കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നവംബറിലും മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒക്‌ടോബറിലും പൂര്‍ത്തിയാകുമെന്ന് പി.രാജീവ്

കൊച്ചി: കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നവംബറിലും എറണാകുളം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒക്‌ടോബറിലും പൂര്‍ത്തിയാകുമെന്ന് മന്ത്രി പി.രാജീവ്. കാന്‍സര്‍ സെന്ററിന്റെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും നിർമാണ സൈറ്റുകള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി നിര്‍മ്മാണ സൈറ്റുകള്‍ സന്ദര്‍ശിച്ചത്. ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി 449 കോടി രൂപയാണ് നിലവില്‍ ചെലവ് വരുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാകും ഉണ്ടാകുക.

ഇറക്കുമതി ചെയ്യേണ്ടത് ഉള്‍പ്പെടെ 210 കോടി രൂപയുടെ ഉപകരണങ്ങള്‍ വേണ്ടി വരും. ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രത്യേക അനുമതികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍തല തീരുമാനങ്ങള്‍ക്കായി ആരോഗ്യ മന്ത്രിയും താനും ബന്ധപ്പെട്ട സെക്രട്ടറിമാരും കിഫ്ബിയുമായി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളജിലെ കെട്ടിടത്തിലാണ് കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

കളമശേരിയിലെ മെഡിക്കല്‍ കോളജിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് 368 കോടി രൂപ ചെലവില്‍ എട്ടു നിലയില്‍ 8.27 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് സജ്ജമാകുന്നത്. സിവില്‍ ജോലികള്‍ 85 ശതമാനം പൂര്‍ത്തിയായി. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ 25 ശതമാനവും പൂര്‍ത്തിയായി.

രണ്ടു പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒന്നിടവിട്ട ശനിയാഴ്ച്ചകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, ഇന്‍കല്‍ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം ചേരും. എല്ലാ മാസവും സര്‍ക്കാര്‍ തലത്തിലും യോഗം ചേരും.

രണ്ടു പദ്ധതികള്‍ക്കുമായി കെ.എസ്.ഇ.ബിയുടെ ഒരു സബ് സ്റ്റേഷന്‍ സ്ഥാപിക്കും. പ്രത്യേക വാട്ടര്‍ ലൈനും പദ്ധതികളുടെ ഭാഗമായി വരും. നുവാല്‍സ് മുതല്‍ കിന്‍ഫ്ര വരെയുള്ള 250 മീറ്റര്‍ റോഡ് നാലുവരിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഇരു പദ്ധതികളുടെയും സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ച് നിയമനങ്ങള്‍ നടത്തേണ്ടതുണ്ട്.

മെഡിക്കല്‍ കോളജ് സ്റ്റാഫ് പാറ്റേണ്‍ സാമ്പത്തിക വകുപ്പിന്റെ പരിഗണനയിലാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് മന്ത്രിതല പ്രത്യേക യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഇന്‍കല്‍ എം.ഡി ഡോ. ഇളങ്കോവന്‍, കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സ്പെഷല്‍ ഓഫീസര്‍ ഡോ. ബാലഗോപാല്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രശ്മി രാജന്‍, സുപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, വകുപ്പ് പ്രതിനിധികള്‍, കോണ്‍ട്രാക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - P. Rajeev said that the Kochi Cancer Research Center will be completed in November and the Medical College Super Specialty Block in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.