ലളിതവും അതേസമയം ഫലപ്രദവുമായ വ്യായാമമാണ് നടത്തം. ഇതിെന്റ പ്രയോജനത്തെക്കുറിച്ച് ചിന്തിക്കാതെയാണ് നമ്മിൽ പലരും എല്ലാ ദിവസവും നടക്കുന്നത്. എന്നാൽ, ദിവസവും 10,000 ചുവടിൽ കൂടുതൽ നടക്കുന്നത് ആരോഗ്യത്തിന് അവിശ്വസനീയമായ ഗുണം ചെയ്യും
പതിവ് നടത്തം ശ്വാസകോശ ശേഷി ഗണ്യമായി വർധിപ്പിക്കും. ഓരോ ശ്വാസത്തിലും കൂടുതൽ ഓക്സിജൻ എടുക്കാൻ ഇത് സഹായിക്കും. ജേണൽ ഓഫ് കാർഡിയോപൾമണറി റീഹാബിലിറ്റേഷൻ ആൻഡ് പ്രിവൻഷനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, നടത്തം ശ്വസന പേശികളെ ശക്തിപ്പെടുത്തുകയും ശ്വാസകോശത്തിെന്റ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നടത്തത്തിെന്റ പ്രധാന ഗുണങ്ങളിലൊന്ന് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു എന്നതാണ്. ഒരു ദിവസം 10,000 ചുവടുകളെങ്കിലും നടക്കുന്നത് ഹൃദ്രോഗസാധ്യത 50 ശതമാനം വരെ കുറക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി.
പതിവുനടത്തം രക്തസമ്മർദവും കൊളസ്ട്രോളും കുറക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
സ്ട്രോക് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഓരോ ദിവസവും 10,000 അല്ലെങ്കിൽ അതിൽ കൂടുതൽ ചുവടുകൾ നടക്കുന്ന സ്ത്രീകൾക്ക് സ്ട്രോക് വരാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. ഗവേഷകർ ഒരു ദശാബ്ദക്കാലം 13,000 സ്ത്രീകളെ പിന്തുടർന്നാണ് പഠനം നടത്തിയത്. കൂടുതൽ നടക്കുന്നവർക്ക് പക്ഷാഘാത സാധ്യത 21 ശതമാനം കുറവാണെന്നാണ് കണ്ടെത്തൽ.
നടത്തം ടൈപ് 2 പ്രമേഹം വരാനുള്ള സാധ്യത കുറക്കും. ദിവസവും 10,000 ചുവടുകൾ നടക്കുന്നത് പ്രമേഹസാധ്യത ഗണ്യമായി കുറക്കുമെന്ന് ഡയബെറ്റോളജിയ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൂടുതൽ നടക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത 50 ശതമാനം കുറവാണ്. നടത്തം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും.
നടത്തം മാനസികാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മർദം കുറക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ദിവസവും 10 മിനിറ്റ് നടക്കുന്നത് വിഷാദത്തിെന്റയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. സമ്മർദം കുറച്ച് മനസ്സിന് ആശ്വാസം നൽകുന്ന എൻഡോർഫിൻ എന്ന ഹോർമോൺ നടത്തത്തിലൂടെ ഉൽപാദിപ്പിക്കപ്പെടുന്നു.
നടത്തം പോലെയുള്ള പതിവ് ശാരീരിക പ്രവർത്തനങ്ങൾ ഉറക്കത്തിെന്റ ഗുണനിലവാരവും ദൈർഘ്യവും മെച്ചപ്പെടുത്തും. ജേണൽ ഓഫ് ക്ലിനിക്കൽ സ്ലീപ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും (ദിവസം ഏകദേശം 10,000 ചുവടുകൾ) നടക്കുന്ന മുതിർന്നവർക്ക് മെച്ചപ്പെട്ട ഉറക്കം ലഭിക്കുന്നതായി പറയുന്നു. ഇവർ രാവിലെ കൂടുതൽ ഉന്മേഷം അനുഭവിക്കുകയും ചെയ്യുന്നു.
പതിവായി നടത്തം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ദിവസം കുറഞ്ഞത് 10,000 ചുവടുകളെങ്കിലും നടക്കുന്ന മുതിർന്നവർക്ക് ജലദോഷം പിടിക്കാനുള്ള സാധ്യത 43 ശതമാനം കുറവാണെന്ന് കണ്ടെത്തി. രക്തചംക്രമണം വർധിപ്പിക്കാനും സഹായിക്കും.
നടത്തത്തിനുള്ള സമയം നിങ്ങളുടെ ജോലിയുടെ സമയക്രമത്തെയും മറ്റ് വ്യക്തിഗത മുൻഗണനകളെയും ആശ്രയിച്ചിരിക്കുന്നു. രാവിലെയുള്ള നടത്തം ദിവസം മുഴുവൻ പ്രസരിപ്പോടെ ചെലവഴിക്കാൻ സഹായിക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ, രാവിലെ സമയം ലഭിക്കുന്നില്ലെങ്കിൽ വിഷമിക്കേണ്ട; ദിവസത്തിലെ ഏത് സമയവും നടക്കാൻ നല്ല സമയമാണ്. നിങ്ങൾക്ക് യോജിക്കുന്ന ഒരു സമയം കണ്ടെത്തി അതിൽ ഉറച്ചുനിൽക്കുക എന്നതാണ് പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.