കുട്ടികളുടെ ആരോഗ്യത്തിന് അനിവാര്യമായ വിറ്റമിനാണ് വിറ്റമിൻ ഡി. എന്നാൽ ഇവ ഭൂരിഭാഗം ഭക്ഷണത്തിലും ഉൾപ്പെടുന്നില്ല. കൂടുതലായും സൂര്യവെളിച്ചം തട്ടുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതാണ്
വിറ്റാമിൻ ഡി. രണ്ട് തരത്തിലുള്ള വിറ്റാമിൻ ഡി ഉണ്ട്: വിറ്റാമിൻ ഡി 2 സസ്യഭക്ഷണത്തിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 മൃഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്നു.
ശരീരത്തിനുള്ളിലെ 2000-ലധികം ജീനുകളെ വിറ്റാമിൻ ഡി 3 ബാധിക്കുന്നുണ്ട്. വിറ്റാമിൻ ഡി 3 ആരോഗ്യകരമായ വളർച്ചക്കും വികാസത്തിനും സഹായകരമായതിനാൽ കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ്.
മുലപ്പാൽ മാത്രം കുടിക്കുകയും ദിവസേന വിറ്റാമിൻ ഡി സപ്ലിമെന്റ് ലഭിക്കാതിരിക്കുകയും ചെയ്യുന്ന ശിശുക്കൾക്കും, പാൽ, ചീസ്, തൈര്, ഓറഞ്ച് ജ്യൂസ് തുടങ്ങിയ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാത്ത മുതിർന്ന കുട്ടികൾക്കും വിറ്റാമിൻ ഡിയുടെ അളവ് കുറവായിരിക്കാം.
ശക്തമായ രോഗപ്രതിരോധ സംവിധാനവും ആരോഗ്യമുള്ള എല്ലുകളും വേണമെങ്കിൽ വിറ്റമിൻ ഡി ആവശ്യമാണ്. എന്നാൽ കുട്ടികളെ സൂര്യവെളിച്ചത്തിലിറക്കാൻ പല രക്ഷിതാക്കൾക്കും മടിയാണ്. ഇത് കുട്ടികൾക്ക് വിറ്റമിൻ ഡി ലഭിക്കുന്നത് തടയുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും വിറ്റാമിൻ ഡിയിൽ നിന്ന് വളരെയധികം പ്രയോജനം നേടാം. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനങ്ങൾ, ശക്തമായ അസ്ഥികൾ, മാസം തികയാതെയുള്ള ജനന സാധ്യത, രോഗ പ്രതിരോധം എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി നൽകുന്ന നിരവധി ഗുണങ്ങളിൽ ചിലത് ഇതാ.
ശരീരത്തിൽ, കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും രോഗ പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ഹോർമോണിന് സമാനമായി വിറ്റാമിൻ ഡി പ്രവർത്തിക്കുന്നു. കൂടാതെ, വൈറ്റമിൻ ഡി ശ്വാസകോശ, ഇൻഫ്ലുവൻസ വൈറസുകൾക്കെതിരെ പ്രതിരോധം നൽകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
പ്രോസ്റ്റേറ്റ് കാൻസർ, കാൻസർ, ഹൃദ്രോഗം എന്നിവ തടയാൻ വിറ്റാമിൻ ഡി സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. എന്നാൽ അവകാശവാദം ഉന്നയിക്കാൻ മതിയായ തെളിവില്ല. അതേസമയം, ഗുരുതരമായ രോഗങ്ങളുള്ള കുട്ടികളുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറവാണെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ എല്ലുകളുടെ ആരോഗ്യം വരുമ്പോൾ കാൽസ്യത്തെ എല്ലാവരും ശ്രദ്ധിക്കാറുണ്ടെങ്കിലും വിറ്റാമിൻ ഡിയെ ഓർക്കാറില്ല. എന്നാൽ വിറ്റാമിൻ ഡി ഉള്ളപ്പോൾ മാത്രമേ അസ്ഥികളെ ശക്തിപ്പെടുത്തുന്ന ധാതുക്കൾ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയൂവെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. കുട്ടികൾ വളരുകയും അസ്ഥികൾ വികസിക്കുകയും ചെയ്യുമ്പോൾ മതിയായ അളവിൽ കാൽസ്യവും ഡിയും ലഭിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിൻ ഡിയുടെ കുറവ് അപൂർവ്വമായി, കുട്ടികളിൽ റിക്കറ്റ് എന്ന അസുഖത്തിലേക്ക് നയിക്കുന്നു. അസ്ഥികൾ മൃദുവാകുകയും പൊട്ടുകയും കാലുകൾ വളയുകയും ചെയ്യുന്ന അസുഖമാണിത്.
വിറ്റമിൻ ഡി കുറവുള്ള കുട്ടികൾക്ക് ശരീരഭാരം കൂടും. കുട്ടികളുടെ അമിതവണ്ണത്തിന് വിറ്റാമിൻ ഡിയുടെ അപര്യാപ്തത പ്രധാന ഘടകമാണ്.
നിർഭാഗ്യവശാൽ, പല ഭക്ഷണങ്ങളിലും വിറ്റാമിൻ ഡി സ്വാഭാവികമായി അടങ്ങിയിട്ടില്ല. ട്യൂണ, സാൽമൺ, മുട്ട (പ്രത്യേകിച്ച് മഞ്ഞക്കരു) എന്നിവയിൽ വിറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. കൂണിലും ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. പാൽ, തൈര്, ധാന്യങ്ങൾ, ഓറഞ്ച് ജ്യൂസ് തുടങ്ങിയ ഭക്ഷണങ്ങൾ ദിവസേനയുള്ള ഡി കുട്ടിക്ക് ലഭ്യമാക്കാൻ സഹായിക്കുന്നവയാണ്. സൂര്യപ്രകാശം തട്ടുന്നതിലൂടെയും നമ്മിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.