കൊച്ചിയില്‍ തിങ്കളാഴ്ച മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വീണ ജോര്‍ജ്

കൊച്ചി: ബ്രഹ്‌മപുരത്ത് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. തിങ്കളാഴ്ച രണ്ട് മൊബൈല്‍ യൂനിറ്റുകളും ചൊവ്വാഴ്ചയോടെ അഞ്ച് മൊബൈല്‍ യൂനിറ്റുകളും പ്രവര്‍ത്തനം ആരംഭിക്കും.

ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ സജ്ജമാക്കുന്നത്. മാത്രമല്ല ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യേണ്ട രോഗികളെ സമയബന്ധിതമായി കണ്ടെത്തുന്നതിനും ഈ ക്ലിനിക് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഫീല്‍ഡ് തലത്തില്‍ നിന്ന് ശേഖരിക്കുന്ന ആരോഗ്യ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന പ്രദേശങ്ങളിലേക്കാണ് മൊബൈല്‍ ക്ലിനിക്കിന്റെ സേവനങ്ങള്‍ ലഭ്യമാകുക. ഈ ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് ഓഫിസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും.

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതില്‍ ലഭ്യമാവും. മിനി സ്പൈറോമീറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ക്ലിനിക്കുകള്‍ മൊബൈല്‍ റിപ്പോര്‍ട്ടിങ് സെന്ററുകളായും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ആസ്റ്റര്‍ പീസ് വാലി മൊബൈല്‍ ക്ലിനിക്കുമായി സഹകരിച്ചാവും ഒരു ക്ലിനിക്കിന്റെ പ്രവര്‍ത്തനം.

തിങ്കള്‍ മൊബൈല്‍ യൂനിറ്റ് ഒന്ന്

1. ചമ്പക്കര എസ്.എന്‍.ഡി.പി. ഹാളിന് സമീപം: രാവിലെ 9.30 മുതല്‍ 11 വരെ

2. വൈറ്റില കണിയാമ്പുഴ ഭാഗം: രാവിലെ 11 മുതല്‍ 12.30 വരെ

3. തമ്മനം കിസാന്‍ കോളനി: ഉച്ചക്ക് 12.30 മുതല്‍ 2 വരെ

4. പൊന്നുരുന്നി അര്‍ബന്‍ പിഎച്ച്‌സിക്ക് സമീപം: ഉച്ചക്ക് 2.30 മുതല്‍ 4.30 വരെ

മൊബൈല്‍ യൂനിറ്റ് രണ്ട്

1. വെണ്ണല അര്‍ബന്‍ പിഎച്ച്‌സിക്ക് സമീപം: രാവിലെ 9.30 മുതല്‍ 12.30 വരെ

2. എറണാകുളം പി ആന്റ് ടി കോളനി: ഉച്ചക്ക് 1.30 മുതല്‍ 2.30 വരെ

3. ഉദയ കോളനി: വൈകീട്ട് മൂന്ന് മുതല്‍ 4.30 വരെ

Tags:    
News Summary - Veena George said that mobile medical units will start functioning in Kochi from Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.