കൊച്ചി: കൊറോണ തുടങ്ങിയതു മുതൽ ചിലർക്ക് ഒടുക്കത്തെ സംശയമാണ്. എന്താണീ വൈറസ്? ഇത്രനാളും അവനെവിടെയായിരുന് നു? ഇപ്പോ പെട്ടെന്ന് മനുഷ്യന്മാരെ കൊല്ലാൻ ഏത് അധോലോകത്ത് നിന്നാണ് ഇവൻ ഇറങ്ങിവന്നത്??? തുടങ്ങി നൂറായിരം ചോദ്യങ്ങൾ. ഇതിനൊക്കെ മണിമണിപോലെ ഉത്തരം പറയുകയാണ് വിശ്വപ്രഭ എന്ന തൂലിക നാമത്തിൽ എഫ്.ബിയിൽ സജീവമായ വിശ്വനാഥൻ.
‘അതെ, പുരുഷു വീണ്ടും യുദ്ധത്തിന് കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്! എത്രയോ അങ്കങ്ങളിൽ തോൽക്കാൻ അവെൻറ ജന്മം ഇനിയും ബാക്കി!’ എന്ന തലക്കെട്ടിൽ ചൊവ്വാഴ്ച ഇദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനകം നിരവധിപേരാണ് പങ്കുവെക്കുകയും ലൈക്കടിക്കുകയും ചെയ്തത്. ‘‘മെഡിക്കൽ കോളജിലെ മൈക്രോബയോളജി ക്ലാസ്സുകളിൽ ആരെങ്കിലും ഇമ്യുണോളജിയും വൈറോളജിയും ഇങ്ങനൊക്കെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത് പഠിപ്പിച്ചിരുന്നെങ്കിൽ...’’ എന്നാണ് പോസ്റ്റിനെ കുറിച്ച് ആലപ്പുഴ മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ അഭിപ്രായപ്പെട്ടത്.
വിശ്വപ്രഭയുടെ പോസ്റ്റിൽ നിന്ന്:
ചോദ്യം: “ഈ പുത്തൻകൊറോണാവൈറസ് ചൈനയിൽ നിന്നു പൊട്ടിപ്പുറപ്പെട്ടു എന്ന് തീർത്തുപറയാൻ കഴിയുമോ? അതോ മുമ്പേ ഉണ്ടായിരുന്ന ഒരു വൈറസ് അനുകൂലസാഹചര്യത്തിൽ പെട്ടെന്ന് സജീവമായി എന്ന് കരുതണോ?”
ഉത്തരം: ഈ ഭൂമിയിൽ നിറയെ വൈറസുകളാണ്. എവിടെത്തിരിഞ്ഞൊന്നുനോക്കിയാലും (നമുക്കു കാണാൻ പറ്റില്ലെങ്കിലും) അവിടെല്ലാം വൈറസുകളും ബാക്ടീരിയകളും തന്നെ!
അവ പക്ഷേ പലതരമുണ്ട്.
ഒരു 10ന് ശേഷം അതിെൻറ പിന്നിൽ 30 പൂജ്യം ഇട്ട അത്രയും ഇനങ്ങൾ വൈറസുകൾക്ക് സാദ്ധ്യതയുണ്ടെന്നാണ് വൈറസുകളുടെ ഗണിതശാസ്ത്രക്കണക്ക്. അതായത് അത്രയും ജനിതക കോംബിനേഷനുകൾ ചേരുംപടി ചേർത്തുവെയ്ക്കാം. അവയിൽ ഓരോന്നിനും ഒരു വൈറസിെൻറ സ്വഭാവം ചേരും.
പക്ഷേ,
1. അവയിൽ ചിലതൊന്നും നിലനിൽക്കില്ല. അവയിലടങ്ങിയ തന്മാത്രകളുടെ ‘ടീംംവർക്ക്‘ അത്ര മികച്ചതാവില്ല. അതിനാൽ അവയെല്ലാം പരസ്പരം തല്ലിപ്പിരിഞ്ഞുപോവും.
2. ചിലത് ഇനിയും ഭൂജാതരായിട്ടില്ല. നാനൂറുകോടി കൊല്ലം കാത്തിരുന്നിട്ടും അത്തരം തന്മാത്രാ കോംബിനേഷനുകൾ ഇനിയുമുണ്ടായിട്ടില്ല. അഥവാ,
3. ഒരിക്കലോ പല തവണയോ അങ്ങനെയുണ്ടായവയിൽ മിക്കതും അത്രയും തവണ വംശനാശമുണ്ടായി ഒടുങ്ങിപ്പോയി. (അവ ഇനിയും വരാം).
4. കുറേയെണ്ണം ഇപ്പോഴും നിരുപദ്രവമായി മൃഗങ്ങളിലും മറ്റു ജീവികളിലുമൊക്കെയായി കഴിഞ്ഞുപോവുന്നു. യുദ്ധമാണവരുടെ മെയിൻ. പക്ഷെ ഈയിടെ കുറേകാലമായി ആ പുരുഷുമാർക്ക് യുദ്ധമില്ല. വെക്കേഷനാണ്.
5. ചിലത് മനുഷ്യരിൽ തന്നെ നിരുപദ്രവമായി അടങ്ങിയൊതുങ്ങിക്കഴിയുന്നു. നമ്മൾ തിന്നുന്നതിന്റെയും കുടിക്കുന്നതിെൻറയുമൊക്കെ ഒരു പങ്കുപറ്റി വീട്ടിലെ പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ അവയും പെറ്റുപെരുകി അവയുടെ പാടും നോക്കി നമുക്കുള്ളിൽ ജീവിക്കുന്നു.
ഇനിയും കുറേയെണ്ണം നമ്മുടെ ശരീരവുമായി ആദ്യമൊന്നേറ്റുമുട്ടി വലിയൊരു യുദ്ധവും നടത്തി ഒടുവിൽ തോൽവി സമ്മതിച്ച് നമ്മുടെത്തന്നെ ജീനുകളുടെ ഭാഗമായി, നമ്മുടെതന്നെ ജീവനായി, നമ്മുടെ ചങ്കും കരളും മുത്തുമായി ഇപ്പോഴും നമുക്കുള്ളിലുണ്ട്.
6. കാലക്രമത്തിൽ അവയിൽ ചിലതു നമ്മുടെ സ്വന്തം പോരാളികളായി മാറി.
7. മറ്റു ചിലത് നമ്മുടെ അടുക്കളജോലിക്കാരായി കിട്ടുന്ന ശമ്പളവും വാങ്ങി കഴിയുന്നു
8. പിന്നെയും ചിലത് തരം കിട്ടിയാൽ നമുക്കെതിരേ തിരിയാൻ തക്കംപാത്ത് തൽക്കാലം അടങ്ങിയൊതുങ്ങി നമ്മുടെ ഡി.എൻ.എ ചങ്ങലയ്ക്കുള്ളിൽ തന്നെ ഒരു ചെറിയ കണ്ണിക്കൂട്ടമായി, ചങ്ങലക്കഷ്ണമായി കഴിയുന്നു. (നമ്മുടെ DNAയുടെ പത്തുശതമാനത്തോളം അത്തരം പ്രാചീനവൈറസുകളെ ജപിച്ചുകെട്ടി പാലയിൽ ആണിയടിച്ചു ബന്ധിപ്പിച്ച യക്ഷിയാത്മാക്കളാണത്രെ!)
പോസ്റ്റിെൻറ പൂർണരൂപം വായിക്കാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.