കുറച്ചുകാലമായി വാഹന ഉടമകളും നാട്ടുകാരും ഒരുപോലെ ചോദിക്കുന്ന കാര്യമാണ് ഫോർഡ് രാജ്യം വിടുമോ എന്നത്. ഇന്ത്യയിലെ ഉത്പാദനം നിർത്തി പതിയെ പുറത്തുകടക്കാൻ ഫോർഡിന് ഉദ്ദേശമുണ്ടെന്നാണ് വാഹനലോകത്തെ അണിയറ സംസാരം. സാനന്ദ്, മറൈമല നഗർ എന്നിവിടങ്ങളിലെ നിർമാണ കേന്ദ്രങ്ങൾ ഫോർഡ് അടച്ചുപൂട്ടുമെന്നും തുടർന്ന് ഇന്ത്യവിടുമെന്നുമാണ് പറഞ്ഞുകേട്ടിരുന്നത്.
ഇൗ കുശുകുശുപ്പുകൾ സത്യമാണെന്ന് ഉറപ്പിക്കുന്ന വിവരം കഴിഞ്ഞദിവസം വാർത്താ ഏജൻസിയായ റോയിേട്ടഴ്സും പുറത്തുവിട്ടിരുന്നു. വിശ്വനീയമായ ഉറവിടങ്ങളിൽ നിന്നാണ് വിവരം ലഭിച്ചതെന്നാണ് റോയിേട്ടഴ്സ് പറയുന്നത്. ഇൗ വാർത്തകൾ ശരിവച്ചുകൊണ്ട് ഫോർഡ് ഇന്ത്യയിലെ ഉത്പ്പാദനം നിർത്തുകയാണെന്ന് ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ രണ്ട് നിർമാണ സംവിധാനങ്ങളും അടച്ചുപൂട്ടാനും കമ്പനി തീരുമാനിച്ചു.
ഫോർഡ് ഇന്ത്യ; ചരിത്രവും വർത്തമാനവും
1994ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യത്തെ മൾട്ടി-നാഷണൽ ഓട്ടോമോട്ടീവ് കമ്പനികളിൽ ഒന്നാണ് ഫോർഡ്. 27 വർഷമായി ഇൗ അമേരിക്കൻ കാർ നിർമാതാവ് ഇന്ത്യയിൽ അതിെൻറ പ്രവർത്തനം തുടരുന്നു. കുറേക്കാലമായി, ഇവിടെത്ത വാഹന നിർമാണവും വിൽപ്പനയും ഒട്ടും ലാഭകരമല്ല എന്നാണ് ഫോർഡ് വിലയിരുത്തുന്നത്. അതിനാലാണ് ഉത്പാദനം നിർത്തുന്നതെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു. ഇറക്കുമതിചെയ്ത സി.ബി.യു മോഡലുകൾ മാത്രമായിരിക്കും കമ്പനി ഇനി ഇന്ത്യയിൽ വിൽക്കുക. സാനന്ദ്, മറൈമല നഗർ പ്ലാൻറുകൾ അടച്ചുപൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. കയറ്റുമതി പ്രവർത്തനങ്ങളും അവസാനിപ്പിക്കും.
എന്തുകൊണ്ടാണ് ഫോർഡ് ഉത്പാദനം നിർത്തുന്നത്?
സാനന്ദ്, മറൈമലൈ നഗർ പ്ലാന്റുകളിൽ നിർമാണം അവസാനിപ്പിക്കുന്നതിന് രണ്ട് കാരണങ്ങളാണ് ഫോർഡ് ഇന്ത്യ പറയുന്നത്. പ്ലാൻറ് ശേഷിയുടെ പൂർണമായ വിനിയോഗം നിലവിൽ കുറവാണ് എന്നതാണ് ഒന്നാമത്തെ പ്രശ്നം. ഈ രണ്ട് ഫാക്ടറികളുംചേർന്ന് പ്രതിവർഷം 4,00,000 യൂനിറ്റുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ നിലവിൽ ഫോർഡിന് ആവശ്യം വർഷം 80,000 കാറുകൾ മാത്രമാണ്. ശേഷിയുടെ 20 ശതമാനം മാത്രമാണിത്. ഇതിൽതന്നെ പകുതിയും കയറ്റുമതി ചെയ്യാനുള്ളതാണ്. ഫോർഡിെൻറ വിൽപ്പന വളരെ കുറവാണെന്ന് ചുരുക്കി പറയാം.
സാനന്ദ് പ്ലാൻറ് ഫോഡിെൻറ ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നിർമിച്ചത്. പ്ലാൻറിൽ ഉത്പ്പാദിപ്പിക്കുന്ന വാഹനങ്ങൾക്കും അതുകൊണ്ടുതന്നെ വിലകൂടും. അതിനനുസരിച്ചുള്ള ലാഭം ഒരിക്കലും കിട്ടിയിട്ടില്ലെന്നും ഫോർഡ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഫോർഡിെൻറ ഏറ്റവും ജനപ്രിയ മോഡലുകളായ ഇക്കോസ്‌പോർട്ടും എൻഡവറും നിർമിച്ചിരുന്നത് മറായ്മല പ്ലാൻറിൽനിന്ന് മാത്രമാണ്. ഈ ഒരൊറ്റ പ്ലാൻറ് നിലനിർത്തുന്നത് പോലും സാമ്പത്തികമായി ലാഭകരമല്ലെന്നാണ് കമ്പനി പറയുന്നത്. കാലഹരണപ്പെട്ട വാഹനങ്ങൾ, കുറഞ്ഞ ആവശ്യകത, പുതിയ കമ്പനികളുടെ തള്ളിക്കയറ്റം എന്നിവ പരിഗണിക്കുമ്പോൾ ഇത് സത്യവുമാണ്.
മഹീന്ദ്രയുമായുള്ള കൂട്ട്
ഇന്ത്യയിൽ തുടരാൻ ഫോർഡിന് മറ്റെന്തെങ്കിലും ഓപ്ഷനുകൾ ഉണ്ടോ? ഇന്ത്യയിലെ ഏതെങ്കിലും കാർ നിർമ്മാതാക്കളുമായി സഹകരണത്തിലോ സംയുക്ത സംരംഭത്തിലോ (JV) പ്രവേശിക്കുക എന്നതായിരുന്നു ഫോഡിെൻറ ഒരേയൊരു സാധ്യത. അമേരിക്കൻ കാർ നിർമ്മാതാവ് 2019 ഒക്ടോബറിൽ ഒൗദ്യോഗിക പ്രഖ്യാപനവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി ഒരു സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. 2020 ഡിസംബർ 31 ന് ആ ഉടമ്പടി അവസാനിച്ചു. ഇതോടെ പ്ലാൻറുകൾ ഉപയോഗശൂന്യമായിതുടങ്ങി.
ഫോർഡ് ആരാധകരെ സംബന്ധിച്ചടുത്തോളം പ്രധാന പ്രതീക്ഷ ഫോർഡ് ഇപ്പോഴും ഇന്ത്യയിൽ സാന്നിധ്യം നിലനിർത്തുന്നു എന്നതാണ്. ഓസ്‌ട്രേലിയയിലും ബ്രസീലിലും ഉള്ളതുപോലെ പ്രധാന മോഡലുകൾ ഇറക്കുമതി ചെയ്യുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. മസ്താങ്, ബ്രോങ്കോ, മറ്റ് ഇലക്ട്രിക് വാഹനങ്ങൾ, ഇതിനകം ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന റേഞ്ചർ പിക്കപ്പ് ട്രക്ക് എന്നിവപോലുള്ള മോഡലുകൾ കൊണ്ടുവരുന്നതിൽ ഫോർഡ് ശ്രദ്ധ കേന്ദ്രീകരിക്കും. നിലവിൽ നിരത്തിലുള്ള വാഹനങ്ങൾക്ക് സർവ്വീസുകൾ തുടരുന്നതിന് എന്തെങ്കിലും പദ്ധതി കമ്പനി നടപ്പാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.