ന്യൂഡൽഹി: കണ്ടംചെയ്യൽ നയം അഥവാ സ്ക്രാപ്പേജ് പോളിസിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. പഴയ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയവ വാങ്ങുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. വരുംവർഷങ്ങളിൽ ഇന്ത്യൻ വാഹന വ്യവസായ വിറ്റുവരവ് 30 ലക്ഷം കോടി രൂപയായി ഉയരുമെന്നും ഗഡ്കരി അവകാശപ്പെട്ടു.
2021-22 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കണ്ടംചെയ്യൽ നയം അനുസരിച്ച് സ്വകാര്യ വാഹനങ്ങൾ 20 വർഷത്തിന് ശേഷവും വാണിജ്യ വാഹനങ്ങൾ 15 വർഷം പൂർത്തിയാകുമ്പോഴും ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കണം. ടെസ്റ്റിൽ പരാജയപ്പെടുന്ന വാഹനങ്ങളെ ഉപേക്ഷിക്കേണ്ടിവരും. ഇങ്ങിനെ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുന്നവർക്ക് നിർമ്മാതാക്കളിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. പക്ഷെ അതിന്‍റെ വിശദവിവരങ്ങളിലേക്ക് മന്ത്രി കടന്നില്ല. സ്ക്രാപ്പിംഗ് നയം അനുഗ്രഹമായിത്തീരുമെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയും വാഹന മേഖലയ്ക്ക് ഗുണം ചെയ്യുകയും മലിനീകരണം കുറക്കുകയും ചെയ്യുമെന്നും മന്ത്രി പറയുന്നു.
പോളിസിയുടെ വിശദാംശങ്ങൾ ഉടൻ തന്നെ വെളിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഓട്ടോമേറ്റഡ് യന്ത്രങ്ങൾ ഉപയോഗിച്ചാവും പഴയവാഹനങ്ങൾ പരിശോധിക്കുക. ഇതിൽ മനുഷ്യന്‍റെ ഇടപെടൽ അനുവദിക്കില്ല. നയം സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുന്നുണ്ടെന്നും റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി ഗിരിധർ അരമനെ പറഞ്ഞു. ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റുകൾ ആരംഭിക്കുമെന്നും സ്ക്രാപ്പിംഗ് സെന്‍ററുകൾ ആരംഭിക്കുന്നതിന് സ്വകാര്യ പങ്കാളികൾക്കും സംസ്ഥാന സർക്കാരുകൾക്കും സഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.