തടഞ്ഞിട്ടും ഫലമില്ല; ഓൺലൈൻ മരുന്നുവിൽപന തകൃതി

തൃശൂർ: ഓൺലൈൻ മരുന്ന് വിൽപനക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര ഡ്രഗ്സ് കൺട്രോളറുടെ നീക്കങ്ങൾക്കിടെ ഓൺലൈൻ വിൽപന പൊടിപൊടിക്കുന്നു. രണ്ടാഴ്ച മുമ്പ് ഓൺലൈൻ വഴി മരുന്നുവിൽപന നടത്തുന്ന 24 കമ്പനികൾക്കാണ് ഡ്രഗ്സ് വിഭാഗം നോട്ടീസ് അയച്ചത്. കാലങ്ങളായുള്ള മരുന്ന് സ്റ്റോക്കിസ്റ്റുകളുടെയും പൊതുജനാരോഗ്യ വിദഗ്ധരുടെയും ആവശ്യമായിരുന്നു ഇതെങ്കിലും ചൈനീസ് കമ്പനികളുടെ ഔഷധമേഖലയിലെ കടന്നുവരവിനെ ചെറുക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിലയിരുത്തൽ.

1940ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട്, 1945ലെ റൂൾസ് എന്നിവയുടെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് നിലവിലെ ഓൺലൈൻ, ഇൻറർനെറ്റ്, മൊബൈൽ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ ഉപയോഗിച്ച് മരുന്ന് വിൽപന നടത്തുന്നത്. അംഗീകൃത ഡോക്ടറുടെ മരുന്ന് കുറിപ്പടിയില്ലായ്മ, അംഗീകൃത ഫാർമസിസ്റ്റിന്റെ മേൽനോട്ടമില്ലായ്മ, ലൈസൻസ് ഇല്ലാതെയുള്ള മരുന്നുസംഭരണം, മരുന്ന് ഇറക്കുമതി തുടങ്ങിയ നിയമലംഘനങ്ങൾ നടക്കുന്നെന്ന് ഡ്രഗ്സ് വിഭാഗം കണ്ടെത്തി.

ഓൺലൈൻ മരുന്ന് വിൽപന തടയണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിൽ കേസുകള്‍ നിലവിലുണ്ട്. ഡൽഹി ഹൈകോടതി 2018 ഡിസംബർ 12ന് ഇ-ഫാര്‍മസികളെ തടയണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിധി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഡ്രഗ്സ് വിഭാഗം അധികൃതർക്ക് കൈമാറി നടപടിക്ക് നിർദേശിച്ചിട്ടുണ്ട്. നടപടി കൈകൊള്ളാൻ നിർദേശം നൽകിയ ശേഷവും പല ഓൺലൈൻ മരുന്ന് കമ്പനികളും വിൽപന തുടരുകയാണ്.

നാലുമുതൽ അമ്പത് ശതമാനം വരെ വിലക്കുറവിന്റെ മോഹനവാഗ്ദാനവുമായാണ് പല മൊബൈൽ ആപ്പുകളും ഇ ഫാർമസി സൈറ്റുകളും ഓൺലൈനിലെത്തുന്നത്. മണിക്കൂറുകൾക്കകം മരുന്നെത്തിക്കാമെന്ന വാഗ്ദാനത്തിൽ വരെ കച്ചവടം പൊടിപൊടിക്കുന്നു. കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ട കമ്പനികൾ വെബ്സൈറ്റിൽ ഡോക്ടറുടെ കുറിപ്പടി അയക്കാൻ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്.

മറ്റ് ചെലവ് ഫുഡ് സപ്ലിമെന്റിലും ആയുർവേദ മരുന്നുകളിലും ആയി വിൽപന താൽക്കാലികമായി ഒതുക്കി. ഇന്ത്യൻ ഓൺലൈൻ മരുന്നുവിപണിയിൽ 20,000 കോടി മുതൽമുടക്കുള്ള ചൈനീസ് കമ്പനികളെ നിയന്ത്രണം ബാധിച്ചേക്കും.കേരള സർക്കാർ 2018 മുതൽ പല ഘട്ടങ്ങളിലായി ഓൺലൈൻ മരുന്ന് കച്ചവടത്തിനെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും ഉണ്ടായിട്ടില്ല.  

Tags:    
News Summary - Online drug sales continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.