ഫ്ലെക്സിറ്റേറിയൻ ഡയറ്റിൻെറ ഗുണങ്ങൾ

രോഗങ്ങൾ കാരണമോ മറ്റുതാൽപര്യങ്ങളാലോ നിങ്ങൾ കൂടുതലായി സസ്യാഹാരം ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുകയും എന്നാൽ മാംസാഹാരം പൂർണമായി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുമില്ലെങ്കിൽ ഫ്ലെക്സിറ്റേറിയൻ ഡയറ്റ് നിങ്ങൾക്കുള്ളതാണ്. ഫ്ലെക്സിബിൾ, വെജിറ്റേറിയൻ എന്നീ പദങ്ങൾ കൂടിച്ചേർന്നാണ് ഫ്ലെക്സിറ്റേറിയൻ എന്ന പദം രൂപപ്പെട്ടത്. പേര് സൂചിപ്പിക്കുന്ന പോലെ കർശനമല്ലാത്ത സസ്യാഹാര രീതിയാണിത്. മാംസാഹാരം മിതമായ അളവിൽ കഴിച്ച് സസ്യാഹാര ഗുണങ്ങൾ നേടാൻ ആളുകളെ സഹായിക്കാൻ ഡയറ്റീഷ്യൻ ഡോൺ ജാക്സൺ ബ്ലാറ്റ്നർ സൃഷ്ടിച്ചതാണ് ഫ്ലെക്സിറ്റേറിയൻ ഡയറ്റ്.

എങ്ങനെ ഫ്ലെക്സിറ്റേറിയനാവാം?

-ഫ്ലെക്സിറ്റേറിയൻ ഡയറ്റിൽ കർശനമായ നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ല

-പഴങ്ങൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ, ധാന്യങ്ങൾ എന്നിവ കൂടുതലായി കഴിക്കുക

-മാംസത്തിന് പകരം സസ്യങ്ങളിൽനിന്നുള്ള പ്രോട്ടീനിൽ ശ്രദ്ധിക്കുക

-മാംസവും മറ്റു മൃഗോൽപന്നങ്ങളും മിതമായ അളവിൽ ഉപയോഗിക്കുക

-സംസ്കരിച്ച ഭക്ഷണങ്ങൾ പരമാവധി കുറക്കുക. പ്രകൃതിദത്തമായ ഭക്ഷണങ്ങൾക്ക് മുൻതൂക്കം നൽകുക

-പഞ്ചസാരയും മധുരവും ചേർക്കുന്നത് പരിമിതപ്പെടുത്തുക

-മൃഗോൽപന്നങ്ങളിൽ നാടൻ ഇനങ്ങൾ ഉൾപ്പെടുത്തുക. ഉദാഹരണത്തിന് നാടൻ മുട്ട, നാടൻ പാൽ, നാടൻ കോഴി എന്നിങ്ങനെ

-മൃഗങ്ങളുടെ പാലിന് പകരം സസ്യാധിഷ്ഠിത പാൽ ഉപയോഗിക്കുക. സോയബീൻ പാൽ, തേങ്ങാ പാൽ, ബദാം പാൽ എന്നിവ ഉദാഹരണം.

ആരോഗ്യ ഗുണങ്ങൾ

1. ഹൃദയാരോഗ്യം

നാരുകൾ കൊണ്ട് സമ്പന്നമായ ഭക്ഷണം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും എന്ന് അറിയാമല്ലോ. സസ്യാഹാരം കൂടുതലായി ഉൾപ്പെടുത്തുന്നതിനാൽ നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി ലഭിക്കും. ഇവ രക്തസമ്മർദം കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും അതുവഴി ഹൃദയാരോഗ്യം മെചപ്പെടാനും സഹായിക്കും.


2. ഭാരം കുറയ്ക്കാൻ

ഫ്ലെക്സിറ്റേറിയൻ ഡയറ്റിൽ അധിക ഊർജമുള്ളതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുകയാണ് ചെയ്യുന്നത്. കൂടുതലും സസ്യാഹാരം ഉൾപ്പെടുത്തുന്നതിനാൽ ഭാരം കുറയ്ക്കാൻ ഈ ഡയറ്റ് നല്ലതാണ്.

3. പ്രമേഹം

സസ്യാഹാരം കൂടുതലായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയാനും നിയന്ത്രിക്കാനും സഹായിക്കും. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിനാലും നാരുകൾ കൂടുതലുള്ളതിനാലും പ്രമേഹ രോഗികൾക്കും ഈ ഡയറ്റ് യോജിക്കുന്നതാണ്.

4. അർബുദം

പഴങ്ങൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ, ഇലക്കറികൾ, വിത്തുകൾ, ധാന്യങ്ങൾ എന്നിവയിലെല്ലാം കാൻസർ തടയാൻ സഹായിക്കുന്ന പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ഉണ്ട്. വിവിധ തരം കാൻസറിനെ തടയാൻ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് സാധിക്കും.

പോഷകക്കുറവുകൾക്ക് സാധ്യത

മാംസവും മറ്റ് മൃഗോൽപന്നങ്ങളും കുറയ്ക്കുമ്പോൾ പോഷകങ്ങളുടെ അപര്യാപ്തതക്ക് സാധ്യതയുണ്ട്. ഫ്ലെക്സിറ്റേറിയൻ ഡയറ്റിൽ അപര്യാപ്തതയ്ക്ക് സാധ്യതയുള്ള പോഷകങ്ങളാണ് വിറ്റാമിൻ ബി 12, കാൽസ്യം, ഇരുമ്പ്, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ.


വിറ്റമിൻ ബി12 മൃഗഉൽപന്നങ്ങളിൽ മാത്രം കാണപ്പെടുന്നതിനാൽ സസ്യാഹാരികളിൽ ഇതിൻെറ കുറവിന് സാധ്യതയുണ്ട്. ഫ്ലക്സിറ്റേറിയൻ ഡയറ്റിൽ മൃഗോൽപന്നങ്ങൾ കുറവായതിനാൽ വിറ്റാമിൻ ബി 12 സപ്ലിമെന്റ് വിദഗ്ധരുടെ നിർദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

ഫ്ലക്സിറ്റേറിയൻ ഡയറ്റിൽ മൃഗങ്ങളുടെ പാലുപയോഗം പരിമിതപ്പെടുത്തുന്നതിനാൽ കാൽസ്യം ധാരാളമായി അടങ്ങിയ പച്ചക്കറികളും ധാന്യങ്ങളും പയറുകളും കൂടുതലായി കഴിക്കുക. സോയബീൻ, ബീൻസ്, ബദാം, വിത്തുകൾ, രാഗി, മുരിങ്ങയില തുടങ്ങിയവ കാൽസ്യത്താൽ സമൃദ്ധമാണ്.

ഇരുമ്പിൻെറയും സിങ്കിൻെറയും അപര്യാപ്തതക്കും ഫ്ലെക്സിറ്റേറിയൻ ഡയറ്റിൽ സാധ്യതയുണ്ട്. വിദഗ്ധമായ ഡയറ്റ് പ്ലാനിങ്ങിലൂടെ ശരീരത്തിനാവശ്യമായ സിങ്ക്, ഇരുമ്പ് തുടങ്ങിയവ സസ്യാഹാരത്തിൽ നിന്ന് തന്നെ നേടിയെടുക്കാം.

നട്സ്, വിത്തുകൾ, തവിടോട് കൂടിയ ധാന്യങ്ങൾ, പയറുവർഗങ്ങൾ തുടങ്ങിയവയിലെല്ലാം ഇരുമ്പും സിങ്കും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ സ്രോതസ്സുകൾ കൂടെ ഉൾപ്പെടുത്തിയാൽ ശരീരത്തിലേക്കുള്ള ഇരുമ്പിൻെറ ആഗിരണം വർധിപ്പിക്കാം.

ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി കാണുന്നത് കൊഴുപ്പുള്ള ചെറുമത്സ്യങ്ങളിലാണ്. ഫ്ലെക്സിറ്റേറിയൻ ഡയറ്റിൽ ഒമേഗ-3 ഫാറ്റി ആസിഡിൻെറ സസ്യ സ്രോതസ്സുകൾ ഉപയോഗിക്കാം. വാൽനട്ട്, ഫ്ലാക്സ് സീഡ്, ചിയ വിത്തുകൾ തുടങ്ങിയവയിൽ ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളമായുണ്ട്.

ചുരുക്കത്തിൽ, ഈ ഡയറ്റാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ ആഹാരത്തിൻെറ തെരഞ്ഞെടുപ്പ് വളരെ സൂക്ഷിച്ച് ചെയ്യേണ്ടതുണ്ട്. എങ്കിലേ പോഷകക്കുറവുകൾ തടയാനും ആരോഗ്യ ഗുണങ്ങൾ നേടാനും സാധിക്കൂ.

Tags:    
News Summary - Flexitarian Diet Plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.