ പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണത്തിൽനിന്നടക്കം വിട്ടുനിൽക്കുന്നു. 1400 വർഷങ്ങൾക്ക് മുമ്പേ ഇസ്‌ലാമിൽ വ്രതം കൽപ്പിക്കപ്പെട്ടു. പുരാതന ഗ്രീക്കുകാരും ശരീര ശുശ്രൂഷക്ക് വേണ്ടി വ്രതം നിഷ്കർഷിച്ചിരുന്നു. ഇന്ന് പരിഷ്കരിച്ച രൂപത്തിൽ ഇടവിട്ടുള്ള ഉപവാസം എന്ന പേരിൽ പ്രചാരണം നേടുന്നുണ്ട്. പകൽ സമയങ്ങളിൽ നോമ്പനുഷ്ടിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ തടയാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

വ്രതത്തിന്‍റെ ഗുണങ്ങൾ

ഭക്ഷണമൊന്നും കഴിക്കാത്തതിനാലും ദഹനവ്യവസ്ഥക്ക് വിശ്രമം നൽകുന്നതിനാലും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മുടെ ശരീരത്തിന് സാധിക്കും. ഇതിലൂടെ കോശങ്ങൾ സ്വയം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു.

ശരീര ഭാരം കുറയ്ക്കാം

കൃത്യമായ വ്രതാനുഷ്ഠാനത്തിലൂടെ ചിലരുടെ ശരീരഭാരം കുറയാറുണ്ട്. എന്നാൽ, റമദാനിൽ ശരീര ഭാരം കുറഞ്ഞവർ പിന്നീട് ദൈനംദിന ഭക്ഷണ രീതിയിലേക്ക് മടങ്ങിയെത്തിയാൽ അനായാസം ശരീരഭാരം കൂടുന്നതും കാണാം. ചിലർക്ക് റമദാനിൽ ശരീരഭാരം കുറയുന്നില്ല എന്നുമാത്രമല്ല ഭാരം കൂടുകയും ചെയ്യാറുണ്ട്. ശരീരഭാരം കുറയ്ക്കാനായി റമദാനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:


1. നോമ്പ് തുറക്ക് പോഷകാഹാരം

റമദാനിൽ ശരീരത്തിന്‍റെ മെറ്റബോളിസം മന്ദഗതിയിലാകുകയും ഊർജാവശ്യങ്ങൾ സ്വയം കുറയുകയും ചെയ്യും. അതിനാൽ സാധാരണയായി കഴിക്കുന്ന അളവിൽ ഭക്ഷണം കഴിക്കേണ്ടതില്ല. പച്ചവെള്ളമോ ഈന്തപ്പഴമോ ഉപയോഗിച്ച് നോമ്പ് തുറന്നതിന് ശേഷം പഴങ്ങൾ, സാലഡ് എന്നിവ കഴിക്കാം. ശേഷം വിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. കുറച്ച് മിനിറ്റുകൾ കഴിഞ്ഞതിന് ശേഷം ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കാവുന്നതാണ്.

2. വറുത്ത ഭക്ഷണം ഒഴിവാക്കുക

സമൂസ, പഴംപൊരി പോലെ പലഹാരങ്ങളും മറ്റു എണ്ണയിൽ വറുത്തവയും റമദാനിൽ എല്ലാ ദിവസവും തീൻ മേശയിലെത്താറുണ്ടല്ലോ. റമദാനിൽ ശരീരഭാരം കൂടുന്നതിന് പ്രധാന കാരണവും എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ തന്നെയാണ്. ഇത്തരം വറുത്ത ഭക്ഷണങ്ങളെക്കാൾ നിരവധി ഓപ്ഷനുകൾ ഇപ്പോൾ ലഭ്യമാണ്. അവ തെരഞ്ഞെടുത്ത് പതിവാക്കുന്നതാണ് ഉചിതം.

3. പഞ്ചസാരയുടെ ഉപയോഗം

റമദാനിൽ ഭാരം വർധിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം മധുരം ചേർത്ത പാനീയങ്ങളുടെയും പലഹാരങ്ങളുടെയും സ്ഥിരോപയോഗമാണ്. നിങ്ങൾ ഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുണ്ട് പഞ്ചസാര. പഞ്ചസാരക്ക് പകരം പ്രകൃതിദത്തമായ മധുരം അടങ്ങിയ പഴ‍ങ്ങൾ, ഡ്രൈ ഫ്രൂട്സ്, തേൻ തുടങ്ങിയവ ഉപയോഗിക്കുക.

4. അത്താഴം ഒഴിവാക്കരുത്

പ്രഭാത നമസ്കാരത്തിന് മുന്നേ ഭക്ഷണം കഴിച്ചിട്ടാണ് റമദാനിൽ വ്രതം ആരംഭിക്കുന്നത്. പ്രാതലിന് പകരമാണ് അത്താഴം. അതിനാൽ അത്താഴം ഒഴിവാക്കുന്നത് അപകടകരം തന്നെയാണ്. പുലർച്ചെ അത്താഴത്തിനും ഇഫ്താറിനും ഇടയിൽ ഭക്ഷണം കഴിക്കാതിരിക്കുകയും നോമ്പ് തുറക്കുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ശരീരത്തിന് ദോഷം ചെയ്യും. അതിനാൽ അത്താഴം കഴിവതും ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

5. ഭക്ഷണത്തിന്‍റെ അളവ് നിയന്ത്രിക്കുക

റമദാനിൽ ഏറ്റവും പ്രധാനപ്പെട്ടത് തവണകൾ കൂട്ടി, കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുക എന്നുള്ളതാണ്. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗമാണ് പോർഷൻ കൺട്രോൾ. ക്ഷമയും ആത്മനിയന്ത്രണവും പാലിക്കുക എന്നുമാണ് ഈ മാസത്തിന്‍റെ സാരം. അതിനാൽ, ഭക്ഷണത്തിന്‍റെ കാര്യത്തിലും ഈ രണ്ട് ഘടകങ്ങളും പരിഗണിക്കണം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

  • ഉപ്പ് അധികമായിട്ടുള്ള ഭക്ഷണം കഴിക്കാതിരിക്കുക.
  • ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുക.
  • അര മണിക്കൂറെങ്കിലും വ്യായാമം എന്നത് റമദാനിലും തുടരുക.
Tags:    
News Summary - Fasting and weight control in Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.